കോട്ടയത്തു നടന്നത് രാഷ്ട്രീയ സഖ്യമല്ലെന്നു കോടിയേരി; കേരളാ കോണ്‍ഗ്രസിനെ പിന്തുണച്ചത് തെരഞ്ഞെടുപ്പ് നീക്കുപോക്കു മാത്രം

തെരഞ്ഞെടുപ്പ് നീക്കുപോക്കു മാത്രമാണ് ഇക്കാര്യത്തിലുള്ളതെന്നും കോടിയേരി വ്യക്തമാക്കി. പിന്തുണ നല്‍കിയ സംഭവം പ്രാദേശിക വിഷയം മാത്രമാണെന്നും സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്തു നടന്നത് രാഷ്ട്രീയ സഖ്യമല്ലെന്നു കോടിയേരി; കേരളാ കോണ്‍ഗ്രസിനെ പിന്തുണച്ചത് തെരഞ്ഞെടുപ്പ് നീക്കുപോക്കു മാത്രം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു മത്സരിച്ച കേരള കോണ്‍ഗ്രസ് എം അംഗത്തിനു പിന്തുണ പ്രഖ്യാപിച്ച സിപിഎം നിലപാട് രാഷ്ട്രീയ സഖ്യമല്ലെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്തു മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തെരഞ്ഞെടുപ്പ് നീക്കുപോക്കു മാത്രമാണ് ഇക്കാര്യത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പിന്തുണ നല്‍കിയ സംഭവം പ്രാദേശിക വിഷയം മാത്രമാണെന്നും സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

കോട്ടയത്ത് കേരളാ കോണ്‍ഗ്രസിനു നല്‍കിയ പിന്തുണ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിരുന്നെന്നു വ്യക്തമാക്കി സിപിഐഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസ്-ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ ഉണ്ടാക്കാനായിരുന്നു വിശാഖപ്പട്ടണത്തു ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത നിലപാടെന്നും അതുകൊണ്ടുതന്നെ തങ്ങളുടെ പൊതുവിലുള്ള രാഷ്ട്രീയ നയം ഇതായിരിക്കുമെന്നും ഇതു തന്നെയായിരിക്കും ഇനിയും സ്വീകരിക്കുകയെന്നും വി എന്‍ വാസവന്‍ ചൂണ്ടിക്കാട്ടിയിരുന്നു.