'ഞാൻ മാണി സാറിന്റെ മകൾ'; അതാണ് മത്സരിക്കാനുള്ള യോഗ്യതയെന്ന് നിഷ ജോസ് കെ മാണി

''ജീവിതത്തിൽ ഏറ്റവും കൂടുതൽ കാലം കഴിഞ്ഞതും മാണി സാർ താമസിച്ചിരുന്ന പാലായിലെ വീട്ടിൽ തന്നെയാണ്. 25 വർഷത്തോളം മാണി സാറിന്റെ ഒപ്പം നിൽക്കുന്നുണ്ടായിരുന്നു. അതിനാൽ തന്നെ 'മാണി സാറിന്റെ മോളായതു കൊണ്ട്' എന്ന ഒറ്റ വരി മതി യോഗ്യതയ്ക്ക്''

ഞാൻ മാണി സാറിന്റെ മകൾ; അതാണ് മത്സരിക്കാനുള്ള യോഗ്യതയെന്ന് നിഷ ജോസ് കെ മാണി

പാലാ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി തന്റെ പേര് ഉയർന്നു വരുന്നത് 'മാണി സാറിന്റെ മകൾ' എന്ന നിലയിലാണെന്ന് നിഷ ജോസ് കെ മാണി നാരദാ ന്യൂസിനോട് പറഞ്ഞു. മരുമകൾ എന്നതിലുപരി മകളെ പോലെയാണ് മാണി സാറിന്റെ വീട്ടിൽ കഴിയുന്നത് എന്നും അവർ വ്യക്തമാക്കി. തന്റെ യോഗ്യത എന്ത് എന്നും വിജയ സാധ്യത ഉണ്ടോ എന്നും അന്വേഷിക്കുന്ന നേതാക്കൾക്കുള്ള മറുപടി എന്ന നിലയിലാണ് നിഷയുടെ പ്രതികരണം.

'എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാലം കഴിഞ്ഞതും മാണി സാർ താമസിച്ചിരുന്ന പാലായിലെ വീട്ടിൽ തന്നെയാണ്. 25 വർഷത്തോളം മാണി സാറിന്റെ ഒപ്പം നിൽക്കുന്നുണ്ടായിരുന്നു. അതിനാൽ തന്നെ 'മാണി സാറിന്റെ മോളായതു കൊണ്ട്' എന്ന ഒറ്റ വരി മതി യോഗ്യതയ്ക്ക്'. അല്ലാതെ പാർട്ടിയിൽ മെമ്പർഷിപ്പ് ഉള്ളത് കൊണ്ടോ രാഷ്ട്രീയ രംഗത്ത് പരിചയ സമ്പത്തുള്ളത് കൊണ്ടോ ഒന്നും അല്ലെന്നും നിഷ ജോസ് കെ മാണി നാരദാ ന്യൂസിനോട് പറഞ്ഞു.

സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. പാർട്ടിക്ക് മറ്റു ഓപ്‌ഷനുണ്ടെങ്കിൽ ആകാം. പാർട്ടി ഔദ്യോഗികമായി തീരുമാനിച്ചാൽ മാത്രമല്ലാതെ താൻ സ്ഥാനാർത്ഥിയാകുമോ എന്ന് പറയാനാകില്ല എന്നും നിഷ വിശദീകരിച്ചു.

പാലായിൽ വിജയ സാധ്യതയുള്ള സ്ഥാനാർഥിക്ക് മുഖ്യ പരിഗണന നൽകുമെന്നും സെപ്റ്റംബർ 1 ന് യോഗം ചേർന്ന് സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും കേരള കോൺഗ്രസ്(എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ വ്യക്തമാക്കിയിരുന്നു. അതേസമയം സ്ഥാനാർഥി നിർണയം സംബന്ധിച്ച് പ്രവർത്തകരുടെ അഭിപ്രായം തോമസ് ചാഴികാടൻ സമിതി തേടി. നിഷ ജോസ് കെ മാണി മത്സരിക്കണമെന്ന അഭിപ്രായമായിരുന്നു ഭൂരിപക്ഷവും പങ്കുവച്ചത് എന്നാണ് വിവരം. യൂത്ത് ഫ്രണ്ടും നിഷയെ പിന്തുണയ്ക്കുന്നു. കേരള കോൺഗ്രസ്സ് (എം) സ്റ്റിയറിങ് കമ്മിറ്റി അനൗദ്യോഗിക യോഗത്തിലും നിഷ സ്ഥാനാർഥിയാകണമെന്നാണ് ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടത്. സ്ഥാനാർത്ഥി നിർണയത്തിന് തോമസ് ചാഴികാടൻ എംപിയുടെ നേതൃത്വത്തിൽ ഏഴംഗ സമിതിയെയായിരുന്നു നിയോഗിച്ചിരിക്കുന്നത്.