ജുനൈദ് മുതൽ മലപ്പുറം പാസ്പോർട്ട് ഓഫീസ് വരെ; ലോക്സഭാംഗമെന്ന നിലയിൽ കുഞ്ഞാലിക്കുട്ടിയെ വേങ്ങര ചർച്ച ചെയ്യും

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് പോയി ക്യാമ്പ് ചെയ്യാമായിരുന്നുവെന്ന വിമര്‍ശനം ഉള്‍കൊള്ളുന്നുവെന്നും ബിജെപിക്കെതിരായുള്ള പോരാട്ടത്തില്‍ കുറച്ചുകൂടി അവധാനതയോടെയുള്ള സമീപനം ആവശ്യമാണെന്ന നിര്‍ദേശവും സ്വീകരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പിന്നീട് സമ്മതിച്ചിരുന്നു. ഭാവിയില്‍ ഇതുള്‍കൊണ്ടുള്ള സൂക്ഷ്മത പുലര്‍ത്തുമെന്ന് വ്യക്തമാക്കി പരസ്യപ്രസ്താവന നടത്തുന്ന നിലയിലേക്ക് കുഞ്ഞാലിയെക്കുട്ടിയെത്തി.

ജുനൈദ് മുതൽ മലപ്പുറം പാസ്പോർട്ട് ഓഫീസ് വരെ; ലോക്സഭാംഗമെന്ന നിലയിൽ കുഞ്ഞാലിക്കുട്ടിയെ വേങ്ങര ചർച്ച ചെയ്യും

വേങ്ങര നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടെ ലോക്സഭാംഗമെന്ന നിലയിലുള്ള പ്രവർത്തനം പ്രധാന ചർച്ചയാകും. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെത്തുടർന്നാണ് വേങ്ങരയിൽ തെരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത് എന്നതിനാൽ ഇതുസംബന്ധിച്ച കാര്യങ്ങൾ യുഡിഎഫിനും വിശദീകരിക്കേണ്ടി വരും. ഭൂരിപക്ഷ വർഗീയതയ്ക്കെതിരായി കുഞ്ഞാലിക്കുട്ടിയുടെ ശബ്ദം ലോക്സഭയിൽ മുഴങ്ങണമെന്നതായിരുന്നു മലപ്പുറം തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നോട്ടു വച്ച പ്രധാന മുദ്രാവാക്യം.

ലോക്സഭാംഗം എന്ന നിലയിലും പ്രതിപക്ഷ പാർട്ടികളിലെ പ്രധാന നേതാവ് എന്ന നിലയിലും കുഞ്ഞാലിക്കുട്ടിയുടെ പ്രകടനത്തെ വിലയിരുത്താൻ തന്നെയാണ് എൽഡിഎഫിന്റെ നീക്കം. വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചേര്‍ന്ന ഐഎന്‍എല്‍ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഇത്തരത്തിലുള്ള സൂചനയാണ് നൽകുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍പോലും വോട്ട് ചെയ്യാതെ ഒഴിഞ്ഞുമാറിയ ലീഗ് നേതൃത്വം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചതാണ് വേങ്ങര തെരഞ്ഞെടുപ്പ് എന്നാണ് കൺവെൻഷനിൽ സംസാരിച്ച ഐഎന്‍എല്‍ ദേശീയ ട്രഷറര്‍ ഡോ. എ എ അമീന്‍ പ്രസ്താവിച്ചത്.

പശുക്കൊലപാതകങ്ങളിൽ ഏറ്റവും നിഷ്ടൂരമായത് എന്ന നിലയിൽ ചർച്ച ചെയ്യപ്പെട്ട ജുനൈദ് വധവുമായി ബന്ധപ്പെട്ടാണ് ലോക്സഭാംഗമെന്ന നിലയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നത്. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം പി എന്നിവരുടെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ ജുനൈദിന്റെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് ഇ അഹമ്മദിന് പകരക്കാരനായി എത്തിയ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം ലീഗ് അണികളിൽ തന്നെ ഏറെ ചർച്ചയായി. ജൂലൈ മുപ്പത്തിയൊമ്പതിന് പാർലമെന്റിൽ സമാന കൊലപാതകങ്ങളെക്കുറിച്ച് നടന്ന ചർച്ചയിൽ പങ്കെടുത്ത് കുഞ്ഞാലിക്കുട്ടി സംസാരിച്ചു എന്നത് ചൂണ്ടിക്കാട്ടിയാണ് ലീഗ് നേതൃത്വം ഇതിനെ പ്രതിരോധിച്ചത്.

ഉത്തരേന്ത്യൻ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ഇ അഹമ്മദിന്റെ സ്ഥാനം ഏറ്റെടുക്കുന്നതിൽ കുഞ്ഞാലിക്കുട്ടി പരാജയപ്പെടുന്നു എന്ന ആരോപണം ഇതോടെ സജീവമാകുകയും ഭൂരിപക്ഷ വർഗീയതയെ പ്രതിരോധിക്കുന്നതിൽ നിന്നും ലീഗ് പിന്നോട്ട് പോകുന്നതായി ചൂണ്ടിക്കാണിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ ചർച്ചകൾ സജീവമാകുകയും ചെയ്തു.

തുടർന്ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരുന്ന സംഭവവും ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. എയർ ഇന്ത്യ വിമാനം വൈകിയതിനെത്തുടർന്നാണ് വോട്ടു ചെയ്യാൻ സാധിക്കാതെ പോയത്. വേണ്ടത്ര ഗൗരവത്തോടെ ഇത്തരം ഒരു വിഷയം കൈകാര്യം ചെയ്യുന്നതിൽ കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടതായി ലീഗ് അണികളിൽ നിന്നുപോലും അഭിപ്രായമുയർന്നിരുന്നു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് പോയി ക്യാമ്പ് ചെയ്യാമായിരുന്നുവെന്ന വിമര്‍ശനം ഉള്‍കൊള്ളുന്നുവെന്നും ബിജെപിക്കെതിരായുള്ള പോരാട്ടത്തില്‍ കുറച്ചുകൂടി അവധാനതയോടെയുള്ള സമീപനം ആവശ്യമാണെന്ന നിര്‍ദേശവും സ്വീകരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പിന്നീട് സമ്മതിച്ചിരുന്നു. ഭാവിയില്‍ ഇതുള്‍കൊണ്ടുള്ള സൂക്ഷ്മത പുലര്‍ത്തുമെന്ന് വ്യക്തമാക്കി പരസ്യപ്രസ്താവന നടത്തുന്ന നിലയിലേക്ക് കുഞ്ഞാലിയെക്കുട്ടിയെത്തി.

കരിപ്പൂർ വിമാനത്താവളം, മലപ്പുറം പാസ്പോർട്ട് ഓഫിസ്‌, ഹജ്ജ് യാത്രക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയിൽ നേതൃപരമായ പങ്ക് വഹിച്ചത് ഇ അഹമ്മദ് ആയിരുന്നു. മലപ്പുറം പാസ്പോർട്ട് ഓഫിസ്‌ അടച്ചുപൂട്ടാനുള്ള കേന്ദ്ര നീക്കം നടക്കുന്നുവെന്ന ഘട്ടത്തിൽ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുകളെ ഏറെ ഗൗരവത്തോടെയാണ് രാഷ്ട്രീയ ഭേദമന്യേ മലപ്പുറത്തുകാർ നിരീക്ഷിക്കുന്നു. എന്നാൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചതിനപ്പുറത്തേക്ക് കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ കുഞ്ഞാലിക്കുട്ടി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

Read More >>