മോദിഭക്ത പരാമർശം: കെ വി തോമസിനെതിരെ പാർട്ടി നടപടിക്കൊരുങ്ങുന്നു; കെപിസിസി വിശദീകരണം തേടി

സ്വന്തം പാർട്ടിയായ കോൺഗ്രസിന്റെ നേതാക്കളേക്കാൾ ഞാൻ കൂടുതൽ കംഫർട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്'- എന്നായിരുന്നു കെ വി തോമസിന്റെ പ്രസ്താവന.

മോദിഭക്ത പരാമർശം: കെ വി തോമസിനെതിരെ പാർട്ടി നടപടിക്കൊരുങ്ങുന്നു; കെപിസിസി വിശദീകരണം തേടി

മോദിഭക്ത പരാമർശം നടത്തിയ കോൺ​ഗ്രസ് എംപി കെ വി തോമസിനെതിരെ പാർട്ടി നടപടിക്കൊരുങ്ങുന്നു. പ്രസ്താവനയിൽ കെപിസിസി അധ്യക്ഷൻ ‌എം എം ഹസന്‍ വിശ​ദീകരണം തേടി. ജനദ്രോഹ ഭരണത്തിനു നേതൃത്വം നല്‍കുകയും അക്രമത്തിനും ക്രൂരതയ്ക്കും പിന്തുണ നല്‍കുകയും ചെയ്യുന്ന പ്രധാനമന്ത്രിയെക്കുറിച്ച് ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.

ഇന്നലെ കൊച്ചിയില്‍ കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു കെ വി തോമസ് മോദിയെ പ്രകീർത്തിച്ച് സംസാരിച്ചത്. സ്വന്തം പാർട്ടിയായ കോൺഗ്രസിന്റെ നേതാക്കളേക്കാൾ ഞാൻ കൂടുതൽ കംഫർട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്'- എന്നായിരുന്നു കെ വി തോമസിന്റെ പ്രസ്താവന. മികച്ച ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും കെ വി തോമസ് പ്രഖ്യാപിച്ചു. മാത്രമല്ല, ഇതു നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

'തന്റെ നടപടികളെ കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന നേതാവാണ് മോദി'- കെ വി തോമസ് പറഞ്ഞിരുന്നു. രണനിർവഹണത്തിൽ വിദഗ്ധനാണ് മോദി എന്നും കെ വി തോമസ് പറഞ്ഞിരുന്നു. കെ വി തോമസിന്റെ മോദിഭക്ത പ്രസ്താവനയ്ക്കെതിരെ കോൺ​ഗ്രസ് പ്രവർത്തക്കിടയിൽ കടുത്ത എതിർപ്പാണുയർന്നത്. സോഷ്യൽമീഡിയയിലടക്കം കെ വി തോമസിനെ രൂക്ഷമായി വിമർശിച്ചും ട്രോളിയും കോൺ​ഗ്രസ് പ്രവർത്തകർ രം​​ഗത്തെത്തിയിരുന്നു. ആപത്ക്കരമായ മോദിയുടെ ഹിന്ദുത്വ നടപടികൾക്ക് പ്രത്യക്ഷ പിന്തുണയാണ് കെ വി തോമസിന്റെ "കംഫർട്ടബിൾ"പരാമർശമെന്നാണ് വിലയിരുത്തൽ. പ്രതിഷേധം ശക്തമായതോടെ വിശദീകരണം തേടാൻ പാർട്ടി നിർബന്ധിതരാവുകയായിരുന്നു.

Read More >>