എതിർക്കുന്നവരെയൊക്കെ സംഘിയാക്കി സിപിഐഎം ബിജെപിയെ വളർത്തുന്നു; രമേശ് ചെന്നിത്തല

ഇതിന്റെ പേരിൽ മത–സാമുദായിക ധ്രുവീകരണം ഉണ്ടാക്കി നേട്ടം കൊയ്യുക എന്നതാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യം.

എതിർക്കുന്നവരെയൊക്കെ സംഘിയാക്കി സിപിഐഎം ബിജെപിയെ വളർത്തുന്നു; രമേശ് ചെന്നിത്തല

എതിർക്കുന്നവരെയൊക്കെ സംഘിയാക്കി സിപിഐഎം ബിജെപിയെ വളർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീവനുള്ള കാലത്തോളം താൻ ബിജെപിയിലേക്കു പോകില്ലെന്നും കാലങ്ങളായി ഈ ആരോപണം കേൾക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. മനോരമ ഓൺലൈന്റെ വിഡിയോ അഭിമുഖ പരമ്പര 'മറുപുറ'ത്തിലാണ് സിപിഐഎമ്മിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി ചെന്നിത്തല രം​ഗത്തെത്തിയത്. ശബരിമല വിഷയത്തിൽ കേരളത്തെ കലാപ ഭൂമിയാക്കുക എന്നതാണ് ബിജെപിയുടേയും സിപിഐഎമ്മിന്റേയും ശ്രമമെന്നും എന്നാൽ വ്യവസ്ഥാപിത മാർഗത്തിലൂടെ ഇതിനെ നേരിടുക എന്നതാണ് കോൺ​ഗ്രസ് നിലപാടെന്നും ചെന്നിത്തല വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരായ നിലപാടാണ് ആദ്യം മുതൽ തന്നെ കോൺ​ഗ്രസ് സ്വീകരിച്ചുവരുന്നത്. ഇതേ നിലപാടാണ് ബിജെപിക്കുമുള്ളത്. ഈ സാഹചര്യത്തിൽ ബിജെപിയും കോൺ​ഗ്രസും സ്വീകരിച്ച നിലപാടുകളിലെ വ്യത്യാസം എന്താണെന്നുള്ള ചോദ്യത്തോടാണ് ചെന്നിത്തല ഇങ്ങനെ പ്രതികരിച്ചത്. വിശ്വാസികൾക്കൊപ്പമാണെന്നും വിശ്വാസത്തെ മാനിക്കണമെന്നുമാണ് കോൺ​ഗ്രസ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാൽ ശബരിമലയിൽ എന്നല്ല, എവിടെയും സ്ത്രീ പുരുഷ വിവേചനം പാടില്ലെന്നും സ്ത്രീകൾക്കും പ്രവേശനം നൽകണമെന്നുമാണ് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി വ്യക്തമാക്കിയത്. ഇത് നിലവിൽ സംസ്ഥാന ഘടകത്തിനെതിരായിരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ചെന്നിത്തല രം​ഗത്തെത്തിയിരിക്കുന്നത്.

ശബരിമലയിലെ യുഡിഎഫിന്റെ നിലപാട് കോടതിവിധി ഉണ്ടായ ശേഷം ഉണ്ടായതല്ല. 2016–ൽ ഉമ്മൻചാണ്ടി സർക്കാർ കോടതിയിൽ കോടുത്ത സത്യവാങ്മൂലം മുതൽ എടുത്ത നിലപാട് ഇതാണ്. സുപ്രീംകോടതി വിധി വന്ന ശേഷമാണ് ബിജെപി ഇത്തരത്തിൽ ഒരു നിലപാട് എടുത്തത്. ശബരിമലയിലെ ആചാരങ്ങൾ തുടരണം എന്നു തന്നെയാണ് യുഡിഎഫ് നിലപാട്. ഇതിനു വേണ്ടി ഞങ്ങൾ അക്രമസമരങ്ങൾക്ക് പോയിട്ടില്ല. ബിജെപി റിവ്യൂ ഹർജി കൊടുത്തിട്ടില്ലല്ലോ. വേണമെങ്കിൽ ബിജെപിക്ക് കേന്ദ്രത്തിൽ സമ്മർദം ചെലുത്തി നിയമനിർമാണം നടത്താമെന്ന അഭിപ്രായവും ചെന്നിത്തല മുന്നോട്ടുവച്ചു.

ഇത്തരമൊരു കോടതി വിധി വന്നാൽ പിറ്റേന്നു തന്നെ അതു നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണോ വേണ്ടതെന്നു ചോദിച്ച ചെന്നിത്തല ശബരിമല വിധിയുടെ കോപ്പി ഇതു വരെ സർക്കാരിന് ലഭിച്ചിട്ടില്ലെന്നും പറഞ്ഞു. അതു ലഭിക്കും മുമ്പ് തന്നെ ശബരിമലയിൽ ശൗചാലയങ്ങൾ നിർ‌മിക്കാനുള്ള നടപടിയുമായാണ് സർക്കാർ മുന്നോട്ടു പോയത്. ഇതിന്റെ പേരിൽ മത–സാമുദായിക ധ്രുവീകരണം ഉണ്ടാക്കി നേട്ടം കൊയ്യുക എന്നതാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യം. ദുഷ്ടലാക്കാണ് സിപിഐഎമ്മിനുള്ളത്. ബിജെപി ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ കലാപങ്ങൾ അത്രയും ഉണ്ടാക്കാൻ ഇവർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി എല്ലാവരുടെയും അഭിപ്രായങ്ങൾ മാനിച്ചു വേണമായിരുന്നു മുന്നോട്ടു പോകാൻ. ഈ വിധി ജനതാൽപര്യത്തെ മുൻനിർത്തിയുള്ളതല്ലെന്നും പ്രായോഗിക പ്രശ്നങ്ങൾ മനസ്സിലാക്കാതെയുള്ള ഒന്നാണെന്നും ചെന്നിത്തല ആരോപിച്ചു.

സ്വന്തമായി ഒരു അഭിപ്രായം ഉണ്ടെങ്കിലും അത് പാർട്ടിയുടെ മേൽ അടിച്ചേൽ‌പിക്കാൻ രാഹുൽ ​ഗാന്ധി മുതിർന്നില്ല. അദ്ദേഹം ഞങ്ങളുടെ അഭിപ്രായത്തിന് വഴങ്ങുകയാണുണ്ടായത്. 90 ശതമാനം സ്ത്രീകൾ സുപ്രീംകോടതി വിധിയെ എതിർക്കുന്നു. അനുകൂലിക്കുന്ന 10 ശതമാനം ആളുകൾ കാണുമെന്നും ചെന്നിത്തല പറയുന്നു. ശബരിമല വിഷയത്തിൽ ഒരു കാരണവശാലും ബിജെപി രാഷ്ട്രീയ ലക്ഷ്യം കൊയ്യാൻ പോകുന്നില്ല. ബിജെപി അവരുടെ ശക്തി കൂടുതൽ ദുർബലമാക്കുന്ന നിലപാടുമായാണ് മുന്നോട്ടു പോകുന്നത്. അമിത് ഷായെ പോലെ ഒരാൾ കേരളത്തിൽ വന്ന് ആവശ്യമില്ലാത്ത പ്രസംഗങ്ങൾ നടത്തുക വഴി അവർ സ്വയം ദുർബലമാകുകയാണ്. ഏതായാലും കേരളത്തിലെ സർക്കാരിനെ മാറ്റാൻ അമിത് ഷാ വരേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യലാണ് സിപിഐഎമ്മിന്റെ ജോലി. ഹിന്ദുക്കളെല്ലാം ബിജെപി ആണെങ്കിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സീറ്റ് ബിജെപി നേടില്ലേ? സിപിഐഎം എത്ര പരിശ്രമിച്ചാലും ബിജെപിയിലേക്ക് ആളുകൾ പോവില്ല. ന്യൂനപക്ഷ വോട്ടിൽ കണ്ണു നട്ടാണ് സിപിഐഎം ഇതൊക്കെ ചെയ്യുന്നത്. പക്ഷേ ന്യൂനപക്ഷവും ഭൂരിപക്ഷവും അവർക്ക് വോട്ടു ചെയ്യാൻ പോകുന്നില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. അതേസമയം, സ്വവർഗ ലൈംഗികത സംബന്ധിച്ചും വിവാഹേതരബന്ധത്തെക്കുറിച്ചുമുള്ള ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ- 'ഇന്ത്യ ഒരു പാശ്ചാത്യ രാജ്യമല്ല. ഇന്ത്യൻ സാഹചര്യങ്ങൾ മനസ്സിലാക്കി വേണം കോടതികൾ വിധി പറയാൻ. സ്വർ കു‍ടുംബബന്ധങ്ങളുടെ മൂല്യം കാത്തു സൂക്ഷിക്കുന്ന പാരമ്പര്യമാണ് നമ്മുടേത്. വിധികൾ പുറപ്പെടുവിക്കുമ്പോൾ അതു കൂടി പരിഗണിക്കേണ്ടതായിരുന്നു'.

Read More >>