രാഹുൽ ഈശ്വറല്ല, രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്റെ നേതാവ്: വി ടി ബൽറാം

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതാണ് തന്റെ വ്യക്തിപരമായ കാഴ്ചപ്പാടെന്ന് ബൽറാം പറയുന്നു.

രാഹുൽ ഈശ്വറല്ല, രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്റെ നേതാവ്: വി ടി ബൽറാം

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ ബിജെപി-ആർഎസ്എസ് നിലപാടിനൊപ്പം നിൽക്കുന്ന കോൺ​ഗ്രസുകാർക്കെതിരെ തൃത്താല എംഎൽഎ വി ടി ബൽറാം. രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവെന്ന് ഓർക്കണമെന്ന് ബൽറാം തുറന്നടിച്ചു.

പാർട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ചിലർക്ക് പാർട്ടിയുടെ ആശയപരമായ ലെഗസിയേക്കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ടെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതാണ് തന്റെ വ്യക്തിപരമായ കാഴ്ചപ്പാടെന്ന് ബൽറാം പറയുന്നു. അത് അതേപടി നിലനിർത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉൾക്കൊണ്ട് നിലപാടെടുക്കാനുള്ള കോൺഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നു. പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വർഗീയമായി നെടുകെപ്പിളർക്കാനുള്ള ഒരവസരമാക്കി മാറ്റുകയാണ് സംഘപരിവാറും സർക്കാരുമെന്നും അതിനെ തുറന്നു കാട്ടേണ്ടതുണ്ടെന്നും ബൽറാം പറയുന്നു.

എന്നാൽ അതിനപ്പുറം ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ല. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്സ് നിർത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്നും ബൽറാം ചൂണ്ടിക്കാട്ടുന്നു. ശബരിമല വിഷയത്തിൽ ഇതുവരെ മൗനം പാലിച്ചിരുന്ന ബൽറാം ഇതാദ്യമായാണ് പ്രതികരിക്കുന്നത്.

Read More >>