ഫോക്കസ് ടി കെ ഹംസയില്‍ത്തന്നെ; പ്രഖ്യാപനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍

ടി കെ ഹംസയില്‍ത്തന്നെയാണ് കാര്യങ്ങള്‍ വട്ടംതിരിഞ്ഞെത്തിയത്. പി കെ കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ എന്തുകൊണ്ടും യോഗ്യന്‍ ടി കെ ഹംസയാണെന്ന നിലപാടാണ് ഭൂരിഭാഗം സെക്രട്ടറിയേറ്റംഗങ്ങളും സ്വീകരിച്ചത്. റഷീദലി മികച്ച പ്രവര്‍ത്തകനാണെങ്കിലും ജനങ്ങള്‍ക്ക് പരിചിതനായൊരു സ്ഥാനാര്‍ഥിയെയാണ് സിപിഐഎം ആലോചിച്ചത്. ഡിവൈഎഫ്‌ഐ നേതാവ് പി എം മുഹമദ് റിയാസിന്റെ പേരും ചര്‍ച്ച ചെയ്തിരുന്നു

ഫോക്കസ് ടി കെ ഹംസയില്‍ത്തന്നെ; പ്രഖ്യാപനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍

ഇ അഹമദ് മരിച്ചതിനെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. സിപിഐഎം മുതിര്‍ന്ന നേതാവ് ടി കെ ഹംസയിലാണ് കാര്യങ്ങള്‍ നില്‍ക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റും കോര്‍കമ്മിറ്റി യോഗവും ജില്ലാക്കമ്മിറ്റിയും കഴിഞ്ഞ ശേഷം ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

ഇന്നലെ തിരുവനന്തപുരത്ത് നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രധാനമായും രണ്ട് പേരുകളാണ് പരിഗണനയില്‍ വന്നത്. ടി കെ ഹംസയുടെയും മങ്കടയില്‍ മത്സരിച്ച് നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട അഡ്വ. ടി കെ റഷീദലിയുടെയും പേരുകളായിരുന്നത്. ഇതില്‍ ടി കെ ഹംസയില്‍ത്തന്നെയാണ് കാര്യങ്ങള്‍ വട്ടംതിരിഞ്ഞെത്തിയത്. പി കെ കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ എന്തുകൊണ്ടും യോഗ്യന്‍ ടി കെ ഹംസയാണെന്ന നിലപാടാണ് ഭൂരിഭാഗം സെക്രട്ടറിയേറ്റംഗങ്ങളും സ്വീകരിച്ചത്. റഷീദലി മികച്ച പ്രവര്‍ത്തകനാണെങ്കിലും ജനങ്ങള്‍ക്ക് പരിചിതനായൊരു സ്ഥാനാര്‍ഥിയെയാണ് സിപിഐഎം ആലോചിച്ചത്. ഡിവൈഎഫ്‌ഐ നേതാവ് പി എം മുഹമദ് റിയാസിന്റെ പേരും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ പി്ന്നീട് ടി കെ ഹംസയിലെത്തി നില്‍ക്കുകയായിരുന്നു.

1937 ല്‍ മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പഞ്ചായത്തിലെ കൂരാടാണ് ടി കെ ഹംസ ജനിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ യും എറണാംകുളം ലോ കോളേജില്‍ നിന്ന് ബി.എല്‍. ബിരുദവും നേടി. 1968 ല്‍ മഞ്ചേരി ബാറില്‍ അഭിഭാഷകനായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ഹംസ പിന്നീട് സി പി ഐ എമ്മില്‍ ചേരുകയായിരുന്നു.. 1982 മുതല്‍ 2001 വരെ നിയമസഭാംഗമായിരുന്നു. 1987 ല്‍ കേരള പൊതുമരാമത്തു മന്ത്രിയും 1996 ല്‍ ഗവണ്മെന്റ് ചീഫ് വിപ്പുമായിട്ടുണ്ട്. 14-ാം ലോകസഭയില്‍ മഞ്ചേരി പാര്‍ലിമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോകസഭാംഗമായി. നിലവില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗമായ ഹംസ ഇപ്പോള്‍ മഞ്ചേരിക്കടുത്ത മുള്ളമ്പാറയിലാണ് താമസിക്കുന്നത്. 2004ല്‍ മഞ്ചേരി മണ്ഡലത്തില്‍ മുസ്ലിംലീഗിനെ മലര്‍ത്തിയടിച്ച് വിജയം കൈപ്പിടിയിലൊതുക്കിയ ടി കെ ഹംസ മലപ്പുറത്തെ സിപിഐഎമ്മിന്റെ പ്രധാന ശബ്ദമാണ്. പ്രായാധിക്യം കാരണം ഇടക്കാലത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലെങ്കിലും യോഗങ്ങളിലും മറ്റും സജീവസാന്നിധ്യമാണ്.