വാക്ക് പാലിച്ചു; കർഷകരുടെ രണ്ടു ലക്ഷം വരെയുള്ള കടം എഴുതിത്തള്ളി കമൽനാഥ്

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, അധികാരത്തിലെത്തിയാൽ കർഷകരുടെ കടം എഴുതിത്തള്ളുമെന്ന് വാ​ഗ്ദാനം നൽകിയിരുന്നു. ഇതാണ് നടപ്പായത്.

വാക്ക് പാലിച്ചു; കർഷകരുടെ രണ്ടു ലക്ഷം വരെയുള്ള കടം എഴുതിത്തള്ളി കമൽനാഥ്

ഒന്നര പതിറ്റാണ്ടിനു ശേഷം മധ്യപ്രദേശിൽ അധികാരത്തിലെത്തിയ കോൺ​ഗ്രസ് വാക്ക് പാലിച്ചു. മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത പിസിസി അധ്യക്ഷൻ കമൽനാഥ് കർഷകരുടെ വായ്പ എഴുതിത്തള്ളുന്ന ഫയലിൽ ഒപ്പിട്ടു. രണ്ടു ലക്ഷം രൂപ വരെയുള്ള കടങ്ങളാണ് എഴുതിത്തള്ളിയത്. അധികാരത്തിലേറി രണ്ടു മണിക്കൂറിനുള്ളിൽ തന്നെ പ്രധാനപ്പെട്ട വാ​ഗ്ദാനമാണ് കോൺ​ഗ്രസ് സർക്കാർ പാലിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, അധികാരത്തിലെത്തിയാൽ കർഷകരുടെ കടം എഴുതിത്തള്ളുമെന്ന് വാ​ഗ്ദാനം നൽകിയിരുന്നു. ഇതാണ് നടപ്പായത്. ഉച്ചകഴിഞ്ഞ് ഭോപാലിൽ ജംബോരി മൈതാനത്താണ് കമൽനാഥിന്റെ സത്യപ്രതിജ്ഞ നടന്നത്. ചടങ്ങിൽ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു.

രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും രാവിലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ചരിത്ര പ്രസിദ്ധമായ ആൽബർട്ട് ഹാളിൽ നേതാക്കളേയും പ്രവർത്തകരെയും സാക്ഷിയാക്കിയായിരുന്നു ചടങ്ങ്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും പങ്കെടുത്തില്ല. പങ്കെടുക്കില്ലെന്ന് ഇരുവരും നേരത്തേ അറിയിച്ചിരുന്നു. രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവർ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി വസുന്ധരെ രാജെയും ചടങ്ങിനെത്തിയിരുന്നു. അസൗകര്യങ്ങളുള്ളതിനാൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്കു പകരം ദിനേഷ് ത്രിവേദി എംപിയാണു വന്നത്.

ഛത്തീസ്ഗഢിൽ ഭൂപേഷ് ബാഘേലും വൈകിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ ഛത്തീസ്ഗഢ് പിസിസി അധ്യക്ഷനായ ബാഘേൽ സംസ്ഥാനത്തെ പ്രമുഖ ഒബിസി നേതാവാണ്. മധ്യപ്രദേശിൽ ദിഗ്‌വിജയ് സിങ്‌ സർക്കാരിലും വിഭജനത്തിനുശേഷം ഛത്തീസ്ഗഢിൽ ആദ്യമായി അധികാരത്തിൽ എത്തിയ അജിത് ജോഗി സർക്കാരിലും മന്ത്രിയായിരുന്നു. റായ്പൂരിലെ സയൻസ് കോളേജ് ഗ്രൗണ്ടിലായിരുന്നു സത്യപ്രതിജ്ഞ.