എം ബി ഫൈസല്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ സ്വീകാര്യനായത് എങ്ങനെ? മാച്ച് ഫിക്‌സിങ്ങിന്റെ മലപ്പുറം മോഡല്‍

അഡ്വ. ടി കെ റഷീദലിയുടെ പേരാണ് ഇടതു സ്ഥാനാര്‍ഥിയായി തുടക്കത്തില്‍ പറഞ്ഞുകേട്ടത്. പിന്നീട് ടി കെ ഹംസയിലെത്തിയപ്പോള്‍ അടുത്ത പരിഗണന റഷീദലിയ്ക്കും മൂന്നാമതായി ഫൈസലിന്റെ പേരും വന്നു. സംസ്ഥാന സെക്രട്ടറിയേറ്റിലും മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റിലും ഹംസ തന്നെയായി. ജില്ലാ കമ്മിറ്റിയിലെത്തിയപ്പോള്‍ ചിത്രം മാറി. ഹംസയും റഷീദലിയും വേണ്ട. ഫൈസല്‍ മതിയെന്നായി. അങ്ങനെയാണ് എം ബി ഫൈസലെത്തുന്നത്. മൂന്നാറും മദ്യശാലകള്‍ അടച്ചതും പരീക്ഷവിവാദവുമൊക്കെ ചര്‍ച്ചയായ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഐസ്‌ക്രീം വിഷയം അമ്പേ മറന്നു സ്ഥാനാര്‍ഥികള്‍. ഇടതിനൊപ്പം നില്‍ക്കുന്ന ഐഎന്‍എല്ലിനോടു പോലും ഐസ്‌ക്രീമിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് മുകളില്‍ നിന്ന് ഉത്തരവുണ്ടായി. നോമിനേഷനില്‍ ഒരു കോളം വിട്ട പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മിണ്ടാന്‍ എം ബി ഫൈസലിനും അവകാശമില്ലാതായത് അങ്ങനെയാണ്.

എം ബി ഫൈസല്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ സ്വീകാര്യനായത് എങ്ങനെ? മാച്ച് ഫിക്‌സിങ്ങിന്റെ മലപ്പുറം മോഡല്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐഎമ്മിലെ എം ബി ഫൈസല്‍ മുസ്ലിംലീഗിനും സ്വീകാര്യനാകുമ്പോള്‍ ബിജെപി മാത്രം ഉണ്ടയില്ലാത്ത വെടിപൊട്ടിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. കളി വേറെയാണു നടക്കുന്നത്. മലപ്പുറത്ത് എം ബി ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് നിരവധി അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. പരിചയ സമ്പന്നനല്ല, പാര്‍ലമെന്ററി രംഗത്തു ശോഭിക്കാന്‍ കഴിയില്ല. പക്ഷേ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ഫൈസല്‍ മത്സരിക്കേണ്ടത് യുഡിഎഫിനും ആവശ്യമായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയെന്ന കേരള രാഷ്ട്രീയത്തിലെ അതികായനു മുന്നില്‍ ഫൈസല്‍ ഒന്നുമല്ലെന്ന് സിപിഐഎമ്മിന് അറിയാത്ത കാര്യവുമല്ല. കുഞ്ഞാലിക്കുട്ടിക്കെതിരെ കട്ടയ്ക്കുനില്‍ക്കുന്ന ടി കെ ഹംസയെ തള്ളി ഫൈസലിനെ സ്ഥാനാര്‍ഥിയാക്കിയതിനു പിന്നിലെ ഒളി അജണ്ട ബിജെപി ആരോപിക്കുന്നപോലുള്ള ഗൗരവം കുറഞ്ഞ കാര്യമേയല്ല. അതു മനസ്സിലാക്കണമെങ്കില്‍ മലബാര്‍ രാഷ്ട്രീയത്തിന്റെ ഭൂതകാലത്തിലേക്ക് പോകണം. എന്നാലെ സംഭവം പിടികിട്ടുകയുള്ളു.

2004ല്‍ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ വാശിയേറിയ മത്സരം നടക്കുന്നു. മുസ്ലിംലീഗിലെ കെ പി എ മജീദാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫില്‍ നിന്നാകട്ടെ സിപിഐഎമ്മിലെ ടി കെ ഹംസയും. കാടിളക്കിയുള്ള പ്രചാരണവുമായി ഇരുകൂട്ടരും പോളിങ് ദിനം വരെ ഒപ്പത്തിനൊപ്പം നിന്നു. വോട്ടെണ്ണി ഫലം വന്നപ്പോള്‍ ടി കെ ഹംസ ജേതാവായി. മലപ്പുറത്തിന്റെ ചരിത്രത്തില്‍ ചുവപ്പ് പടര്‍ന്ന് കയറിയ ദിനം. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി കെ ടി ജലീലിനോടും മങ്കടയില്‍ എം കെ മുനീറുമെല്ലാം നിലപൊത്തിയ കാലമായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് കുഞ്ഞാലിക്കുട്ടിയുടെ തലയ്ക്കു മുകളില്‍ വട്ടമിട്ട കാലത്തുനിന്ന് പതിറ്റാണ്ടു പിന്നിട്ടപ്പോള്‍ ആരാണ് മുസ്ലിംലീഗ് എന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുണ്ടായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി അഥവാ മലപ്പുറംകാരുടെ സ്വന്തം കുഞ്ഞാപ്പ. പിന്നീട് കുഞ്ഞാലിക്കുട്ടിയുടെ കാലമായിരുന്നു മുസ്ലിംലീഗിലും യുഡിഎഫിലും. വേങ്ങര എംഎല്‍എ സ്ഥാനത്തു നിന്ന് മലപ്പുറം സ്ഥാനാര്‍ഥിയിലേക്ക് കുഞ്ഞാലിക്കുട്ടിയെത്തുമ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ദുര്‍ബലനായതെങ്ങനെയെന്നു പരിശോധിക്കേണ്ടതുണ്ട്.

മലപ്പുറത്ത് ഇപ്പോള്‍ ബിജെപി നടത്തുന്നൊരു പ്രചാരണമുണ്ട്. യുഡിഎഫ്- എല്‍ഡിഎഫ് മാച്ച് ഫിക്‌സിങ് എന്ന തരത്തില്‍. വോട്ടര്‍മാര്‍ക്കിടയിലും അങ്ങനെയൊരു സംശയത്തിനു വുകവയ്ക്കുന്ന നിരവധി കാര്യങ്ങളുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മങ്കടയില്‍ നിന്നു നേരിയ വോട്ടിനു പരാജയപ്പെട്ട അഡ്വ. ടി കെ റഷീദലിയുടെ പേരാണ് ഇടതു സ്ഥാനാര്‍ഥിയായി തുടക്കത്തില്‍ പറഞ്ഞുകേട്ടത്. പിന്നീട് ടി കെ ഹംസയിലെത്തിയപ്പോള്‍ അടുത്ത പരിഗണന റഷീദലിയ്ക്കും മൂന്നാമതായി ഫൈസലിന്റെ പേരും വന്നു. സംസ്ഥാന സെക്രട്ടറിയേറ്റിലും മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റിലും ഹംസ തന്നെയായി. ജില്ലാ കമ്മിറ്റിയിലെത്തിയപ്പോള്‍ ചിത്രം മാറി. ഹംസയും റഷീദലിയും വേണ്ട. ഫൈസല്‍ മതിയെന്നായി. അങ്ങനെയാണ് എം ബി ഫൈസലെത്തുന്നത്. മൂന്നാറും മദ്യശാലകള്‍ അടച്ചതും പരീക്ഷവിവാദവുമൊക്കെ ചര്‍ച്ചയായ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഐസ്‌ക്രീം വിഷയം അമ്പേ മറന്നു സ്ഥാനാര്‍ഥികള്‍. ഇടതിനൊപ്പം നില്‍ക്കുന്ന ഐഎന്‍എല്ലിനോടു പോലും ഐസ്‌ക്രീമിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് മുകളില്‍ നിന്ന് ഉത്തരവുണ്ടായി. നോമിനേഷനില്‍ ഒരു കോളം വിട്ട പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മിണ്ടാന്‍ എം ബി ഫൈസലിനും അവകാശമില്ലാതായത് അങ്ങനെയാണ്.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ മുരളീധന്‍ തുടങ്ങിയ കോണ്‍ഗ്രസിലെ കിങ് മേക്കര്‍മാരെല്ലാം ദിവസങ്ങളായി മലപ്പുറത്തു തമ്പടിച്ച് കുഞ്ഞാലിക്കുട്ടിക്കുവേണ്ടിയുള്ള പ്രചാരണത്തിലാണ്. വി എസ് അച്യുതാന്ദനും പിണറായി വിജയനും ഇതുവരെ മലപ്പുറത്തെത്തിയില്ല. അടുത്ത ദിവസങ്ങളില്‍ പ്രചാരണത്തിനെത്തുമെന്നാണ് വിവരം. വി എസ്സെത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ വയറു കാളുക സ്വാഭാവികം. ബ്ലോക്ക് ചെയ്ത ഐസ്‌ക്രീം പാര്‍ലര്‍ അദ്ദേഹം പുറത്തെടുത്തിടുമോയെന്ന ഭയം. പിണറായി വിജയന്റെ കാര്യത്തില്‍ പേടിക്കാനൊന്നുമില്ലതാനും.

പിണറായി വിജയന്‍ താനൂര്‍ സന്ദര്‍ശനത്തിനിടെ പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്ന് ബിജെപി പ്രചരിപ്പിക്കുമ്പോള്‍ ഇടതു- വലതു മുന്നണികള്‍ ഇത് നിഷേധിക്കാനോ പ്രതിരോധിക്കനോ തയ്യാറാവാത്തതാണ് സംശയമുദിക്കുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ കേസോ, അട്ടിമറിക്കേസോ എവിടെയും ചര്‍ച്ചയാവുന്നിമില്ല. കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങള്‍ പ്രചാരണത്തില്‍ വന്നിട്ടുമില്ല. പിണറായി- കുഞ്ഞാലിക്കുട്ടി ബന്ധം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായത് ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ കാലത്താണ്. കല്ലട സുകുമാരന്‍ റിപ്പോര്‍ട്ട് തള്ളി എം കെ ദാമോധരന്‍ റിപ്പോര്‍ട്ടുണ്ടാക്കിയത് ഇ കെ നായരനാരുടെ കാലത്താണെന്നുള്ള യാഥാര്‍ഥ്യം നമ്മുടെ മുന്നിലുണ്ട്. മാച്ച് ഫിക്‌സിങ് ആണെന്ന് ഉറപ്പിച്ചങ്ങു പറയാന്‍ കഴിയില്ലെങ്കിലും മലപ്പുറം തെരഞ്ഞെടുപ്പില്‍ എവിടൊക്കെയോ എന്തൊക്കെയ ചീഞ്ഞുനാറുന്നുണ്ടെന്നത് വസ്തുത തന്നെയാണ്. ചില അഡ്ജസ്റ്റ്‌മെന്റ് കളി നടക്കുന്നതായി മലപ്പുറത്തെത്തിയാല്‍ ബോധ്യമാകാതെ മടങ്ങാനും കഴിയില്ല.