കരണം മറിഞ്ഞ് പിസി ജോർജ്; ബിജെപിക്ക് മതേതര മുഖമില്ല

വരുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎയുമായി ചേർന്ന് ജനപക്ഷം മത്സരിക്കുമെന്ന സൂചനകളും ഉണ്ടായിരുന്നു.

കരണം മറിഞ്ഞ് പിസി ജോർജ്; ബിജെപിക്ക് മതേതര മുഖമില്ല

ബിജെപിയോടുള്ള നിലപാടിൽ കരണം മറിഞ്ഞ് പൂഞ്ഞാർ എംഎൽഎയും ജനപക്ഷം ചെയർമാനുമായ പി സി ജോർജ്. ബിജെപിക്ക് മതേതര മുഖമില്ലെന്നാണ് പി സി ജോർജിന്റെ പുതിയ അഭിപ്രായം. അതിനാൽ തന്നെ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിക്കില്ലെന്നു ജോർജ് പറഞ്ഞു.

നേരത്തെ, ബിജെപിക്കൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നായിരുന്നു ജോർജ് പ്രഖ്യാപിച്ചിരുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിയമസഭയിൽ ബിജെപിയുമായി സഹകരിച്ചാണ് പി സി ജോർജ് പ്രവർത്തിച്ചതും. ഇതിനോടനുബന്ധിച്ച് നിയമസഭാ സമ്മേളനത്തില്‍ ബിജെപി എംഎൽഎ ഒ രാജഗോപാലിനൊപ്പം പി സി ജോർജ് കറുപ്പണിഞ്ഞെത്തുകയും ചെയ്തിരുന്നു.

മാത്രമല്ല, ഒ രാജ​ഗോപാലിനും തനിക്കും പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടിരുന്നു. നിയമസഭയ്ക്കു പുറത്തും ‌‌‌ സംഘപരിവാറിനും ബിജെപിക്കും അനുകൂല നിലപാടാണ് പി സി ജോർജ് ശബരിമല വിഷയത്തിൽ സ്വീകരിച്ചത്.

വരുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎയുമായി ചേർന്ന് ജനപക്ഷം മത്സരിക്കുമെന്ന സൂചനകളും ഉണ്ടായിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലോ കോട്ടയത്തോ സ്ഥാനാർത്ഥിയെ നിർത്താനുള്ള ആലോചനകൾ നടക്കുകയും ഇക്കാര്യം ബിജെപി നേതൃത്വവുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നിലപാടിൽ മലക്കംമറിഞ്ഞ് പി സി ജോർജ് രം​ഗത്തെത്തിയിരിക്കുന്നത്.

അടുത്തിടെ ഡൽഹിയിലെത്തിയ ജോർജ് സോണിയാ ​ഗാന്ധിയുമായി ചർച്ച നടത്താൻ ഡൽഹിയിൽ എത്തിയിരുന്നു. ഇത് ജോർജിന്റെ കാലുമാറ്റത്തിന്റെ സൂചനയാണെന്ന് വാർത്തകളുണ്ടായിരുന്നു. ജോർജ് യുഡിഎഫിലേക്കു പോകുന്നുവെന്നതിനുള്ള സൂചനയായാണ് ഇപ്പോഴത്തെ നിലപാട് മാറ്റത്തേയും രാഷ്ട്രീയനിരീക്ഷകർ നോക്കിക്കാണുന്നത്.