ചെയ്ത തെറ്റുകൾക്ക് മാപ്പു ചോദിക്കണമെന്ന് നേതാക്കളോട് മമത; സിപിഐഎം പ്രവർത്തകർക്കെതിരായ കള്ളക്കേസുകൾ പിൻ‌വലിക്കുന്നു

സിപിഐഎമ്മിനെതിരെ ഏകപക്ഷീയ ആക്രമണം നടത്തി വരുന്നതിനാൽ തൃണമൂലിന് അവരുമായി ഒരു തുറന്ന രാഷ്ട്രീയ ചർച്ച സാധ്യമല്ല. അതിനാലാണ് സിപിഐഎമ്മിനെ അനുനയിപ്പിക്കാനായി മമത ഇത്തരം ഒരു അനുരഞ്ജനനീക്കം തുടങ്ങിയിരിക്കുന്നത്.

ചെയ്ത തെറ്റുകൾക്ക് മാപ്പു ചോദിക്കണമെന്ന് നേതാക്കളോട് മമത; സിപിഐഎം പ്രവർത്തകർക്കെതിരായ കള്ളക്കേസുകൾ പിൻ‌വലിക്കുന്നു

ബംഗാൾ രാഷ്ട്രീയത്തിൽ പിടിമുറുക്കുന്ന ബിജെപിയെ എതിരിടാൻ സിപിഐഎമ്മിനെ ഒപ്പം നിർത്താൻ മമത ബാനർജി ശ്രമം തുടങ്ങി. ചെയ്തുപോയ തെറ്റുകൾക്ക് ജനങ്ങളോട് മാപ്പു ചോദിക്കണമെന്ന് പാർട്ടി നേതാക്കളോടും ജനപ്രതിനിധികളോടും കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മമത ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സിപിഐഎം പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസുകൾ പിൻവലിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. ഗുരുതരമായ വകുപ്പുകൾ ഉപയോഗിച്ചുകൊണ്ട് സിപിഐഎം പ്രവർത്തകർക്കെതിരെ ചുമത്തിയ 1500 ഓളം കേസുകൾ പിൻവലിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ സിപിഐഎമ്മിൽ നിന്നും തൃണമൂൽ നേതാക്കൾ അക്രമത്തിലൂടെ പിടിച്ചെടുത്ത നൂറോളം പാർട്ടി ഓഫിസുകൾ സിപിഐഎം പ്രവർത്തകർ തിരിച്ചുപിടിച്ചിരുന്നു. ഈ സമയത്ത് തൃണമൂൽ പതിവുശൈലിയിൽ സിപിഐഎമ്മിനെ അക്രമിക്കാതിരുന്നതും പൊലീസ് സിപിഐഎം പ്രവർത്തകർക്ക് അനുകൂലമായ നിലപാടെടുത്തതും ചർച്ചയായിരുന്നു.

സിപിഐഎമ്മിനെതിരെ ഏകപക്ഷീയ ആക്രമണം നടത്തി വരുന്നതിനാൽ തൃണമൂലിന് അവരുമായി ഒരു തുറന്ന രാഷ്ട്രീയ ചർച്ച സാധ്യമല്ല. അതിനാലാണ് സിപിഐഎമ്മിനെ അനുനയിപ്പിക്കാനായി മമത ഇത്തരം ഒരു അനുരഞ്ജനനീക്കം തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ബംഗാളിൽ വൻ മുന്നേറ്റം നടത്തിയിരുന്നു. സംസ്ഥാനത്ത് ബിജെപിക്ക് വേരോട്ടമുണ്ടാക്കാനാകില്ലെന്ന കണക്കുകൂട്ടലിലായിരുന്നു മമത. 42 ലോക്സഭാ മണ്ഡലങ്ങളിൽ പതിനെട്ട് ഇടങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന മമതയുടെ കണക്കു കൂട്ടലും തെറ്റി. വീണ്ടും അധികാരത്തിലെത്തിയതോടെ മമതയ്ക്കെതിരെ ശക്തമായ നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. ഇതോടെയാണ് ബിജെപിക്കെതിരെ ഒറ്റയ്ക്കുള്ള പ്രതിരോധം ദുർബലമാണെന്നുള്ള തിരിച്ചറിവിലേക്ക് മമത എത്തുന്നത്.

മമത മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയതിനു പിന്നാലെ സിപിഐഎം പ്രവർത്തകർക്കും പാർട്ടി ഓഫിസുകൾക്കും നേരെ വ്യാപക ആക്രമണമാണ് നടന്നത്. നിരവധി സിപിഐഎം പ്രവർത്തകർ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കപ്പെടുകയും ചെയ്തു. പാർട്ടി ഓഫിസുകൾ തൃണമൂൽ പിടിച്ചെടുത്തു സ്വന്തമാക്കി. എന്നാൽ ഈ സംഭവങ്ങളിലെല്ലാം സിപിഐഎം പ്രവർത്തകരെയും നേതാക്കളെയും പ്രതികളാക്കി പൊലീസ് വ്യാപകമായി കള്ളക്കേസുകൾ രെജിസ്റ്റർ ചെയ്തു. ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസുകൾ എടുക്കപ്പെട്ടതിനെത്തുടർന്ന് നിരവധി സിപിഐഎം പ്രവർത്തകരും നേതാക്കളുമാണ് നാടുവിട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെടെ ഒളിവിൽ കഴിയുന്നത്.

മമത ബാനർജി സർക്കാരിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിനടക്കം സംസ്ഥാനത്തെ മുതിർന്ന സിപിഐഎം നേതാക്കൾക്കെതിരെ മാവോയിസ്റുകൾക്കെതിരെ പ്രയോഗിക്കുന്ന വകുപ്പുകൾ ഉപയോഗിച്ചാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. നിയമസഭ, പഞ്ചായത്ത്, ലോക്സഭാ തെരഞ്ഞെടുപ്പുവേളകളിൽ സിപിഐഎം പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായ അക്രമങ്ങൾ നടത്തുകയും തുടർന്ന് സിപിഐഎം പ്രവർത്തകർക്കെതിരെ തന്നെ കേസുകൾ രെജിസ്റ്റർ ചെയ്യുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകാൻ പ്രവർത്തകർക്കൊപ്പം ചെന്ന എഴുപത് വയസ്സുള്ള മുതിർന്ന സിപിഐഎം നേതാവ് ബസുദേവ് ആചാര്യയെ ക്രൂരമായി മർദിച്ച് പരിക്കേല്പിച്ചതടക്കം നിരവധി അക്രമങ്ങളിൽ തൃണമൂൽ പ്രവർത്തകർക്കെതിരെ പൊലീസ് നടപടിയെടുക്കാൻ തയ്യാറായില്ല എന്ന ആരോപണവും ഉയർന്നിരുന്നു.

സിപിഐഎമ്മിന്റെ പിന്തുണയോടെയല്ലാതെ സംസ്ഥാനത്ത് തൃണമൂലിന് ബിജെപിയെ പ്രതിരോധിക്കാൻ സാധിക്കില്ലെന്ന അഭിപ്രായം പല മുതിർന്ന തൃണമൂൽ കോൺഗ്രസ്സ് നേതാക്കൾക്കും ഉണ്ട്. മമത തന്നെ ഇത്തരമൊരു നീക്കവുമായി മുന്നോട്ടുവരുമ്പോൾ ഇവരുടെ പിന്തുണകൂടി ഉണ്ടാവും. ശാരദാ ചിറ്റ് ഫണ്ട് കേസ് അന്വേഷണം, നാരദ സ്റ്റിങ് ഓപ്പറേഷൻ അന്വേഷണം എന്നിവയിൽ സിബിഐ പിടിമുറുക്കുകയും ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും മമത അനുമതി നൽകാതിരുന്ന അമിത് ഷാ മോഡി മന്ത്രിസഭയിലെ സർവ ശക്തനാകുകയും ചെയ്തതോടെ മമതയുടെ നില പൂർണമായും പരുങ്ങലിലാണ്.