ശ്രീധരന്‍ പിള്ളയ്ക്ക് എതിരെ കേസെടുക്കണം; തന്ത്രി കുടുംബത്തെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം: കോടിയേരി

ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തന്ത്രി കുടുംബത്തിന് എതിരെ കോടിയേരി കടുത്ത നിലപാട് എടുത്തത്

ശ്രീധരന്‍ പിള്ളയ്ക്ക് എതിരെ കേസെടുക്കണം; തന്ത്രി കുടുംബത്തെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം: കോടിയേരി

ശബരിമല തന്ത്രി കുടുംബത്തിന് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തന്ത്രി കുടുംബത്തിന് എതിരെ കോടിയേരി കടുത്ത നിലപാട് എടുത്തത്. ശബരിമലയില്‍ ബിജെപി ഉന്നതതല ഗൂഢാലോചന നടത്തി എന്നും കോടിയേരി ആരോപിച്ചു. യുവതികള്‍ പ്രവേശിച്ചാല്‍ ശബരിമല നട അടയ്ക്കാമെന്ന് തന്ത്രി കണ്ഠരര് രാജീവരര് പ്രഖ്യാപിച്ചത് താനുമായി കൂടിയാലോചിച്ച ശേഷമാണ് എന്ന വെളിപ്പെടുത്തലാണ് ശ്രീധരന്‍ പിള്ള നടത്തിയത്.

ഈ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ ശ്രീധരന്‍ പിള്ളയ്ക്ക് എതിരെ കേസ് എടുക്കണം. അന്വേഷണത്തില്‍ തന്ത്രി കുടുംബത്തെയും ഉള്‍പ്പെടുത്തണം. ഉന്നതതല അന്വേഷണം നടത്തണം. ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം- കോടിയേരി

ബിജെപി ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു എന്ന ആരോപണം ശരിവയ്ക്കുന്നതാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിശ്വാസികളോടൊപ്പമല്ല രാഷ്ട്രീയ താല്‍പ്പര്യത്തോടെയാണ് ശബരിമലയില്‍ ബിജെപി സമരത്തിന് ഇറങ്ങിയിരിക്കുന്നത്. രഹസ്യ അജണ്ടയാണ് അവര്‍ നടപ്പിലാക്കുന്നത്. പിള്ളയുടെ മനസിലിരിപ്പ് ബിജെപിയുടേയും സംഘപരിവാറിന്റെയും അജണ്ടയാണ് പുറത്തെത്തിച്ചത്. ഇതോടെ ബിജെപിയുടെ യഥാര്‍ത്ഥ മുഖം പുറത്തു വന്നിരിക്കുന്നു. അവരുടെ ഗൂഢോദ്ദേശം വ്യക്തമായി- ചെന്നിത്തല വ്യക്തമാക്കി.

Read More >>