കെപിഎ മജീദ് പിന്മാറി; ലീഗ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും

വേങ്ങരയിൽ മത്സരിക്കുന്നതിൽ നിന്ന് മുതിർന്ന നേതാക്കൾ വിട്ടു നിൽക്കണമെന്നും യുവാക്കൾക്കു മത്സരിക്കാൻ അവസരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗും എംഎസ്എഫും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നുണ്ടായ ചർച്ചകൾക്കൊടുവിലാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായ മജീദ് പിന്മാറിയതെന്നാണ് സൂചന. എന്നാൽ സംഘടനാപരമായ ഉത്തരവാദിത്വം കണക്കിലെടുത്താണ് പിന്മാറ്റമെന്നാണ് കെപിഎ മജീദിന്റെ പ്രതികരണം.

കെപിഎ മജീദ് പിന്മാറി; ലീഗ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന കെപിഎ മജീദ് പിന്മാറി. ലീഗിലെ യുവനേതാക്കളുടെ പ്രതിഷേധത്തെ തുടർന്നാണ് പിന്മാറ്റം. വേങ്ങരയിലെ ലീഗ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും.

വേങ്ങരയിൽ മത്സരിക്കുന്നതിൽ നിന്ന് മുതിർന്ന നേതാക്കൾ വിട്ടു നിൽക്കണമെന്നും യുവാക്കൾക്കു മത്സരിക്കാൻ അവസരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗും എംഎസ്എഫും പരസ്യമായി രംഗത്തെത്തിയിരുന്നു. മുസ്ലീം ലീഗിനകത്തെ യുവ നേതാക്കളും ഇതേ ആവശ്യം പാർട്ടിക്കുള്ളിൽ ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ ചർച്ചകൾക്കൊടുവിലാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായ മജീദ് പിന്മാറിയതെന്നാണ് സൂചന.

എന്നാൽ സംഘടനാപരമായ ഉത്തരവാദിത്വം കണക്കിലെടുത്താണ് പിന്മാറ്റമെന്നാണ് കെപിഎ മജീദിന്റെ പ്രതികരണം. പ്രത്യേകിച്ച് പ്രതിപക്ഷത്തിരിക്കുന്ന സമയത്ത് സംഘടനാ ചുമതലകൾ നോക്കേണ്ട ആൾ നിയമസഭയിലേക്കു പോവുക എന്നതിനോട് തനിക്കു വ്യക്തിപരമായി യോജിപ്പില്ല. തനിക്കു കൂടുതലിഷ്ടം സംഘടനാപരമായ പ്രവർത്തനങ്ങളാണെന്നും മജീദ് കൂട്ടിച്ചേർത്തു.

യുവാക്കൾക്കു മത്സരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രംഗത്തു വന്ന എംഎസ്എഫ് ദേശീയ ജോയിന്റ് സെക്രട്ടറി എൻകെ കരീമിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ ഏറ്റവും സാധ്യത കല്പിച്ചിരുന്ന കെപിഎ മജീനെ പരോക്ഷമായി വിമർശിച്ചു കോണ്ടു കൂടിയാണ് കരീം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതിനു പിന്തുണയുമായി ലീഗിലെ നിരവധി പേർ രംഗത്തു വന്നിരുന്നു. പോസ്റ്റ് പിന്നീട് എൻകെ കരീം പിൻവലിക്കുകയും ചെയ്തിരുന്നു.

മജീദിന്റെ പിന്മാറ്റത്തോടെ മറ്റു പലരുടെയും പേര് ലീഗിനുള്ളിൽ ഉയരുന്നുണ്ട്. മുതിർന്ന നേതാക്കളായ കെഎൻഎ ഖാദർ, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവരെ കൂടാതെ ലീഗിന്റെ യുവജനമുഖമായ പികെ ഫിറോസും അടക്കമുള്ളവർ സാധ്യാതാപ്പട്ടികയിലുണ്ട്.

പികെ കുഞ്ഞാലിക്കുട്ടി പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. വേങ്ങര എംഎൽഎ ആയിരുന്ന കുഞ്ഞാലിക്കുട്ടി മലപ്പുരം പാർലമെന്റ് മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. വേങ്ങരയിൽ മുമ്പ് കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ട പിപി ബഷീറാണ് വേങ്ങരയിലെ ഇടതു സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

Read More >>