മുസ്‍ലിം ലീ​ഗിന് ബദലായി പുതിയ പാർട്ടിയുമായി കെ ടി ജലീൽ; ഘടകകക്ഷി സ്ഥാനം വാ​ഗ്ദാനം ചെയ്ത് സിപിഐഎം

ജലീലിന്റെ നേതൃത്വത്തിൽ പാർട്ടി രൂപീകരിക്കുകയാണെങ്കിൽ കേരളത്തിൽ എൽഡിഎഫിലെ ഘടകകക്ഷി സ്ഥാനം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജലീലിനു വാഗ്ദാനം നൽകിയിട്ടുണ്ട്.

മുസ്‍ലിം ലീ​ഗിന് ബദലായി പുതിയ പാർട്ടിയുമായി കെ ടി ജലീൽ; ഘടകകക്ഷി സ്ഥാനം വാ​ഗ്ദാനം ചെയ്ത് സിപിഐഎം

മുസ്‍ലിം ലീ​ഗിന് ബദലായി തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി വരുന്നതായി സൂചന. 'ഇന്ത്യൻ സെക്കുലർ ലീഗ്' എന്നായിരിക്കും പുതിയ പാർട്ടിയുടെ പേരെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന നിലവിലുള്ള ഇസ്ലാമിക പാർട്ടികൾ പുതിയ പാർട്ടിയിൽ ലയിക്കാനും ധാരണയായതായി അറിയുന്നു. ഇതോടെ ഈ പാർട്ടിക്ക് എൽഡിഎഫിൽ ഘടകകക്ഷി സ്ഥാനവും ലഭിക്കുമെന്നാണ് വിവരം.

മലബാറിൽ വൻ ശക്തിയായിരിക്കുന്ന മുസ്‍ലിം ലീ​ഗിനെ തകർക്കാൻ മറ്റൊരു ഇസ്ലാമിക പാർട്ടിയുണ്ടാക്കുന്നതാണ് നല്ലതെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. ലീ​ഗിന്റെ ശക്തി ക്ഷയിപ്പിക്കാൻ ഇതിലും നല്ലൊരു മാർ​ഗമില്ലെന്ന കണക്കുകൂട്ടലിലാണ് അവർ. ഈ സാഹചര്യത്തിൽ സിപിഐഎം നേതൃത്വത്തിന്റേയും മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുടേയും നിർലോഭ പിന്തുണയും ഈ നീക്കത്തിനുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.



ജലീലിന്റെ നേതൃത്വത്തിൽ പാർട്ടി രൂപീകരിക്കുകയാണെങ്കിൽ കേരളത്തിൽ എൽഡിഎഫിലെ ഘടകകക്ഷി സ്ഥാനം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജലീലിനു വാഗ്ദാനം നൽകിയിട്ടുണ്ട്. നിലവിലുള്ള ചെറിയ മുസ്‌ലിം രാഷ്ട്രീയ പാർട്ടികളായ ഇന്ത്യൻ നാഷണൽ ലീഗ്, പിടിഎ റഹീമിന്റെ നാഷനൽ സെക്കുലർ കോൺഫറൻസ് എന്നിവ പുതിയ പാർട്ടിയിൽ ലയിക്കും. മേൽപറഞ്ഞ പാർട്ടികളെ കൂടാതെ, തമിഴ്‍നാട്ടിലെ മുസ്‌ലിം പാർട്ടികളായ മനിതെയാ മക്കൾ കട്ച്ചി, തമിഴ്നാട് മുസ്‌ലിം മുന്നേറ്റ കഴകം, ഹൈദരാബാദിലെ മജ്‌ലിസ് ബചാവോ തെഹ്‌രീക്, മഹാരാഷ്ട്രയിലെ ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ് പാർട്ടി, ഉത്തർപ്രദേശിലെ പാർട്ടികളായ പീസ് പാർട്ടി ഓഫ് ഇന്ത്യ, ക്വമി ഏകതാ ദൾ, ഓൾ ഇന്ത്യ മുസ്‌ലിം മജ്‌ലിസ്, ഓൾ ഇന്ത്യ മുസ്‌ലിം ഫോറം, പർച്ചം പാർട്ടി ഓഫ് ഇന്ത്യ, നാഷണൽ ലോക് താന്ത്രിക് പാർട്ടി, മോമിൻ കോൺഫറൻസ്, ഇത്തിഹാദ്-ഇ-മില്ലത് കൗൺസിൽ, ബംഗാളിലെ പ്രോഗ്രസീവ് മുസ്‌ലിം ലീഗ്, അസമിലെ യുണൈറ്റഡ് മൈനോറിറ്റീസ് ഫ്രണ്ട് എന്നീ കക്ഷികളും പുതിയ പാർട്ടിയിൽ ലയിക്കുമെന്നാണ് സൂചന.

പാർട്ടിക്കു കേരളം കൂടാതെ തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഘടകങ്ങൾ ഉണ്ടായിരിക്കും. കെ ടി ജലീലിനെ കൂടാതെ എംഎൽഎമാരായ പി ടി എ റഹിം, കാരാട്ട് റസാഖ്, പി വി അൻവർ, വി അബ്ദുറഹ്മാൻ എന്നിവർ പുതിയ പാർട്ടിയിൽ ചേരുന്നതോടെ പാർട്ടിക്കു നിയമസഭയിൽ അഞ്ചു എംഎൽഎമാരുണ്ടാകുമെന്നാണ് കരുതുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം അല്ലെങ്കിൽ പൊന്നാനി ലോക്സഭാ മണ്ഡലം പുതിയ പാർട്ടിക്കു നൽകിയേക്കും. ചിലപ്പോൾ രണ്ടു മണ്ഡലങ്ങളും പാർട്ടിക്കു ലഭിക്കും. മലപ്പുറം, പൊന്നാനി, കോഴിക്കോട്, കാസർഗോഡ്, വയനാട് എന്നീ മണ്ഡലങ്ങളിൽ പുതിയ പാർട്ടിക്കു നിർണായക സ്വാധീനമുണ്ടെന്നാണു കെ ടി ജലീലും, പി ടി എ റഹീമും, പി വി അൻവറും അവകാശപ്പെടുന്നത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, എംഇഎസ് അധ്യക്ഷൻ ഫസൽ ഗഫൂർ എന്നിവരും ഈ രാഷ്ട്രീയ നീക്കത്തോട് സഹകരിക്കുന്നുണ്ടെന്നാണ് വിവരം.



അതേസമയം, പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കെ ടി ജലീല്‍ രം​ഗത്തെത്തി. അത്തരം നീക്കങ്ങളൊന്നും നടത്തുന്നില്ലെന്നും അങ്ങനെയൊക്കെ ചെയ്യാൻ തനിക്കെന്താ പ്രാന്തുണ്ടോ എന്നും ജലീൽ ചോദിച്ചു.

Read More >>