മോദിക്ക് പാറ പോലെ ഉറച്ച ജനപിന്തുണയെന്ന് അമിത് ഷാ; വേറാരുമല്ല ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി

അദ്ദേഹത്തിനുള്ള പിന്തുണ ജനങ്ങളുടെ കണ്ണിൽ ഞാൻ കണ്ടിട്ടുണ്ട്-അമിത് ഷാ പറഞ്ഞു.

മോദിക്ക് പാറ പോലെ ഉറച്ച ജനപിന്തുണയെന്ന് അമിത് ഷാ; വേറാരുമല്ല ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി

ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി തന്നെയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് വ്യക്തമാക്കി പാർട്ടി അധ്യക്ഷൻ അമിത് ഷാ. മോദിക്ക് പാറ പോലെ ഉറച്ച ജനപിന്തുണയുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു. അഹമ്മദാബാദില്‍ 'മേരാ പരിവാര്‍, ബിജെപി പരിവാര്‍' പ്രചാരണത്തില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

മോദിക്ക് പാര്‍ട്ടിയില്‍ നിന്നും ഉറച്ച പിന്തുണയാണുള്ളത്. കൂടാതെ പശ്ചിമ ബംഗാളിലും ഒഡീഷയിലും ബിജെപി ശക്തമായ സ്ഥാനം ഉറപ്പിക്കും. ഉത്തര്‍പ്രദേശില്‍ എന്ത് സാഹചര്യത്തിലും ഒരു സീറ്റ് പോലും ബിജെപി നഷ്ടപ്പെടുത്തില്ലെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനതല നേതാക്കളെ ഉള്‍പ്പെടുത്തി രൂപം കൊടുത്ത മഹാസഖ്യം ബിജെപിയുടെ മുന്നോട്ടുപോക്കിനെ ഒരുതരത്തിലും ബാധിക്കില്ല. ആരാണ് ആ മഹാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്നും അമിത് ഷാ ചോദിച്ചു.

'ഞാന്‍ രാജ്യമെമ്പാടും സന്ദര്‍ശിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പാറ പോലെ ഉറച്ചു നില്‍ക്കുന്നത് കാണാം. അദ്ദേഹത്തിനുള്ള പിന്തുണ അവരുടെ കണ്ണിലുണ്ട്,' അമിത് ഷാ പറഞ്ഞു. 'ബിജെപിയുടെ പതാക വികസനത്തിന്റെയും വിശ്വാസത്തിന്റേയും ദേശീയതയുടേയും, സമാധാനത്തിന്റെയും അടയാളമാണ്'.

മോദി യുഗത്തില്‍ ജാതീയതയും കുടുംബ ഭരണവും അവസാനിക്കും- അമിത് ഷാ കൂട്ടിച്ചേർത്തു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതിന്‍ ഗഡ്കരി വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അമിത് ഷായുടെ പ്രസം​ഗം.

Read More >>