ചിത്രം തെളിഞ്ഞു: അങ്കത്തട്ടൊരുങ്ങി; മലപ്പുറത്ത് പോരാട്ടത്തിനു തീപാറും

മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി, വേങ്ങര നിയോജക മണ്ഡലങ്ങളാണ് കഴിഞ്ഞ തവണ യുഡിഎഫിന്റെ ഭൂരിപക്ഷം ഉയര്‍ത്തിയത്. ഇതില്‍ത്തന്നെ മലപ്പുറം, വേങ്ങര നിയോജമണ്ഡലങ്ങളില്‍ നിന്ന് മൃഗീയ ഭൂരിപക്ഷമാണ് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിക്കു ലഭിച്ചത്. പെരിന്തല്‍മണ്ണ, വള്ളിക്കുന്ന്, മങ്കട മണ്ഡലങ്ങളില്‍ മാത്രമാണ് മുസ്ലിംലീഗിന് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതെ പോയത്. ഈ മൂന്ന് മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് കാര്യമായ പ്രതീക്ഷയുള്ളത്. ബിജെപിക്കും പെരിന്തല്‍മണ്ണയും വള്ളിക്കുന്നും അത്യാവശ്യം വോട്ടുലഭിക്കുന്ന മണ്ഡലങ്ങളാണ്

ചിത്രം തെളിഞ്ഞു: അങ്കത്തട്ടൊരുങ്ങി; മലപ്പുറത്ത് പോരാട്ടത്തിനു തീപാറും

മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതു-വലതു-ബിജെപി സ്ഥാനാര്‍ഥികളായതോടെ തീ പാറുന്ന പോരാട്ടത്തിന് കളമൊരുങ്ങി. യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്ലിംലീഗിലെ പി കെ കുഞ്ഞാലിക്കുട്ടിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐഎമ്മിലെ എം ബി ഫൈസലും ബിജെപി സ്ഥാനാര്‍ഥിയായി എന്‍ ശ്രീപ്രകാശുമാണ് മത്സരരംഗത്തുള്ളത്. 12,92,754 വോട്ടര്‍മാര്‍ വിധിയെഴുതുന്ന മണ്ഡലത്തില്‍ മുസ്ലിംലീഗിനു തന്നെയാണ് വ്യക്തമായ ആധിപത്യം.

മണ്ഡലത്തില്‍ 80 ശതമാനം വോട്ടര്‍മാരും മുസ്ലിങ്ങളാണ്. മുസ്ലിംലീഗിനു ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ അടവു പതിനെട്ടും പയറ്റി വിജയം കൈപ്പിടിയിലൊതുക്കാനാണ് എല്‍ഡിഎഫ് അങ്കത്തട്ടിലിറങ്ങുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയിലധികം വോട്ടുകളാണ് ബിജെപിയുടെ പ്രതീക്ഷ.

ഏഴു നിയമസഭാ നിയോജമണ്ഡലങ്ങളുള്ള മലപ്പുറത്ത് മുഴുവനും യുഡിഎഫിന്റെ കൈയില്‍ ഭദ്രമാണ്. മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി, വേങ്ങര നിയോജക മണ്ഡലങ്ങളാണ് കഴിഞ്ഞ തവണ യുഡിഎഫിന്റെ ഭൂരിപക്ഷം ഉയര്‍ത്തിയത്. ഇതില്‍ത്തന്നെ മലപ്പുറം, വേങ്ങര നിയോജമണ്ഡലങ്ങളില്‍ നിന്നു മൃഗീയ ഭൂരിപക്ഷമാണ് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിക്കു ലഭിച്ചത്. പെരിന്തല്‍മണ്ണ, വള്ളിക്കുന്ന്, മങ്കട മണ്ഡലങ്ങളില്‍ മാത്രമാണ് മുസ്ലിംലീഗിനു കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതെ പോയത്. ഈ മൂന്നു മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിനു കാര്യമായ പ്രതീക്ഷയുള്ളത്. ബിജെപിക്കും പെരിന്തല്‍മണ്ണയും വള്ളിക്കുന്നും അത്യാവശ്യം വോട്ടുലഭിക്കുന്ന മണ്ഡലങ്ങളാണ്. എം ബി ഫൈസല്‍ സ്ഥാനാര്‍ഥിയായതോടെ കൊണ്ടോട്ടിയില്‍ നിന്നും കാര്യമായ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിലെ നില പരിശോധിക്കുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. 20 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫും 16 ഇടങ്ങളില്‍ എല്‍ഡിഎഫും നാലിടങ്ങളില്‍ എല്‍ഡിഎഫ് പിന്തുണയോടെ ജയിച്ച മുസ്ലിംലീഗ് വിരുദ്ധ സമിതിയുമാണുള്ളത്. ജില്ലാ പഞ്ചായത്തില്‍ 13 ഡിവിഷനുകളില്‍ യുഡിഎഫും മൂന്ന് ഡിവിഷനുകളില്‍ എല്‍ഡിഎഫ് അംഗങ്ങളുമാണുള്ളത്. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ പൂര്‍ണമായ അര്‍ഥത്തില്‍ ആറു ബ്ലോക്കുകളാണുള്ളത്.

മലപ്പുറം, വെങ്ങര, അരീക്കോട്, കൊണ്ടോട്ടി, മങ്കട, പെരിന്തല്‍മണ്ണ ബ്ലോക്കുകളാണിത്. ഇത് യുഡിഎഫിനാണെങ്കിലും മണ്ഡലത്തിന്റെ പലഭാഗങ്ങളിലും പുറത്തുള്ള ബ്ലോക്കുകളും ഉള്‍പ്പെടുന്നുണ്ട്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് അംഗങ്ങളൊന്നും നിലവില്‍ ബിജെപിക്കില്ല. അതേസമയം, ഗ്രാമപഞ്ചായത്തുകളിലെ 11 വാര്‍ഡുകളില്‍ ബിജെപിയുടെ അംഗങ്ങളാണു ജയിച്ചത്. മണ്ഡത്തിലെ 936 വാര്‍ഡുകളിലാണ് ബിജെപിക്കു നാമമാത്രമായ അംഗങ്ങളുള്ളത്. ഇതു കാര്യമായും പെരിന്തല്‍മണ്ണ, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് താനും. നാലു നഗരസഭകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും രണ്ട് വീതമാണ് ഭരണം.

കഴിഞ്ഞതവണ യുഡിഎഫിലെ ഇ അഹമദ് 1,94,745 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ പി കെ സൈനബയെ തോല്‍പ്പിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എന്‍ ശ്രീപ്രകാശിന് 64,705 വോട്ടുകളാണ് അന്നു ലഭിച്ചത്. മഞ്ചേരി ബാറിലെ അഭിഭാഷകനായ ശ്രീപ്രകാശിനെത്തന്നെയാണ് ഇത്തവണയും ബിജെപി ഗോദയിലിറക്കിയിരിക്കുന്നതന്നെ പ്രത്യേകതയുമുണ്ട്. രണ്ടു ലക്ഷത്തോളം വോട്ടുകളെങ്കിലും പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം, കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്ന ഘടകവും അത് തന്നെയാണ്. പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയായതോടെത്തന്നെ വിജയം ഉറപ്പിച്ചതായാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. 2009ല്‍ മലപ്പുറം ലോക്സഭാ മണ്ഡലം രൂപീകൃതമായതു മുതല്‍ പിന്നെ മുസ്ലിംലീഗിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഭൂരിപക്ഷം ഉയര്‍ന്നുകൊണ്ടേയിരിക്കുന്ന അവസ്ഥ.

2004ല്‍ മലപ്പുറം മണ്ഡലം രൂപീകൃതമാകുന്നതിനു മുമ്പ് മഞ്ചേരി മണ്ഡലത്തില്‍ നിന്നു മുസ്ലിംലീഗിലെ കെ പി എ മജീദിനെ തറപറ്റിച്ച് ടി കെ ഹംസ അട്ടിമറി വിജയം നേടിയിരുന്നു. അന്ന് എല്‍ഡിഎഫിനു വ്യക്തമായ സ്വാധീനമുള്ള കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, കുന്നമംഗലം നിയോജക മണ്ഡലങ്ങള്‍ മഞ്ചേരി ലോക്സഭാ മണ്ഡലത്തിലായിരുന്നു. യുഡിഎഫ് മലപ്പുറം മണ്ഡലത്തില്‍ പ്രതീക്ഷ വച്ചുപുലത്തുന്നതിന്റെ കാരണവും ഇതാണ്. ഇത്തവണ ലീഗ് കുത്തക തകര്‍ക്കുകയെന്ന ലക്ഷ്യം മാത്രമാണ് എല്‍ഡിഎഫിനുള്ളത്. എം ബി ഫൈസലിനു യുവാക്കള്‍ക്കിടയില്‍ കാര്യമായ സ്വാധീനമുണ്ട്. ഭൂരിപക്ഷം ഒരു ലക്ഷത്തിനു താഴെയാക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ സാങ്കേതികമായ അര്‍ഥത്തിലല്ലെങ്കില്‍പോലും എല്‍ഡിഎഫ് വിജയിച്ചപോലെയാണ്. മുസ്ലിംലീഗിന്റെ ആശങ്കയും അതു തന്നെയാണ്.

Read More >>