വർഗീയ പ്രസംഗം: വികെ ശ്രീകണ്ഠൻ എംപിയുടെ നിലപാടിനോട് യോജിക്കുന്നുണ്ടോയെന്ന് കെപിസിസി വ്യക്തമാക്കണമെന്ന് എംബി രാജേഷ്

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ആളുകൾ എളുപ്പത്തിൽ മാറുന്നതിന്റെ കാരണവും മറ്റൊന്നല്ലെന്ന് എംബി രാജേഷ് ചൂണ്ടി കാണിച്ചു

വർഗീയ പ്രസംഗം: വികെ ശ്രീകണ്ഠൻ എംപിയുടെ നിലപാടിനോട് യോജിക്കുന്നുണ്ടോയെന്ന്  കെപിസിസി വ്യക്തമാക്കണമെന്ന് എംബി രാജേഷ്

ചെർപ്പുളശ്ശേരി നഗരസഭാ അധ്യക്ഷ നടത്തിയ വർഗീയ പരാമർശത്തെയും,അതിനെ സംരക്ഷിക്കുന്ന വികെ ശ്രീകണ്ഠൻ എംപിയുടെ നിലപാടിനോടും കോൺഗ്രസ്സ് നേതൃത്വം യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് മുൻ എംപി എംബി രാജേഷ്. കോൺഗ്രസ് മുന്നോട്ട് വെക്കുന്ന മൃദുഹിന്ദുത്വ അജണ്ടയാണ് ഇത് വ്യക്തമാക്കുന്നത്. ഇതിനോട് യോജിക്കുണ്ടോ എന്ന് കെപിസിസി പറയണം. വർഗീയ പരാമർശം നടത്തിയ നഗരസഭാ ചെയർപേഴ്‌സണയേയും അതിന് പിന്തുണ നൽകിയ,എംപിയോടും യോജിക്കുന്നുണ്ടോ എന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കണമെന്നും എംബി രാജേഷ് പറഞ്ഞു. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ആളുകൾ എളുപ്പത്തിൽ മാറുന്നതിന്റെ കാരണവും മറ്റൊന്നല്ലെന്ന് എംബി രാജേഷ് ചൂണ്ടി കാണിച്ചു . നാരദ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെർപ്പുളശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്ര സംഗീതോത്സവ ഉദ്ഘാടനവേദിയിൽ സെപ്‌തംബർ 29നായിരുന്നു നഗരസഭാ അധ്യക്ഷ ശ്രീലജയുടെ വിവാദ വർഗീയപ്രസംഗം. 'നമ്മുടെ സമുദായം' എന്ന വാക്കുകൾ ഉപയോഗിച്ച്‌ നടത്തിയ പ്രസംഗമാണ് വിവാദമായത്. വർഗീയമായി പറയുന്നു എന്നു ചിന്തിക്കരുത് എന്ന്‌ പ്രത്യേകം പരാമർശിച്ച് കൊണ്ട് രണ്ട്‌ സമുദായങ്ങളെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു ശ്രീലജയുടെ വർഗീയ പരാമർശങ്ങൾ. 'നമ്മുടെ ഹിന്ദുസമുദായങ്ങൾക്ക്‌' കൂട്ടായ്മയില്ല എന്ന രീതിയിലായിരുന്നു പ്രസംഗം. ഇതിനായി അവർ വർഗീയതയിലൂന്നിയ നിരവധി ഉദാഹരണങ്ങളും ഇവർ നിരത്തിയിരുന്നു. പ്രസംഗം വിദ്വേഷം ജനിപ്പിക്കുന്നതാണെന്ന്‌ പൊലീസിന്‌ നിയമോപദേശം കിട്ടിയതിനെ തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമം 153എ (സമാധാന അന്തരീക്ഷം തകർക്കുന്ന ഇടപെടൽ), 295എ (മതവികാരം വ്രണപ്പെടുത്തൽ) വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. തുടർന്ന് ഇവർക്ക് പിന്തുണയുമായി വികെ ശ്രീകണ്ഠൻ എംപി എത്തുകയായിരുന്നു.

Read More >>