ജുനൈദിന്റെ ഉപ്പയ്ക്ക് കാര്‍ കൊടുക്കുമെന്ന വാഗ്ദാനം കേള്‍ക്കുമ്പോള്‍ മുസ്ലിം ലീഗിലെ അണികളോര്‍ക്കുന്ന മാലിന്യക്കുഴി

ഗുജറാത്ത് കലാപത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്കായി മാലിന്യനിക്ഷേപ കേന്ദ്രത്തിൽ മുസ്ലിം ലീഗ് വീടുകള്‍ നിര്‍മിച്ചു നല്‍കിയവര്‍ കുടിയിറക്ക് ഭീഷണിയിലാണ്. ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങും മുന്‍പ് ഈ പ്രശ്‌നത്തില്‍ ശാശ്വതമായ പരിഹാരം കാണേണ്ടതുണ്ട് എന്ന അഭിപ്രായം പ്രവാസി അണികള്‍ ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലുള്‍പ്പെടെ ചര്‍ച്ചയാവുന്നുണ്ട്.

ജുനൈദിന്റെ ഉപ്പയ്ക്ക് കാര്‍ കൊടുക്കുമെന്ന വാഗ്ദാനം കേള്‍ക്കുമ്പോള്‍ മുസ്ലിം ലീഗിലെ അണികളോര്‍ക്കുന്ന മാലിന്യക്കുഴി

പശുരാഷ്ട്രീയത്തിന്റെ ഇരയായി കൊല്ലപ്പെട്ട ജുനൈദിനെ കുടുംബത്തിനെ സഹായിച്ചു കൊണ്ട് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനൊരുങ്ങുന്ന മുസ്ലിം ലീഗിനെതിരെ അണികള്‍ക്കുള്ളില്‍ തന്നെ അമര്‍ഷം പുകയുന്നു. ബീഫ് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൃത്യമായ പ്രതിഷേധം ഉയര്‍ത്താന്‍ ലീഗിന് സാധിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ലീഗ് നേതൃത്വം ജുനൈദ് വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിച്ചത്.

ജുനൈദിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ലീഗ് നേതാക്കള്‍ പശുക്കൊലപാതകങ്ങളില്‍ ദേശീയതലത്തില്‍ പ്രതിഷേധം നടത്തുമെന്നും പാര്‍ലമെന്റില്‍ വിഷയം നടത്തുമെന്നും പ്രഖ്യാപിച്ചു. ജുനൈദിന്റെ ഉപ്പക്ക് ഉപജീവനത്തിനു ശാശ്വത സംവിധാനം എന്ന നിലയില്‍ ഈക്കോ കാര്‍ വാങ്ങിക്കൊടുക്കുമെന്നും വാഗ്ദാനമുണ്ട്. ഈ ഘട്ടത്തില്‍ ഗുജറാത്ത് കലാപം മുതലുള്ള ഫാസിസ്റ്റ് ആക്രമണങ്ങളില്‍ ലീഗിന്റെ നിലപാടുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. കലാപവുമായി ബന്ധപ്പെട്ട രാഷ്ട്രീയമായി ഇടപെടാതിരുന്ന മുസ്ലിം ലീഗ് ഇരകള്‍ക്ക് വീട് വച്ചുകൊടുത്ത സംഭവവും ഏറെ വിവാദമായിരുന്നു.

ഗുജറാത്ത് കലാപത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്കായി മുസ്ലിം ലീഗ് വീടുകള്‍ നിര്‍മിച്ചു നല്‍കിയവര്‍ കുടിയിറക്ക് ഭീഷണിയിലാണ്. ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങും മുന്‍പ് ഈ പ്രശ്‌നത്തില്‍ ശാശ്വതമായ പരിഹാരം കാണേണ്ടതുണ്ട് എന്ന അഭിപ്രായം പ്രവാസി അണികള്‍ ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലുള്‍പ്പെടെ ചര്‍ച്ചയാവുന്നുണ്ട്. ഗുജറാത്തില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മാലിന്യം തള്ളുന്ന ഗ്രൗണ്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന വീടുകളായതിനാല്‍ തന്നെ നിരവധിപ്പേര്‍ മാറാരോഗങ്ങള്‍ക്ക് അടിമകളാവുകയും നിരവധിപ്പേര്‍ മരണപ്പെടുകയും ചെയ്തു. ഇക്കാര്യം ഇവിടെ വീടുകിട്ടിയവര്‍ തന്നെ പരസ്യമായി ഉന്നയിച്ചിരുന്നു.

ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് വീടുകള്‍ നഷ്ട്ടപ്പെട്ടവര്‍ക്കായി അഹമ്മദാബാദ് ദാനിലിംഡയിലെ സിറ്റിസണ്‍ നഗറിലാണ് മുസ്ലിം ലീഗ് വീടുകള്‍ വച്ചു നല്‍കിയത്. ഷെഡുകള്‍ക്ക് തുല്യമായ 40 വീടുകളാണ് പിരിവെടുത്ത് മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കിയത്. എന്നാല്‍ 1968 മുതല്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മാലിന്യം തള്ളുന്ന ഭൂമി കയ്യേറിയായിരുന്നു വീടുകള്‍ നിര്‍മിച്ചിരുന്നത്. അതിനാല്‍ 40 കുടുംബങ്ങളും ഇപ്പോള്‍ കുടിയിറക്കു ഭീഷണി നേരിടുകയാണ്.

മാലിന്യക്കുഴിയിലെ പുറമ്പോക്കില്‍ നിന്നും അടിയന്തിരമായി പുനരധിവസിപ്പിക്കുകയോ നിലവിലെ വീടുകള്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ രേഖകള്‍ കൈമാറുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ ഇവിടെ താമസിക്കുന്നവര്‍ കോഴിക്കോട് എത്തുകയും ലീഗ് നേതൃത്വത്തെ നേരില്‍ കാണുകയും കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ പത്ര സമ്മേളനം നടത്തുകയും ചെയ്തിരുന്നു. എങ്കിലും ലീഗ് നേതൃത്വം വിഷയത്തില്‍ തികഞ്ഞ നിസ്സംഗതയാണു കാട്ടിയത്.

മാലിന്യംതള്ളുന്ന ഈ പ്രദേശത്തുനിന്ന് വരുന്ന മീഥേന്‍ ശരീരത്തില്‍ കടന്ന് 11 പേര്‍ മരിച്ചതായി ആരോഗ്യ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇവരെ പുനരധിവസിപ്പിക്കാന്‍ ലീഗിന് തന്നെ നിര്‍ദേശം നല്കണമെന്നുകാട്ടി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ സഹീദ് റൂമിയും കലിമും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ഇവര്‍ താമസിക്കുന്നത് പുറമ്പോക്കിലാണെന്നു ഗുജറാത്ത് സര്‍ക്കാരും അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇവര്‍ ഏതുനിമിഷവും കുടിയൊഴിപ്പിക്കപ്പെടാം എന്ന സൂചനയാണ് ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്നത്.

ഗുജറാത്തിലെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ലീഗില്‍ ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗുജറാത്ത് ഫണ്ട് പിരിവിലെ അഴിമതിക്കെതിരെ പ്രതികരിച്ചതിനാണ് അന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ ടി ജലീലിനെ പാര്‍ടിയില്‍നിന്നു പുറത്താക്കിയത്. പിന്നീടു ഫണ്ടിന്റെ കണക്കുകള്‍ ചന്ദ്രികയില്‍ പ്രസിദ്ധീകരിക്കുന്നതു നിര്‍ത്തുകയും ഇത് പാര്‍ട്ടിക്കകത്തും പ്രവാസി അണികള്‍ക്കിടയിലും അമര്‍ഷം ഉണ്ടാക്കുകയും ചെയ്തു. ഗുജറാത്തിലെ വന്‍ വ്യവസായിയും റിയല്‍ എസ്റ്റേറ്റുകാരനുമായ നവാബ് ഷെരീഫ് ഖാനാണു ലീഗിനു വേണ്ടി ഈ വീടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

Read More >>