ഫസൽ വധം: പുതിയ വെളിപ്പെടുത്തലിന്മേൽ അന്വേഷണം നടത്താൻ സിബിഐ തയ്യാറാവണമെന്നു കോടിയേരി

ആർഎസ്എസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിൽ സിബിഐ ദുരഭിമാനം വെടിഞ്ഞ് യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാൻ സഹകരിക്കണം. അതിനു പകരം തങ്ങൾക്കു പറ്റിയ തെറ്റ് ന്യായീകരിക്കുന്ന സമീപനം സിബിഐ സ്വീകരിക്കുന്നത് നീതിന്യായ വ്യവസ്ഥയ്ക്കു വെല്ലുവിളിയാണ്- കോടിയേരി ആവശ്യപ്പെട്ടു.

ഫസൽ വധം: പുതിയ വെളിപ്പെടുത്തലിന്മേൽ അന്വേഷണം നടത്താൻ സിബിഐ തയ്യാറാവണമെന്നു കോടിയേരി

ഫസൽ വധത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന നിർണായക വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേസിൽ കൂടുതൽ അന്വേഷണം നടത്താൻ സിബിഐ തയ്യാറാവണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസ് പ്രവർത്തകനായ സുബീഷാണ് ഫസൽ വധത്തിനു പിന്നിൽ തങ്ങളാണെന്നു പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴിപ്രകാരം യഥാർത്ഥ പ്രതികളെയല്ല സിബിഐ നേരത്തെ പ്രതി ചേർത്തതെന്ന വസ്തുത പുറത്തുവന്നിരിക്കുകയാണെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ സാഹചര്യത്തിൽ സിബിഐ ദുരഭിമാനം വെടിഞ്ഞ് യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാൻ സഹകരിക്കണം. അതിനു പകരം തങ്ങൾക്കു പറ്റിയ തെറ്റ് ന്യായീകരിക്കുന്ന സമീപനം സിബിഐ സ്വീകരിക്കുന്നത് നീതിന്യായ വ്യവസ്ഥയ്ക്കു വെല്ലുവിളിയാണ്. കോടതിക്കു മുന്നിൽ ഈ പ്രശ്നമെത്തിയ സാഹചര്യത്തിൽ ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ കോടതി സന്ന​ദ്ധമാകും. യഥാർത്ഥ പ്രതികൾ തന്നെ അതിൽ വിചാരണ ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാക്കാൻ സാധിക്കത്തക്കവിധം ഫസൽവധക്കേസിൽ കൂടുതൽ അന്വേഷണത്തിനു കോടതി ഉത്തരവിടണം.

ഫസൽ വധവുമായി ബന്ധപ്പെട്ട് സിബിഐ സിപിഐഎമ്മിന്റെ ചില നേതാക്കളെ കേസിൽ തെറ്റായി ഉൾപ്പെടുത്തി. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം കാരായി രാജൻ, ഏരിയാ സെക്രട്ടറി കാരായി ചന്ദ്രശേഖരൻ എന്നിവരെ ​ഗൂഡാലോചന കുറ്റം ചുമത്തിയാണ് പ്രതി ചേർത്തത്. എന്നാൽ കൊല നടത്തിയത് ആർഎസ്എസ് ആണെന്നു പൊലീസിനു മൊഴി ലഭിക്കുകയും അത് സിബിഐ കോടതിക്കു മുന്നിൽ സമർപ്പിക്കുകയും ചെയ്തിരിക്കുകയാണ്. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത കേസിൽ ചിലർ പ്രതി ചേർക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന അവസ്ഥ നീതിന്യായ വ്യവസ്ഥയിലുണ്ടാവരുത്.

ആർഎസ്എസ് കേരളത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. അവർ ഒരു കൊലപാതകം ചെയ്തിട്ട് അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുന്ന പ്രവണത. ആർഎസ്എസിന്റെ ഇത്തരം പ്രവർത്തനങ്ങൾ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും എതിരാണ്. ഇത് കണക്കിലെടുത്ത് ജനാധിപത്യ-മതനിരപേക്ഷ ക​ക്ഷികളെ അണിനിരത്തി ആർഎസ്എസ്-ബിജെപി ശക്തികളുടെ ഇത്തരം പ്രവർത്തനങ്ങളെ ഒറ്റപ്പെടുത്താനുള്ള വിവിധ പ്രചരണ പരിപാടികൾ സിപിഐഎം സംഘടിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം, കോഴിക്കോട് ജില്ലാ സെക്രട്ടറിക്കു നേരെയുണ്ടായ കൊലപ്പെടുത്താനുള്ള ആസൂത്രിതമായ ആക്രമണമാണെന്നും

ഇത് പ്രതിഷേധാർഹമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. അമിത് ഷായുടെ മൂന്നുദിവസത്തെ സന്ദർശനത്തിനു ശേഷം കേരളത്തിൽ ആർഎസ്എസ്-ബിജെപി സംഘത്തിന്റെ ആക്രമണം ശക്തിപ്പെട്ടിരിക്കുകയാണ്. പല പ്രദേശങ്ങളിലും അമിത് ഷാ നടത്തിയ പ്രസം​ഗം അതിനു പ്രചോദനമായെന്നും കോടിയേരി കൂട്ടിച്ചേർത്തു.