കക്കൂസുകൾ നിർമിച്ചു നൽകിയത് രാജ്യത്തെ പാവങ്ങൾക്ക്, അംബാനിക്കല്ല; സർക്കാർ പാവങ്ങളോടൊപ്പമെന്നും മോദി

എൻഡിഎ സർക്കാർ അംബാനിയെപ്പോലുള്ള പണച്ചാക്കുകൾക്ക് പാദസേവ ചെയ്യുന്നവരാണെന്ന കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മോദി.

കക്കൂസുകൾ നിർമിച്ചു നൽകിയത് രാജ്യത്തെ പാവങ്ങൾക്ക്, അംബാനിക്കല്ല; സർക്കാർ പാവങ്ങളോടൊപ്പമെന്നും മോദി

കക്കൂസുകൾ നിർമിച്ചു നൽകിയത് അംബാനികളെപ്പോലുള്ള പണക്കാർക്കല്ലെന്നും രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്കാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ സർക്കാർ അംബാനിയെപ്പോലുള്ള പണച്ചാക്കുകൾക്ക് പാദസേവ ചെയ്യുന്നവരാണെന്ന കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മോദി. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ദാഹോദിൽ നടന്ന പ്രചാരണ പരിപാടിയിലാണ് അദ്ദേഹം സർക്കാർ സാധാരണക്കാർക്ക് കക്കൂസ് നിർമിച്ചു കൊടുത്ത കാര്യം ചൂണ്ടിക്കാട്ടിയത്.


"എന്റെ സർക്കാർ കക്കൂസുകൾ നിർമിച്ചു നൽകാനുള്ള പദ്ധതി നടപ്പിലാക്കി. അംബാനിയെയും അദാനിയേയും പോലുള്ള പണക്കാർ തുറസ്സായ സ്ഥലത്ത് വെളിക്കിരിക്കുമോ? രാജ്യത്തെ പാവങ്ങൾക്കല്ലേ അങ്ങനെ ചെയ്യേണ്ടി വന്നിട്ടുള്ളത്?"- ആദിവാസി ഗോത്ര സമൂഹങ്ങൾ കൂടുതലായുള്ള ദാഹോദിലെ ജനങ്ങളോട് പ്രധാനമന്ത്രി ചോദിച്ചു.

നേത്രംഗിൽ ഭവന വൈദ്യുതീകരണത്തെപ്പറ്റി സൂചിപ്പിച്ച മോദി അപ്പോഴും അംബാനിയെയും അദാനിയേയും ഉദാഹരണമായി സമർത്ഥിച്ചു. അവർക്ക് അതിന്റെ ആവശ്യമില്ലെന്നും പാവങ്ങൾക്കാണ് വൈദ്യുതി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം 18000 കുടുംബങ്ങളിൽ വൈദ്യുതി ലഭ്യമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ദളിത് അവകാശങ്ങൾക്കായി പോരാടിയ ഭരണഘടനാ ശില്പി ബിആർ അംബേദ്കറിനെ അദ്ദേഹത്തിന്റെ ചരമദിനത്തിൽ മോദി സ്മരിച്ചു. വല്ലഭായി പട്ടേലിനെപ്പോലെ അംബേദ്കറിനും കോൺഗ്രസ്സ് അന്യായം നേരിടേണ്ടി വന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ രണ്ടു ദശകങ്ങളായി ബിജെപി ഭരണം കയ്യാളുന്ന ഗുജറാത്തിൽ പോരാട്ടം ശക്തിയാകുമെന്നാണ് ഇത്തവണ ലഭിക്കുന്ന സൂചനകൾ. ബിജെപിക്ക് അനായാസ ജയം ഉണ്ടാവില്ലെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായ പരസ്യപ്രചാരണം ഇന്നവസാനിക്കും. ഡിസംബർ ഒമ്പതിനും 14 നുമാണ് തെരഞ്ഞെടുപ്പ്.

Read More >>