ഷുഹൈബിന്റെ കൊലപാതകം: പാര്‍ട്ടി പ്രവര്‍ത്തകർക്ക് ബന്ധമുണ്ടെങ്കിൽ നടപടിയെന്ന് പി ജയരാജൻ

രമേശ് ചെന്നിത്തല പറയുന്ന "ചുവപ്പ് ഭീകരത" എന്ന ആക്ഷേപം രാജ്യത്ത് സംഘപരിവാരം സിപിഐഎമ്മിനു നേരെ ഉയര്‍ത്തിയ ആക്ഷേപമാണ്. ഈ മുദ്രാവാക്യം ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവായിട്ടുള്ള രമേശ് ചെന്നിത്തല കൂടി ഏറ്റെടുത്തിരിക്കുകയാണ്.

ഷുഹൈബിന്റെ കൊലപാതകം: പാര്‍ട്ടി പ്രവര്‍ത്തകർക്ക് ബന്ധമുണ്ടെങ്കിൽ നടപടിയെന്ന് പി ജയരാജൻ

മട്ടന്നൂരിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർക്ക് ബന്ധമുണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജൻ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയാക്കിയ അക്രമത്തെ സിപിഐഎം ശക്തമായി അപലപിക്കുന്നു. ഈ അക്രമ സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് എടയന്നൂര്‍ ലോക്കല്‍ കമ്മറ്റി നേരത്തെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കി.

ഒരക്രമത്തെയും അനുകൂലിക്കുന്ന പ്രസ്ഥാനമല്ല സിപിഐഎം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അക്രമണങ്ങള്‍ക്ക് വിധേയമായിട്ടുള്ള പാര്‍ട്ടിയാണിത്. രമേശ് ചെന്നിത്തല പറയുന്ന "ചുവപ്പ് ഭീകരത" എന്ന ആക്ഷേപം രാജ്യത്ത് സംഘപരിവാരം സിപിഐഎമ്മിനു നേരെ ഉയര്‍ത്തിയ ആക്ഷേപമാണ്. സിപിഐഎമ്മിനെ അടിച്ചമര്‍ത്തുന്നതിനായി കേന്ദ്രത്തിലെ ബിജെപി സർക്കാരും ആർഎസ്എസ് സംഘപരിവാരവും അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പ്രചരണമാണത്.

ഈ മുദ്രാവാക്യം ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവായിട്ടുള്ള രമേശ് ചെന്നിത്തല കൂടി ഏറ്റെടുത്തിരിക്കുകയാണ്. സിപിഐഎമ്മിനെ ആക്രമിക്കുന്ന കാര്യത്തില്‍ സംഘപരിവാറും കോണ്‍ഗ്രസും തമ്മില്‍ എത്രമാത്രം യോജിപ്പാണ് എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.

ഇന്നലെ അർധരാത്രി മട്ടന്നൂരിനു സമീപം എടയന്നൂരിനടുത്ത് തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബ് കൊല്ലപ്പെട്ടത്. രാത്രി 11.30ഓടെ തെരൂരിലെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ ഓംനി വാനിലെത്തിയ സംഘം ബോംബെറിയുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോടെ ആശു​പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. 37 വെട്ടുകളാണ് ഷുഹൈബിന്റെ ശരീരത്തിൽ ഏറ്റതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കൊലപാതകത്തിനു പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് കോൺ​ഗ്രസ് ആരോപിച്ചിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് ജില്ലയിൽ ഹർത്താൽ ആചരിക്കുകയാണ്.

Read More >>