സ്വയം മഹത്വവൽക്കരണം: അച്ചടക്ക നടപടി ശരിവച്ച് പി ജയരാജൻ; വിമർശനം ഉൾക്കൊണ്ട് പ്രവർത്തിക്കും

ജയരാജനെ പ്രകീർത്തിച്ച് ഇറങ്ങിയ ഡോക്യുമെന്ററിയും സംഗീത ആൽബവും മറ്റും പരിഗണിച്ചാണ് പാർട്ടിയുടെ നടപടി. എന്നാൽ പാർട്ടി ഘടകത്തിലെ ഏത് പ്രവർത്തകനെയും പാർട്ടിക്ക് വിമർശിക്കാം. വിമർശനവും സ്വയം വിമർശനവുമില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയില്ലെന്ന് ജയരാജൻ വിശദമാക്കി.

സ്വയം മഹത്വവൽക്കരണം: അച്ചടക്ക നടപടി ശരിവച്ച് പി ജയരാജൻ; വിമർശനം ഉൾക്കൊണ്ട് പ്രവർത്തിക്കും

സ്വയം പുകഴ്ത്തുന്ന ഡോക്യുമെന്ററിയും സംഗീത ആല്‍ബവും തയ്യാറാക്കിയെന്ന പേരില്‍ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചില്ലെന്ന സിപിഐഎം പ്രചാരണം തെറ്റ്. നടപടി ശരിവച്ച് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ രം​ഗത്തെത്തി. പാർട്ടിയുടെ വിമർശനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്നു പറഞ്ഞ പി ജയരാജൻ വളർത്തിയ പാർട്ടിക്ക്, തന്നെ വിമർശിക്കാനുള്ള അധികാരമുണ്ടെന്നും വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജൻ.

പി ജയരാജൻ സ്വയം മഹത്വവൽക്കരിക്കുന്നു, പാര്‍ട്ടിക്ക് അതീതനായി വളരാനുള്ള നീക്കം അനുവദിക്കാനാകില്ല എന്നതായിരുന്നു സംസ്ഥാന സമിതിയിൽ ഉണ്ടായ വിമർശനം. ജയരാജനെ പ്രകീർത്തിച്ച് ഇറങ്ങിയ ഡോക്യുമെന്ററിയും സംഗീത ആൽബവും മറ്റും പരിഗണിച്ചാണ് പാർട്ടിയുടെ നടപടി. എന്നാൽ നടപടിയുണ്ടായെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അതിൽ വിശ്വസിക്കരുതെന്നുമുള്ള പ്രചാരണങ്ങൾ പാർട്ടി പ്രവർത്തകർ നടത്തിയിരുന്നു. ജയരാജനെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല എന്ന തരത്തിൽ ദേശാഭിമാനി റെസി‍ഡന്റ് എഡിറ്റർ പി എം മനോജ് തന്നെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. എന്നാൽ തനിക്കെതിരായ നടപടി പി ജയരാജൻ ശരിവച്ചതോടെ ഇതെല്ലാം അസ്ഥാനത്താവുകയാണ്.

പാർട്ടി ഘടകത്തിലെ ഏത് പ്രവർത്തകനെയും പാർട്ടിക്ക് വിമർശിക്കാം. വിമർശനവും സ്വയം വിമർശനവുമില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയില്ലെന്ന് ജയരാജൻ വിശദമാക്കി. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തത് മാധ്യമങ്ങളോട് പങ്കുവയ്ക്കാന്‍ സാധിക്കില്ല. ഏതു ഘട്ടത്തിൽ പ്രവർത്തിക്കുന്ന അംഗത്തെയും പാർട്ടിക്കു വിമർശിക്കാമെന്നും ജയരാജൻ പറഞ്ഞു.

അതേസമയം, താൻ സംസ്ഥാന സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയെന്ന വാദം തെറ്റാണെന്ന് പി ജയരാജൻ അഭിപ്രായപ്പെട്ടു. കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് മാത്രമായി ഒരു പ്രത്യേകതയുമില്ല. സംസ്ഥാന കമ്മിറ്റി തീരുമാനിച്ച കാര്യങ്ങളാണ് കണ്ണൂർ ജില്ലാ കമ്മിറ്റി നടപ്പാക്കുന്നത്. മാത്രമല്ല, തന്നോട് ആലോചിച്ചിട്ടല്ല ആൽബം തയ്യാറാക്കിയതെന്ന വാദം ഇന്നും പി ജയരാജൻ ആവർത്തിച്ചു. സ്വയം വിമര്‍ശനം നടത്തി ഉള്‍ക്കൊള്ളേണ്ട കാര്യങ്ങൾ ഉള്‍ക്കൊള്ളുമെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.

കണ്ണൂര്‍ പുറച്ചേരിയിലെ ഗ്രാമീണ കലാവേദിയാണ് ജയരാജനെ കുറിച്ചുള്ള പാട്ടുകള്‍ ആല്‍ബമാക്കിയത്. പാര്‍ട്ടി സമ്മേളനങ്ങളെ സ്വാധീനിക്കുകയാണ് ലക്ഷ്യമെന്ന് ദുഷ്‌കീര്‍ത്തി ഉയര്‍ന്നിട്ടും തള്ളിപ്പറയാന്‍ ജയരാജന്‍ തയ്യാറായിരുന്നില്ല. ജയരാജന്റെ ഇത്തരം പ്രവൃത്തികള്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ ഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു.

Read More >>