എൻസിപിയുടെ സമ്മർദ്ദത്തിൽ അലിഞ്ഞ് വീണ പിണറായി വിജയന്റെ ഇരട്ടചങ്ക്

യുഡിഎഫ് സർക്കാർ നടത്തിയ അഴിമതിക്കെതിരായ ജനവികാരം ഭരണത്തിൽ എത്തിച്ച ഇടതു സർക്കാർ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതിലൂടെ അക്ഷരാർത്ഥത്തിൽ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ നഷ്ടമാകുന്നത് പിണറായി വിജയന്റെ പ്രതിഛായ കൂടിയാണ്.

എൻസിപിയുടെ സമ്മർദ്ദത്തിൽ അലിഞ്ഞ് വീണ പിണറായി വിജയന്റെ ഇരട്ടചങ്ക്

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ചരിത്രത്തിൽ ഇന്ന് വരെയുണ്ടാവാത്ത ഒരു സാഹചര്യത്തിലൂടെയാണ് പിണറായി വിജയൻ സർക്കാർ കടന്ന് പോകുന്നത്. നിലപാടിന്റെ ദൃഡനിശ്ചയം മുഖമുദ്രയാക്കിയ പിണറായി വിജയനാണ് ഇപ്പോൾ തോമസ് ചാണ്ടിയുടെ രാജി കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ ഇത്രയും വെെകുന്നത്. കോടതി പോലും തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞിട്ടും അധികാരത്തിൽ തുടരാൻ അദ്ദേഹത്തിന് അവസരം നൽകുന്നത് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ അനുവാദമാണ്. രാജ്യത്ത് എൻസിപിയ്ക്കുള്ള ഏക മന്ത്രിയാണ് തോമസ് ചാണ്ടി. കായൽ കെെയ്യേറ്റത്തിൽ ആരോപണ വിധേയനായ തോമസ് ചാണ്ടി രാജിവെക്കുന്നതോടെ തങ്ങൾക്ക് മന്ത്രിയില്ലെന്ന സാഹചര്യമുണ്ടാവും. ഇതിനെ മറികടക്കാനാണ് എൻസിപി നടത്തിയ നീക്കം. ഇതിനാലാണ് തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉചിതമെന്ന് എൽഡിഎഫ് തീരുമാനിച്ചിട്ടും എൻസിപിയുടെ ദേശീയ നേതൃത്വം രാജിയിൽ ഉടൻ തീരുമാനമില്ലെന്ന് പറഞ്ഞത്.

ലെെം​ഗീക ആരോപണത്തെ തുടർന്ന് രാജിവെച്ച എൻസിപി മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെതിരായ പരാതി പിൻവലിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. പരാതി പിൻവലിച്ചാൽ അത് എകെ ശശീന്ദ്രന് വീണ്ടും മന്ത്രിയാവാൻ അവസരം ഒരുക്കുകയും ചെയ്യും. ഇതാണ് നിലവിൽ എൻസിപി പുറത്തെടുത്ത തന്ത്രം. തോമസ് ചാണ്ടി രാജിവെക്കുമ്പോൾ അവിടേയ്ക്ക് ശശീന്ദ്രരനെ തിരിച്ച് കൊണ്ട് വരുകയും ചെയ്യാം. ഇതിനായാണ് എൻസിപി രാജി നീട്ടികൊണ്ടു പോകുന്നത്. ഇടതു മന്ത്രിസഭയ്ക്ക് തോമസ് ചാണ്ടി വിഷയം നാണക്കേടായി മാറിയിട്ടും സിപിഐ പരസ്യ പ്രതിഷേധം ഉയർത്തിയിട്ടും നടപടിയെടുക്കാതെയിരിക്കുന്നത് യഥാർത്ഥത്തിൽ തകർക്കുന്നത് പിണറായി വിജയന്റെ പ്രതിഛായ കൂടിയാണ്. നിലപാടിന്റെ കാർക്കശ്യത്തിന് പ്രസിദ്ധനായ പിണറായി വിജയനാണ് ഇത്ര വലിയ അഴിമതി ആരോപണം ഉയർന്നിട്ടും തോമസ് ചാണ്ടിയെ പങ്കെടുപ്പിച്ച് കൊണ്ട് മന്ത്രി സഭായോ​ഗം നടത്തിയത്.

തോമസ് ചാണ്ടി രാജിവെച്ചില്ലെങ്കിൽ മന്ത്രി സഭായോ​ഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ അറിയിച്ചിരുന്നു. അതിന് ശേഷവും തീരുമാനമെടുക്കാൻ തയ്യാറാവാതെയിരുന്ന നിലപാടിൽ പ്രതിഷേധിച്ച് സിപിഐയുടെ നാല് മന്ത്രിമാരും യോ​ഗത്തിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തു. തോമസ് ചാണ്ടി രാജി വെച്ചില്ലെങ്കിൽ പിടിച്ച് പുറത്താക്കണമെന്ന് ഭരണഭരിഷ്കാര കമ്മീഷൻ ചെയർമാനായ വിഎസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു. ഇടതുമുന്നണി തോമസ് ചാണ്ടിയുടെ രാജിതീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെയാണ് ചുമതലപ്പെടുത്തിയത്. ആ പിണറായി വിജയനാണ് കോടതിയുടെ ഉത്തരവ് കിട്ടിയിട്ട് പ്രതികരിക്കാമെന്ന് പറയുന്നത്. യുഡിഎഫ് സർക്കാർ നടത്തിയ അഴിമതിക്കെതിരായ ജനവികാരം ഭരണത്തിൽ എത്തിച്ച ഇടതു സർക്കാർ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതിലൂടെ അക്ഷരാർത്ഥത്തിൽ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ നഷ്ടമാകുന്നത് പിണറായി വിജയന്റെ പ്രതിഛായ കൂടിയാണ്.

Read More >>