ബയോ പിക് ഇറക്കി അടുത്ത മുഖ്യനാകാൻ ഉമ്മൻ ചാണ്ടി; വൈഎസ്ആറിന് പിന്നാലെ ഓസിയുടെ വേഷത്തിൽ മമ്മൂട്ടിയെത്തും

'യാത്ര' സിനിമ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ സ്വാധീനം നേരിട്ട് മനസ്സിലാക്കിയതിനാലാണ് ഉമ്മൻ ചാണ്ടി മമ്മൂട്ടിയെ വച്ച് തന്നെ കേരളത്തിൽ പരീക്ഷണത്തിന് ഒരുങ്ങുന്നതെന്നാണ് സൂചനകൾ.

ബയോ പിക് ഇറക്കി അടുത്ത മുഖ്യനാകാൻ ഉമ്മൻ ചാണ്ടി; വൈഎസ്ആറിന് പിന്നാലെ ഓസിയുടെ വേഷത്തിൽ മമ്മൂട്ടിയെത്തും

അടുത്ത മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ആത്മകഥാംശമുള്ള ബയോ പിക് പുറത്തിറക്കാൻ ഉമ്മൻ ചാണ്ടി. നേരത്തെ മുഖ്യമന്ത്രിയായിരിക്കെ നടന്ന ചില സംഭവങ്ങൾ ആധാരമാക്കിയായിരിക്കും സിനിമ. മമ്മൂട്ടിയാണ് ഉമ്മൻ ചാണ്ടിയുടെ വേഷത്തിൽ എത്തുന്നത്. ആന്ധ്രയിലെ കോൺഗ്രസ്സ് നേതാവായിരുന്ന വൈഎസ്ആറിന്റെ വേഷത്തിൽ അഭിനയിച്ച ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ബയോ പിക് കൂടിയാകും ഇത്. ജനസമ്പർക്ക പരിപാടിയുൾപ്പെടെയുള്ളവയുടെ പരാമർശത്തോടെയാകും ഉമ്മൻ ചാണ്ടിയെയെക്കുറിച്ചുള്ള സിനിമയെന്ന് സൂചനകളുണ്ട്. പൂർണമായും സെക്രട്ടറിയേറ്റിന്റെയും തിരുവനന്തപുരത്തിന്റെയും പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന സിനിമ ഉമ്മൻ ചാണ്ടി ജനകീയ മുഖ്യമന്ത്രിയാണെന്ന് പറഞ്ഞു വെക്കുന്ന നിലയിലാവും ഒരുക്കുക.

വൈ എസ് രാജശേഖര റെഡ്ഢിയുടെ ബിയോപിക് ആയ 'യാത്ര' ആന്ധ്രയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിലാണ് വൈഎസ്ആറിന്റെ മകൻ ജഗൻമോഹൻ റെഡ്ഢി അധികാരത്തിലെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആന്ധ്രയുടെ ചുമതലയുണ്ടായിരുന്നത് ഉമ്മൻ ചാണ്ടിക്കാണ്. 'യാത്ര' സിനിമ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ സ്വാധീനം നേരിട്ട് മനസ്സിലാക്കിയതിനാലാണ് ഉമ്മൻ ചാണ്ടി മമ്മൂട്ടിയെ വച്ച് തന്നെ കേരളത്തിൽ പരീക്ഷണത്തിന് ഒരുങ്ങുന്നതെന്നാണ് സൂചനകൾ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് അനുബന്ധിച്ച് നരേന്ദ്ര മോദിയുടെ ആത്മകഥ പറയുന്ന വെബ് സീരീസും ബയോ പിക്കും ഇറങ്ങിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് റിലീസ് ചെയ്യുന്ന നിലയിലായിരിക്കും ഉമ്മൻ ചാണ്ടി സിനിമയും തയ്യാറാക്കുക.

ഉമ്മൻ ചാണ്ടിയുമായി അടുത്ത വ്യക്തിബന്ധമുള്ള ബോബി- സഞ്ജയ് ടീം ആണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മമ്മൂട്ടിയും ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വണ്‍ എന്നാണ് സിനിമയുടെ പേരെന്ന് റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍, മുരളി ഗോപി എന്നിവരാകും ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും.

Read More >>