വർഗീയ പ്രസംഗം നടത്തിയ നഗരസഭാ അധ്യക്ഷയ്ക്ക് പൂർണ പിന്തുണയുമായി വി കെ ശ്രീകണ്ഠൻ എംപി; കോൺഗ്രസ്സിൽ അസംതൃപ്തി പടരുന്നു

‘നമ്മുടെ ഹിന്ദുസമുദായങ്ങൾക്ക്‌ കൂട്ടായ്മയില്ല' എന്ന രീതിയിലായിരുന്നു പ്രസംഗം. ഇതിനായി അവർ വർഗീയതയിലൂന്നിയ നിരവധി ഉദാഹരണങ്ങളും ഇവർ നിരത്തിയിരുന്നു.

വർഗീയ പ്രസംഗം നടത്തിയ നഗരസഭാ അധ്യക്ഷയ്ക്ക് പൂർണ പിന്തുണയുമായി വി കെ ശ്രീകണ്ഠൻ എംപി; കോൺഗ്രസ്സിൽ അസംതൃപ്തി പടരുന്നു

വർഗീയ പ്രസംഗം നടത്തിയ ചെർപ്പുളശേരി നഗരസഭാ അധ്യക്ഷയും കോൺഗ്രസ്‌ നേതാവുമായ വി ശ്രീലജയ്‌ക്ക് പിന്തുണ നൽകി ഡിസിസി പ്രസിഡന്റുകൂടിയായ വി കെ ശ്രീകണ്ഠൻ എംപി. വർഗീയ പ്രസംഗ വിവാദത്തിൽ ശ്രീലജയ്‌ക്ക് പിന്തുണയുമായി ഹിന്ദുഐക്യവേദി രംഗത്ത് വന്നതിന്റെ പിന്നാലെയാണ് ശ്രീകണ്ഠനും ഇവർക്ക് പിന്തുണ നൽകിയിരിക്കുന്നത്. ഭൂരിപക്ഷ വർഗീയതയിലൂന്നിക്കൊണ്ട് രണ്ടു സമുദായങ്ങളെ താരതമ്യപ്പെടുത്തി ശ്രീലജ നടത്തിയ പ്രസംഗത്തിനെതിരെ പൊലീസ്‌ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ പാർട്ടിയിൽ ഇവർക്കെതിരെ എതിർപ്പ് ശക്തമാണ്. പാർട്ടിയിലെ ന്യുനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഈ സംഭവം വലിയ ചർച്ചയാണ്. ശ്രീലജയ്ക്ക് സംരക്ഷണം നൽകുന്ന വി കെ ശ്രീകണ്ഠന്റെ നടപടിക്കെതിരെ പാർട്ടിയിൽ അസംതൃപ്തി രൂക്ഷമാകുകയാണ്.

ചെർപ്പുളശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്ര സംഗീതോത്സവ ഉദ്ഘാടനവേദിയിൽ സെപ്‌തംബർ 29ന്‌ വൈകിട്ടായിരുന്നു ശ്രീലജയുടെ വിവാദ വർഗീയപ്രസംഗം. 'നമ്മുടെ സമുദായം' എന്ന വാക്കുകൾ ഉപയോഗിച്ച്‌ നടത്തിയ പ്രസംഗമാണ് വിവാദമായത്. വർഗീയമായി പറയുന്നു എന്നു ചിന്തിക്കരുത് എന്ന്‌ പ്രത്യേകം പരാമർശിച്ച് കൊണ്ട് രണ്ട്‌ സമുദായങ്ങളെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു ശ്രീലജയുടെ വർഗീയ പരാമർശങ്ങൾ. 'നമ്മുടെ ഹിന്ദുസമുദായങ്ങൾക്ക്‌' കൂട്ടായ്മയില്ല എന്ന രീതിയിലായിരുന്നു പ്രസംഗം. ഇതിനായി അവർ വർഗീയതയിലൂന്നിയ നിരവധി ഉദാഹരണങ്ങളും ഇവർ നിരത്തിയിരുന്നു.

വിവാദപ്രസംഗത്തിൽ നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ ഉമ്മർ ചെർപ്പുളശേരി സിഐക്ക് നൽകിയ പരാതിയിലാണ്‌ കേസെടുത്തത്‌. പ്രസംഗം മതസ്‌പർധയും വർഗീയവിദ്വേഷവും ജനിപ്പിക്കുന്നതാണെന്ന്‌ പൊലീസിന്‌ നിയമോപദേശം കിട്ടി. ഇന്ത്യൻ ശിക്ഷാനിയമം 153എ (സമാധാന അന്തരീക്ഷം തകർക്കുന്ന ഇടപെടൽ), 295എ (മതവികാരം വ്രണപ്പെടുത്തൽ) വകുപ്പുകൾ പ്രകാരമാണ് കേസ്‌. കുറ്റം തെളിഞ്ഞാൽ അഞ്ചുവർഷംവരെ തടവ്‌ ലഭിക്കാവുന്ന വകുപ്പുകളാണിവ. നിലവിൽ ഹൈക്കോടതിയെ സമീപിച്ച് മുൻ‌കൂർ ജാമ്യം നേടി അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കങ്ങളാണ് ശ്രീലജ നടക്കുന്നത്.

ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരായ നിലപാട് സ്വീകരിച്ചത് കൊണ്ട് ജനങ്ങൾ വിജയിപ്പിച്ച ഒരു കോൺഗ്രസ്സ് എംപി ഇത്തരത്തിൽ പെരുമാറുന്നത് പാർട്ടിയുടെ നിലപാടുകളോടുള്ള വെല്ലുവിളിയാണെന്ന് ഒരു പ്രാദേശിക കോൺഗ്രസ്സ് നേതാവ് നാരദയോട് പ്രതികരിച്ചു. നഗരസഭാ അധ്യക്ഷയ്ക്കെതിരെ സിപിഐഎം രാഷ്ട്രീയ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ചെയർപേഴ്‌സൺ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കൗൺസിലർമാർ വെള്ളിയാഴ്ച നഗരസഭായോഗം ബഹിഷ്‌കരിച്ചു.

Read More >>