ചെങ്ങന്നൂർ: ഹിന്ദു വോട്ട് ഏകീകരണം തടയാനുള്ള ആദ്യഘട്ട ചർച്ച വിജയം; എന്നാൽ സജി ചെറിയാന് ആശ്വസിക്കാൻ വകയായില്ല

മണ്ഡലത്തിലെ ബിഡിജെഎസ് നേതാക്കൾ എൽഡിഎഫ് നേതാക്കളുമായി തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകീട്ട് അടവ്നയം സംബന്ധിച്ച് ചർച്ച നടത്തിയെങ്കിലും സജി ചെറിയാന് ആശ്വസിക്കാൻ വകയായിട്ടില്ല.

ചെങ്ങന്നൂർ: ഹിന്ദു വോട്ട് ഏകീകരണം തടയാനുള്ള ആദ്യഘട്ട ചർച്ച വിജയം; എന്നാൽ സജി ചെറിയാന് ആശ്വസിക്കാൻ വകയായില്ല

ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മുന്നണികൾ ഒരു ടീമായി സെറ്റ് ആയോ? അവരുടെ ഏതു തന്ത്രങ്ങൾ എത്ര മാത്രം വിജയിക്കും? എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഹിന്ദു വോട്ട് ഏകീകരണം ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെയും എൻഡിഎയുടെയും കണക്കുകൂട്ടൽ. സിപിഐഎം ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. സ്ഥാനാർത്ഥി പ്രഖ്യാപനമായിട്ടില്ലെങ്കിലും പി എസ് ശ്രീധരൻപിള്ളയെ വിജയിപ്പിക്കാൻ എൻഡിഎ നേതൃത്വവും ശ്രമം തുടങ്ങിയിട്ടുണ്ട്.

യുഡിഎഫ് സ്ഥാനാർത്ഥിയായ ഡി വിജയകുമാര്‍ ആദ്യമായാണ് മല്‍സര രംഗത്തെത്തുന്നത്. സജി ചെറിയാനും പി എസ് ശ്രീധരൻപിള്ളയും മത്സരിച്ച് പരാജയപ്പെട്ടവർ. തെരഞ്ഞെടുപ്പിനോട് അടുത്തുണ്ടാകുന്ന വിവിധ സാഹചര്യങ്ങളെ ഒഴിച്ച് നിർത്തിയാൽ, സാമുദായിക സമവാക്യങ്ങൾ, രാഷ്ട്രീയ ധാരണയുടെ അടിയൊഴുക്കുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിജയ പരാജയങ്ങൾ. കാരണം, സ്ഥിരമായി ഒരു മുന്നണിയെ മാത്രമേ വിജയിപ്പിക്കൂ എന്ന ശാഠ്യം ചെങ്ങന്നൂരിന് പൊതുവെ ഇല്ല.

അടവ് നയം മുൻപും ചെങ്ങന്നൂരിൽ മുന്നണികൾ പരീക്ഷിച്ചിട്ടുണ്ട്. യുഡിഎഫിന്റെ ജയസാധ്യത കുറയ്ക്കാനായി ശോഭനാ ജോർജ് സ്വതന്ത്രയായി മത്സരിച്ചത് ഒരു ഉദാഹരണം. ഇത്തവണ അതുണ്ടായില്ലെങ്കിൽ പോലും വർഗീയ കാർഡുമായി ബിജെപിയും സാമുദായിക വോട്ട് ഏകീകരണം ലക്‌ഷ്യം വച്ച് യുഡിഎഫും രംഗത്തുണ്ട്. 63% ഓളം ഹിന്ദുമത വോട്ടുകള്‍ മണ്ഡലത്തിലുണ്ട്- നായർ സമുദായമാണ് മുന്നിൽ. ഈഴവരും നിർണായക ഘടകം തന്നെ. ക്രിസ്ത്യൻ വിഭാഗം രണ്ടാം സ്ഥാനത്താണ്. അതായത്, ഹിന്ദുമത വോട്ടുകളുടെ പകുതി. ഓർത്തഡോക്സ് ക്രിസ്ത്യാനികളാണ് ചെങ്ങന്നൂരിലെ ക്രൈസ്തവരില്‍ ഭൂരിപക്ഷം. സജി ചെറിയാൻ ഓർത്തഡോക്സ് വിഭാഗക്കാരല്ലെങ്കിലും സഭ ഇത്തവണ തുണയായുണ്ടാവും എന്നാണ് പാർട്ടിയുടെ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനയച്ച റിപ്പോർട്ടിലുള്ളത്.

പിണറായിയോട് താല്പര്യമുള്ള തിരുമേനിയാണ് കോട്ടയത്തെ ഓർത്തഡോക്സ് ബാവ. ഹിന്ദു സവർണ്ണ സ്ഥാനാർത്ഥിയെ നിർത്താതെ സജി ചെറിയാനെ ഒന്ന് കൂടി മത്സരിപ്പിക്കാനും ഇത് തന്നെയാണ് കാരണം. അതേസമയം, വിജയകുമാറിനു വേണ്ടി കോട്ടയം ദേവലോകത്തെത്തി സഭാ വിശ്വാസിയായ ഉമ്മൻചാണ്ടിയും അപേക്ഷിക്കുന്നതോടെ സഭ ആർക്കൊപ്പം നിൽക്കുമെന്നതും നിർണായകമാണ്.

ചെങ്ങന്നൂര്‍ കാര്‍ഷിക ബാങ്ക് പ്രസിഡന്റായ വിജയകുമാര്‍, അയ്യപ്പ സേവാസംഘം ദേശീയ വൈസ് പ്രസി‍ഡന്റ് കൂടിയാണ്. സഭയുടെ വോട്ട് കൂടാതെ ഹിന്ദു വോട്ട് ഏകീകരണം മുതലാക്കുക, കേരള കോൺഗ്രസ്സിന്റെ പൂര്‍ണ പിന്തുണ ഉറപ്പാക്കുക എന്നിവയാണ് യുഡിഎഫ് അജണ്ട. കെ എം മാണിയെ ഒപ്പം കൂട്ടി കിട്ടുന്ന വോട്ടുകളും വേണമെന്ന കണക്കു കൂട്ടലിൽ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഇതിനകം കരുനീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പിനൊപ്പം ചേർന്ന് പ്രവർത്തിക്കണമെന്ന്‌ എ ഗ്രൂപ്പ് പ്രാദേശിക നേതാക്കളോട് ഉമ്മൻചാണ്ടി നേരിട്ട് നിർദ്ദേശവും നൽകി കഴിഞ്ഞു. ബിഡിജെഎസ് വോട്ടുകൾക്കായുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും ഉറപ്പു ലഭിച്ചിട്ടില്ലെന്നാണ് സൂചന.

അതേസമയം, ബിഡിജെഎസ് എൻഡിഎ വിടില്ലെന്ന് കുമ്മനത്തിനു പറയേണ്ടി വന്നു. എന്തുകൊണ്ട് ? കാരണം വ്യക്തം. തുഷാർ വെള്ളാപ്പള്ളിയെ ബിജെപി രാജ്യസഭാ തെരഞ്ഞെടുപ്പ് എന്ന യുദ്ധമുഖത്ത് നിന്നും ഒഴിവാക്കി. അതേ നാണയത്തിൽ അവർ തിരിച്ചടിച്ചാൽ ഉപതെരഞ്ഞെടുപ്പ് എന്ന യുദ്ധമുഖത്ത് നിന്ന് അടവ് നയവും പ്രതീക്ഷിക്കാം. ബിജെപിയുടെ പി.എസ്‌. ശ്രീധരന്‍പിള്ള കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും അതിനുശേഷം മണ്ഡലത്തിലേക്കു വന്നിട്ടില്ല എന്ന വെള്ളാപ്പള്ളി നടേശന്റെ കുറ്റപ്പെടുത്തലിൽ കത്തിപ്പടരുന്ന തീ കുമ്മനത്തെയും അനുയായികളെയും പൊള്ളിക്കുന്നുണ്ട്.

ചെങ്ങന്നൂരില്‍ പി.എസ്‌. ശ്രീധരന്‍പിള്ള ഉള്‍പ്പടെ ഒരു സ്‌ഥാനാര്‍ഥിയെയും പിന്തുണയ്‌ക്കേണ്ട ബാധ്യത എസ്‌.എന്‍.ഡി.പിക്കില്ല എന്നാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന. പക്ഷെ വോട്ട് ബാങ്ക് ഏതു മുന്നണിക്ക് എന്ന തീരുമാനം വെള്ളാപ്പള്ളി കൈക്കൊണ്ടിട്ടുണ്ട്. ചെങ്ങന്നൂരുകാരനായ സജി മണ്ഡലത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തിട്ടുള്ളയാളാണ്‌ എന്ന അഭിപ്രായം വെള്ളാപ്പള്ളി വെളിപ്പെടുത്തിയത് വെറുതെയല്ല.

അതിനിടെ, മണ്ഡലത്തിലെ ബിഡിജെഎസ് നേതാക്കൾ എൽഡിഎഫ് നേതാക്കളുമായി തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകീട്ട് അടവ്നയം സംബന്ധിച്ച് ചർച്ച നടത്തി. ചർച്ച ആദ്യഘട്ടത്തിലാണ്. കൂടിക്കാഴ്ച വിജയവുമായിരുന്നു. എങ്കിലും സജി ചെറിയാന് ആശ്വസിക്കാൻ വകയായിട്ടില്ല. കാരണം ഹിന്ദു വോട്ട് ഏകീകരണം എന്ന യുഡിഎഫിന്റെയും എൻഡിഎയുടെയും നീക്കം നൽകുന്ന ഭീഷണി അത്ര ചെറുതല്ല.

Read More >>