തുറന്നുപറഞ്ഞ് കെ പി എ മജീദ്; ലീ​ഗിന് മൂന്നാം സീറ്റിന് അർഹതയുണ്ട്

മൂന്നോ നാലോ സീറ്റിനുള്ള അവകാശം ലീ​ഗിനുണ്ടെന്നും ഇതിനായി സമ്മർദം ചെലുത്തണമെന്നുമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയയിൽ അടക്കം ദിവസങ്ങളായി ക്യാംപയിൻ നടക്കുകയാണ്.

തുറന്നുപറഞ്ഞ് കെ പി എ മജീദ്; ലീ​ഗിന് മൂന്നാം സീറ്റിന് അർഹതയുണ്ട്

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലി ലീ​ഗിന് മൂന്ന് സീറ്റ് വേണമെന്ന ആവശ്യം അണികളിൽ നിന്നും ശക്തമായി ഉയർന്ന സാഹചര്യത്തിൽ കാര്യം വ്യക്തമാക്കി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്. മുസ്ലിം ലീ​ഗിന് മൂന്നാം സീറ്റിന് അർഹതയുണ്ടെന്ന് മജീദ് പറഞ്ഞു. ഇക്കാര്യം 18ന് ചേരുന്ന യുഡിഎഫ് ഉഭയകക്ഷിയോ​ഗത്തിൽ ഉന്നയിക്കുമെന്നും മജിദ് വ്യക്തമാക്കി.

കേരളാ കോൺ​ഗ്രസുമായും ലീ​ഗുമായും ഉഭയകക്ഷി ചർച്ച നടക്കും. മൂന്നാം സീറ്റിന്റെ സാധ്യതകളും ചർച്ച ചെയ്യും. അതിനു ശേഷം മാത്രമേ സീറ്റ് കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ. രണ്ടോ മൂന്നോ സീറ്റ്​ എന്നതല്ല, അതിലപ്പുറവും ദേശീയ തലത്തിൽ നേടാനാണ്​ തീരുമാനം. യുഡിഎഫി​ന്റെ വിജയമാണ്​ ഏറ്റവും പ്രധാനം. അതിനായി കെട്ടുറപ്പോ​ടുകൂടി പ്രവർത്തിക്കുന്നതിനാണ്​ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീ​ഗ് നേതൃയോ​ഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കെ പി എ മജീദ്.

യോഗത്തിൽ നിലവിലെ രാഷ്​ട്രീയ സാഹചര്യങ്ങളാണ്​ ചർച്ച ചെയ്​ത​തെന്ന്​ ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയതലത്തിൽ നന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചു. നിലവിലെ രാഷ്​ട്രീയ സാഹചര്യം യുപിഎയ്ക്കും യുഡിഎഫിനും അനുകൂലമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ രാഷ്​ട്രീയ സാഹചര്യത്തിൽ ആകെ പ്രതീക്ഷയുള്ളത്​ കോൺഗ്രസി​ന്റെ നേതൃത്വത്തിലുള്ള ഭരണത്തിനാണെന്ന്​ വർക്കിങ്​ ജനറൽ സെക്രട്ടറി ഇ ടി മുഹമ്മദ്​ ബഷീറും വ്യക്തമാക്കി. മൂന്നോ നാലോ സീറ്റിനുള്ള അവകാശം ലീ​ഗിനുണ്ടെന്നും ഇതിനായി സമ്മർദം ചെലുത്തണമെന്നുമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയയിൽ അടക്കം ദിവസങ്ങളായി ക്യാംപയിൻ നടക്കുകയാണ്. വിവിധ യുവ നേതാക്കളും ഈ ആവശ്യവുമായി രം​ഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം.