വീണ്ടും സിപിഐഎം- മാണി ബാന്ധവം; കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണയില്‍ കേരള കോണ്‍ഗ്രസിനു വിജയം

പറ്റിക്കാതിരിക്കാനുള്ള മനോഭാവം മാണികാണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ടോമി കല്ലാനി പറഞ്ഞു. തീരുമാനം പ്രാദേശിക തീരുമാനമല്ലെന്നു വ്യക്തമാകുന്നതാണ് ഈ നീക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു...

വീണ്ടും സിപിഐഎം- മാണി ബാന്ധവം; കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണയില്‍ കേരള കോണ്‍ഗ്രസിനു വിജയം

കോട്ടയം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വീണ്ടും സിപിഐഎമ്മിന്റെ പിന്തുണ. സിപിഐഎം യോഗത്തിലെ തീരുമാന പ്രകാരമാണ് മാണി കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതെന്നാണ് സൂചന. 12 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി വിജയിച്ചത്.

കേരള കോണ്‍ഗ്രസ് എമ്മിനായി സെബാസ്റ്റിയന്‍ കുളത്തിങ്കലും കോണ്‍ഗ്രസിനായി ലിസമ്മ ബേബിയുമാണ് മത്സരിച്ചത്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയെ സിപിഐഎം പിന്തുണച്ചുവെന്നാണ് സിപിഐഎം നേതാക്കള്‍ ഉയര്‍ത്തുന്ന വാദം. വോട്ടെടുപ്പില്‍ നിന്നും സിപിഐയും പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയും വിട്ടുനിന്നു.

മുന്‍ തീരുമാനം പോലെ തന്നെ സിപിഐ വിട്ടു നില്‍ക്കുമെന്ന് ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ നാരദാ ന്യൂസിനോടു പറഞ്ഞിരുന്നു. പി സി ജോര്‍ജ്ജിന്റെ ജനപക്ഷം അംഗം വോട്ട് അസാധുവാക്കി. ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലും അവര്‍ ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത് .

കോണ്‍ 8, കേരളാ കോണ്‍ എം 6 , സിപിഎം 6, സിപിഐ 1, പി സി ജോര്‍ജ്ജ് 1, എന്നതാണ് നിലവിലെ കക്ഷി നില . ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന ലിസമ്മ ബേബി ആ സ്ഥാനം രാജി വച്ചാണ് വികസനകാര്യ സ്ഥിരം സമിതിയിലേക്ക് മത്സരിച്ചത്.

കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രതിനിധി സഖറിയാസ് കുതിരവേലി സിപിഐഎം പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്നു ഒരംഗത്തിന്റെ ഒഴിവു വരികയായിരുന്നു. നിലവില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും സിപിഐഎമ്മിനും ഓരോ അംഗം വീതമാണുളളത്. നേരത്തെ നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി സഖറിയാസ് കുതിരവേലി വിജയിച്ചിരുന്നത് വന്‍ വിവാദത്തിനു തിരികൊളുത്തിയിരുന്നു.

മാണി കോണ്‍ഗ്രസ് പ്രതിനിധി സിപിഐഎം പിന്തുണ സ്വീകരിച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്തു വന്നുകഴിഞ്ഞു. പറ്റിക്കാതിരിക്കാനുള്ള മനോഭാവം മാണികാണിക്കണമെന്നു കോണ്‍ഗ്രസ് നേതാവ് ടോമി കല്ലാനി പറഞ്ഞു. തീരുമാനം പ്രാദേശിക തീരുമാനമല്ലെന്നു വ്യക്തമാകുന്നതാണ് ഈ നീക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രസ്തുത തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണ സ്വീകരിച്ച കാര്യം താന്‍ അറിഞ്ഞിരുന്നില്ല എന്ന നിലപാടിലാണ് കെ എം മാണി.

Read More >>