ചൂടുപിടിച്ച് കർണാടക രാഷ്ട്രീയം; നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രമുഖ പാർട്ടികൾക്ക് വെല്ലുവിളിയുയർത്തി പുതിയ പാർട്ടികൾ അങ്കത്തിനിറങ്ങുന്നു

കോൺഗ്രസ്സും ബിജെപിയും ബലാബലം നടത്തുമ്പോൾ ചെറിയ പാർട്ടികൾ നേടുന്ന വോട്ട് നിർണായകമാകും. പ്രാദേശിക കന്നഡിക മേഖലകളിലും ജാതിക്കൂട്ടങ്ങളിലും സ്വാധീനമുള്ളവരാണ് ചെറിയ കക്ഷികളുടെ തലപ്പത്തുള്ളത് എന്നതിനാൽത്തന്നെ ഓരോരുത്തരുടെയും നീക്കങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതിൽ തർക്കമില്ല.

ചൂടുപിടിച്ച് കർണാടക രാഷ്ട്രീയം; നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രമുഖ പാർട്ടികൾക്ക് വെല്ലുവിളിയുയർത്തി പുതിയ പാർട്ടികൾ അങ്കത്തിനിറങ്ങുന്നു

ആസന്നമായ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനും തിരിച്ചുപിടിക്കാനുമുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും ശ്രമങ്ങൾക്കൊപ്പം പുതിയ പാർട്ടികളും അങ്കത്തിനൊരുങ്ങുന്നു. പുതുതായി രൂപീകരിക്കപ്പെട്ട എട്ടോളം പാർട്ടികൾക്കൊപ്പം ഭാഗ്യപരീക്ഷണത്തിനു ആം ആദ്മി പാർട്ടിയുമുണ്ട്.

ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് നടപടികൾക്കെതിരെയും അതോടൊപ്പം കോൺഗ്രസ് സർക്കാരിന്റെ അഴിമതിയും ക്രമക്കേടുകളും തുറന്നുകാട്ടികൊണ്ടും തെരഞ്ഞെടുപ്പിനിറങ്ങാനാണ് ആം ആദ്മി ഒരുങ്ങുന്നത്. എഴുപതു സീറ്റുകളിൽ മത്സരിക്കാനാണ് ആം ആദ്മി പാർട്ടി ഉദ്ദേശിക്കുന്നത്. നഗരപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. ബെംഗളൂരു നഗര മേഖലയിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള നീക്കം ഇപ്പോഴേ ആരംഭിച്ചു. നഗരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തി 'ഡൽഹി മോഡൽ' വിജയം ഉറപ്പിക്കാനാകുമെന്നാണ് ആം ആദ്മിയുടെ കണക്കുകൂട്ടൽ.

ആം ആദ്മിവിട്ട യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും രൂപീകരിച്ച സ്വരാജ് ഇന്ത്യയും കന്നി പോരാട്ടത്തിനിറങ്ങുന്നുണ്ട്. കന്നഡ സാഹിത്യകാരൻ ദേവനൂര മഹാദേവയും സർവോദയ കർണാടക പാർട്ടി എംഎൽഎ കെ എസ് പുട്ടണയ്യയും സ്വരാജ് ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്നത് ശ്രദ്ധേയമാണ്. പാണ്ഡവപുരയിൽ കെ എസ് പുട്ടണയ്യക്ക് വിജയമുറപ്പാക്കാനാവും എന്നതിനാൽ ഒരു സീറ്റ് ഉറപ്പിച്ചിരിക്കുകയാണ് സ്വരാജ് ഇന്ത്യ. ഓൾഡ് മൈസൂരു മേഖലയിൽ പത്ത് മുതൽ പതിനഞ്ചു സീറ്റിൽ വരെ സ്ഥാനാർത്ഥികളെ നിർത്താനാണ് സ്വരാജ് ഇന്ത്യയുടെ ഇപ്പോഴത്തെ തീരുമാനം.

കന്നഡ 'റിയൽ സ്റ്റാർ' ഉപേന്ദ്ര കഴിഞ്ഞ ദിവസം രൂപീകരിച്ച 'കർണാടക പ്രജ്ഞവന്തര ജന പക്ഷ' പാർട്ടിയും മത്സരത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ്. താഴേ തട്ടിൽ പാർട്ടി സംവിധാനങ്ങൾ ഒന്നും തന്നെ ഇതുവരെ ഒരുങ്ങിയിട്ടില്ലെങ്കിലും 224 സീറ്റിലും പാർട്ടി മത്സരിക്കുമെന്ന് പാർട്ടി പ്രഖ്യാപനവേളയിൽ തന്നെ ഉപേന്ദ്ര പറഞ്ഞിരുന്നു. തന്റെ ആരാധകരെ ഒപ്പം നിർത്തി കർണാടകം പിടിക്കാനുള്ള ഒരുക്കത്തിലാണ് ഉപേന്ദ്ര.

കോൺഗ്രസ് വിമതനും കോളാർ എംഎൽഎയുമായ വർതൂർ പ്രകാശ് 'നമ്മ കോൺഗ്രസ്' എന്ന പുതിയ പാർട്ടി രൂപീകരിച്ച് മതസരത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ്. ന്യൂന പക്ഷങ്ങളെയും ദരിദ്രരെയും ദളിതരെയും പ്രതിനിധാനം ചെയ്തുകൊണ്ട് മാന്ധ്യ, കോളാർ, ചിക്കബല്ലപുര മേഖലകളിൽ മത്സരിക്കാനാണ് 'നമ്മ കോൺഗ്രസിന്റെ' നീക്കം. ബിജെപിയുമായുള്ള പോരാട്ടത്തിൽ കോൺഗ്രസിന് 'നമ്മ കോൺഗ്രസ്' വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വലംകൈയായിരുന്ന വർതൂർ പ്രകാശ് പാർട്ടിക്ക് വെല്ലുവിളിയാകുന്നത് കോൺഗ്രസ് കേന്ദ്രങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

മുൻ ഡിവൈഎസ്‌പി അനുപമ ഷേണായ് നവംബർ ഒന്നിന് 'ഭാരതീയ ജനശക്തി കോൺഗ്രസ്' എന്ന തന്റെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം നേടുന്ന മുറക്ക് സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് അനുപമയ്ക്കും ഒരുങ്ങുന്നത്. നിതീഷ് കുമാറുമായി തെറ്റിപ്പിരിഞ്ഞെത്തിയ ജെഡിയു ശരത് യാദവ് വിഭാഗവും തെരഞ്ഞെടുപ്പിലിറങ്ങാനുള്ള ഒരുക്കത്തിലാണ്. ജെഡിയു മുൻ സംസ്ഥാന അധ്യക്ഷൻ എം പി നാദഗൗഡയും മുൻ ലോക്സഭാംഗം കോതണ്ഡരാമയ്യയും ശരത് യാദവ് വിഭാഗമായി ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് നാദഗൗഡ ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു.

കോൺഗ്രസ്സും ബിജെപിയും ബലാബലം നടത്തുമ്പോൾ ചെറിയ പാർട്ടികൾ നേടുന്ന വോട്ട് നിർണായകമാകും. മറ്റു പരമ്പരാഗത പാർട്ടികൾക്കും പുതിയ കക്ഷികൾ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. പ്രാദേശിക കന്നഡിക മേഖലകളിലും ജാതിക്കൂട്ടങ്ങളിലും സ്വാധീനമുള്ളവരാണ് ചെറിയ കക്ഷികളുടെ തലപ്പത്തുള്ളത് എന്നതിനാൽത്തന്നെ ഓരോരുത്തരുടെയും നീക്കങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതിൽ തർക്കമില്ല.

Read More >>