പാണക്കാട്ട് തങ്ങൾ നിയമക്കുരുക്കിലേക്ക്; കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനം

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പി കെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മുസ്ലീം വിഭാഗത്തിന്റെ ആത്മീയ ആചാര്യനായി അറിയപ്പെടുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നത് മുസ്ലിം സമൂഹത്തിൽ പെട്ടവരെ സ്വാധീനിക്കാനിടയാക്കും. ഇത് അഭിരാംസിംഗ്- സി ഡി കൊമാച്ചന്‍ കേസിലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണ്

പാണക്കാട്ട് തങ്ങൾ നിയമക്കുരുക്കിലേക്ക്; കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനം

പി കെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമെന്ന് വാദം. മുസ്ലീം സമുദായത്തിലെ ആത്മീയ ആചാര്യനായി അറിയപ്പെടുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ നിരവധി മതസംഘനകളുടെ തലവനുമാണ്. ആ നിലക്ക് അഭിരാംസിംഗ്- സി ഡി കൊമാച്ചന്‍ കേസിലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്തിലൂടെ സംഭവിച്ചതെന്ന വാദമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.

സ്ഥാനാര്‍ത്ഥിയുടെ സമ്മതപ്രകാരം ഏജന്റോ, മറ്റുള്ളവരോ പ്രത്യേക മതം, ജാതി, വര്‍ഗ്ഗം, ഭാഷ എന്നിവയിൽപ്പെട്ടവരെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നായിരുന്നു സുപ്രീം കോടതി വിധി. ഈ നിലയിൽ മുസ്‌ലിം ആത്മീയാചാര്യൻ കൂടിയായ തങ്ങൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് ചട്ടലംഘനമായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഈ മാസം ഒന്‍പതാം തിയതിയാണ് കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിലെ ലോക്‌സഭാ, നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിന് ശേഷം പതിനഞ്ചാം തിയതിയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ പി കെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. റംസാൻ മാസപ്പിറവിയുൾപ്പെടെ പ്രഖ്യാപിക്കുന്ന ആത്മീയ കേന്ദ്രമായ വീട്ടിൽ വച്ചാണ് സ്ഥാനാര്‍ത്ഥിപ്രഖ്യാപനം ഉൾപ്പെടെയുള്ളവ നടന്നത് എന്നതും ചട്ടലംഘനത്തിനു ആക്കം കൂട്ടുന്നു.

നിലവില്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന വൈസ്പ്രസിഡന്റും, ഇസ്ലാമിക ആത്മീയ സംഘടനയായ എസ്.വൈ.എസ് ഇകെ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റുമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. എസ്‌കെഎസ്എസ്എഫ് അടക്കമുള്ള സംഘടനകളുടെയും അവസാനവാക്ക് തങ്ങളുടേതാണ്. മുഹമ്മദ് നബിയുടെ പിന്മുറക്കാരെന്ന് അവകാശപ്പെടുന്ന പാണക്കാട്ട് തറവാട്ടിലേക്ക് നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ക്കായി എത്താറുണ്ട്. ഹൈദരാലി ശിഹാബ് തങ്ങള്‍ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് വിശ്വാസികളെ സ്വാധീനിക്കാനിടയാക്കിയേക്കും.

ഇത് ചട്ടലംഘനമാണെന്നു കണ്ടെത്തിയാൽ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കപ്പെടാൻ വരെ സാധ്യതയുണ്ട്. കൂടാതെ തങ്ങൾക്കോ തങ്ങൾ കുടുംബത്തിൽ പെട്ടവർക്കോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ സാധിക്കാതെയും വരും. ഇത് മുസ്‌ലിം ലീഗിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുക. പാർട്ടിയുടെ സമുന്നത നേതാവ് ഇ അഹമ്മദിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ മത്സരത്തെ സമകാലിക രാഷ്ട്രീയാന്തരീക്ഷത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് മുസ്ലിം ലീഗ് കാണുന്നത്.

Read More >>