മാണിയ്ക്കു വിനയായി സ്വന്തം ജൂബിലി പുസ്തകം: വിമോചന സമരത്തിലെ സൂത്രന്‍; രണ്ട് ഇഎംഎസ് മന്ത്രിസഭകളെ നിലത്തടിച്ച വില്ലന്‍

സാമുദായിക മുതലാളിമാരുടെ സമരത്തെ രഹസ്യമായി ഏറ്റെടുത്ത് വിമോചന സമരമാക്കി കോണ്‍ഗ്രസിന്റെ തലയില്‍ കൊടുത്ത കുബുദ്ധി ആരുടേതായിരുന്നു? രണ്ട് ഇഎംഎസ് സര്‍ക്കാരുകളെ നിലത്തടിച്ചതിലെ കെ എം മാണിയുടെ പങ്ക് രാഷ്ട്രീയ നേട്ടമായി ഉന്നയിക്കുകയാണ്, അദ്ദേഹത്തിന്റെ ജൂബിലി പുസ്തകം

മാണിയ്ക്കു വിനയായി സ്വന്തം ജൂബിലി പുസ്തകം: വിമോചന സമരത്തിലെ സൂത്രന്‍; രണ്ട് ഇഎംഎസ് മന്ത്രിസഭകളെ നിലത്തടിച്ച വില്ലന്‍

സിപിഐഎമ്മിനെ സംബന്ധിച്ച് കെ.എം മാണി ഒരിക്കലും മിത്രമല്ല. വിമോചന സമരത്തിലൂടെ ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിച്ച ഗൂഢാലോചന നടത്തിയതിലെ മുഖ്യസൂത്രധാരനാണു‍ കെ എം മാണി. കെപിസിസി അംഗമായിരുന്ന മാണിയും തലതൊട്ടപ്പനായ പി ടി ചാക്കോയും നടത്തിയ ഗൂഢാലോചനയിലൂടെയാണു വിമോചന സമരത്തിലേയ്ക്കു കോണ്‍ഗ്രസിനെ വലിച്ചിട്ടത് എന്നു സമ്മതിക്കുന്ന രേഖ മാണിയുടെ സിപിഐഎം ബാന്ധവത്തിന് തിരിച്ചടി.

കെ.എം മാണിയുടെ ജൂബിലിയ്ക്കു കേരള കോണ്‍ഗ്രസ് യൂത്ത് ഫ്രണ്ടിനു വേണ്ടി 1993ല്‍ പ്രസിദ്ധീകരിച്ച ജൂബിലി സ്മരണകള്‍ എന്ന പുസ്തകം കമ്യൂണിസ്റ്റ് സര്‍ക്കാരുകളെ താഴെയിറക്കാന്‍ മാണി നടത്തിയ കുത്സിത നീക്കങ്ങളെ ആവേശപൂര്‍വ്വം ഏറ്റുപറയുന്നു. കേരള കോണ്‍ഗ്രസ് (എം)ന്റെ അന്നത്തെ ജനറല്‍ സെക്രട്ടറി ജോയി നടുക്കരയാണ് ഔദ്യോഗികമായി മാണിയുടെ ജീവചരിത്രം പുസ്തകത്തിലെഴുതിയിരുക്കുന്നത്.

1957ല്‍ ലോക കമ്യൂണിസ്റ്റ് ചരിത്രത്തിലെ ചുവന്ന ലിപിയില്‍ കേരളം പതിഞ്ഞു- ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സര്‍ക്കാരായി ഇ.എം.എസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. സര്‍ക്കാരിനെ ഗവര്‍ണര്‍ വിമോചന സമരത്തെ തുടര്‍ന്ന് പിരിച്ചു വിട്ടു. 1967ലാണ് വീണ്ടും ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്.

ആദ്യ ഇഎംഎസ് സര്‍ക്കാര്‍ 15 മാസവും രണ്ടാമത്തേ സര്‍ക്കാർ 33 മാസവും ഭരിക്കാനേ മാണി അനുവദിച്ചുള്ളു - ഇഎംഎസ് സര്‍ക്കാരിനെ താഴെ വീഴ്ത്തിയെന്നതാണ് മാണിയുടെ രാഷ്ട്രീയ അടിത്തറ. വിമോചന സമരത്തിലൂടെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച ശേഷം 1967ലെ തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെ സ്ഥാനമേറ്റ ഇഎംഎസ് സര്‍ക്കാരിനെ മാണിയെങ്ങനെ നിലത്തടിച്ചുവെന്ന് പുസ്തകത്തിലൂടെ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൃത്യമായി പറയുന്നു:

'ശുഷ്കമായ പ്രതിപക്ഷവും മൃഗീയ ഭൂരിപക്ഷമുള്ള ഭരണകക്ഷിയുമായി പ്രവര്‍ത്തനം ആരംഭിച്ച 67ലെ ഇഎംഎസ് മന്ത്രിസഭയുടെ ഭരണം 33 മാസം മാത്രമേ നീണ്ടുള്ളു. ആ ഭരണത്തിന്റെ തകര്‍ച്ചയുടെ പ്രധാന കാര്‍മ്മികന്‍ ശ്രീ. കെ.എം മാണി തന്നെയായിരുന്നു. ഗവൺമെന്റിന്റെ ദുര്‍ഭരണത്തിന്റേയും അഴിമതികളുടേയും തെളിവുകളുമായി നിയമസഭയില്‍ ഓരോ ദിവസവും അദ്ദേഹം അവിസ്മരണീയമായ പോരാട്ടങ്ങളാണ് നടത്തിയത്. ആരോപണങ്ങളുന്നയിക്കുന്നതിലും അതു തെളിയിക്കുന്നതിലും അദ്ദേഹം തെളിയിച്ച കര്‍മ്മ കുശലതയും വൈഭവവും അതുല്യമായിരുന്നു. ഫോട്ടോസ്റ്റാറ്റുകള്‍ നിറച്ച സ്യൂട്ട് കേസുമായാണ് നിയമസഭയിലേയ്ക്കദ്ദേഹം കടന്നു വന്നിരുന്നത്'

മാണിയെ സ്വീകരിക്കുമ്പോള്‍ മഹാഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന രണ്ടാം ഇഎംഎസ് സര്‍ക്കാരിനെ താഴെയിറക്കിയ ആ മുഖ്യകാര്‍മ്മികത്വത്തെ അംഗീകരിക്കുകയും ആ മന്ത്രിസഭയെ തള്ളിപ്പറയുകയുകയുമാണ് പുതിയ സിപിഎം എന്ന പഴി കേള്‍ക്കേണ്ടി വരും. ജനം മുഖ്യമന്ത്രിയാകാനുള്ള എല്ലാ പിന്തുണയും നല്‍കി നിയമസഭയിലേയ്ക്കു വിട്ട ഇഎംഎസ് സര്‍ക്കാരിനെ ആരോപണങ്ങളുന്നയിച്ച്, കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പുറത്താക്കിക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഇഎംഎസ് സര്‍ക്കാരുകളേയും പിരിച്ചു വിടുന്ന കുതന്ത്രത്തിനാണ് മാണി കാര്‍മ്മികത്വം വഹിച്ചത്.

1957ലെ സര്‍ക്കാരിനോടു ചെയ്ത ചതി ചരിത്രത്തോടുള്ള മാണിയുടെ ക്രൂരതയായി വ്യാഖ്യാനിക്കപ്പെടുമെന്നുറപ്പ്. കേരളത്തിലിതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും മികച്ച മന്ത്രിസഭ. ഓരോ വകുപ്പും ഭരിക്കുന്നത് ഭരണനിപുണരായ കരുത്തന്മാര്‍. വിപ്ലവകരമായ രണ്ടു ബില്ലുകളാണ് സര്‍ക്കാര്‍ കൊണ്ടുവന്നത് വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്കരണ ബില്ലും. കേരളത്തെ, ഇന്നു കാണുന്ന വിദ്യാഭ്യാസ പുരോഗതിയിലേയ്ക്കു നയിച്ച ബില്ലാണത്. വിദ്യാഭ്യാസത്തിനു മുകളില്‍ ക്രിസ്ത്യന്‍ സഭകളുടെ അധികാരം എടുത്തു കളയുന്നതായിരുന്നു അത്. ഭൂപരിഷ്കരണം കിടപ്പാടമില്ലാത്ത ലക്ഷങ്ങള്‍ക്കു ഭൂമി നല്‍കി.

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വവും സഭാ നേതൃത്വവും അവിശുദ്ധമായ ഒരു കൂട്ടുകെട്ടുണ്ടാക്കി - നിങ്ങളുടെ സ്കൂളുകള്‍ ഞങ്ങള്‍ സംരക്ഷിക്കാം ഞങ്ങളുടെ ഭൂമി നിങ്ങള്‍ സംരക്ഷിക്കണമെന്നതായിരുന്നു ആ സഖ്യം. നായർ സമുദായവും‍ കത്തോലിക്ക സഭയും ചേർന്നു‍ നടത്തിയ നീതീകരിക്കാനാവാത്ത ആ സഖ്യത്തിന്റെ ബലാബലം ഇന്നും തുടരുകയാണ്.

അന്ന് കേരള കോണ്‍ഗ്രസിന്റെ ഇലയ്ക്കാട് മണ്ഡലം പ്രസിഡന്റായിരുന്ന കെ.എം മാണി എന്ന വക്കീല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനുവാദമില്ലാതെ നടത്തിയ 'കള്ളപ്പണി'യാണ് രണ്ടു സമുദായങ്ങള്‍ അവരുടെ ലാഭത്തിനു വേണ്ടി കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ നടത്തിയ സമരത്തെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിമോചന സമരമാക്കി മാറ്റുന്നത്. ആ സമരം കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നില്ലായെങ്കില്‍ രണ്ടു സമുദായങ്ങള്‍ കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കാന്‍ നടത്തിയ നീക്കം മാത്രമാകുമായിരുന്നു- ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചു വിടുന്നതിലേയ്ക്കു പോലും ചിലപ്പോള്‍ അതെത്തില്ലായിരുന്നു.

സമുദായത്തിന്റെ സമ്മര്‍ദ്ദം മാത്രമായി മുന്നോട്ടു പോകുന്ന സമരത്തെ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന്റെ അന്നത്തെ പുരോഗമനാശയക്കാരായ നേതൃത്വം തയ്യാറായിരുന്നില്ല. മാത്രമല്ല, സ്വാതന്ത്ര്യാനന്തര കാലാവസ്ഥയായതിനാല്‍ രാഷ്ട്രീയത്തില്‍ മതത്തിന് അത്രയ്ക്ക് സ്വാധീനവുമില്ല. കേരളത്തില്‍ വേരോട്ടം കമ്യൂണിസത്തിനും കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ആശക്കാര്‍ക്കും. ആ സമൂഹത്തിന്റെ പുരോഗമന സ്വഭാവമാണല്ലോ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ തെരഞ്ഞെടുപ്പിലൂടെ അര്‍ത്ഥമാകുന്നതും. 'കോണ്‍ഗ്രസ് മന്ത്രിസഭകള്‍ നടപ്പാക്കാന്‍ കൂട്ടാക്കാത്ത കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നയമായിരിക്കും തങ്ങളുടെ മന്ത്രിസഭ നടപ്പിലാക്കുക' എന്ന് അധികാരമേറ്റ ശേഷം ഇഎംഎസ് റേഡിയോയിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തെ അംഗീകരിച്ചുള്ള പ്രവര്‍ത്തനം.

ശരിക്കും ആരാണ് പി ടി ചാക്കോ

പി ടി ചാക്കോയാണ് കേരളത്തിന്റെ ആദ്യ പ്രതിപക്ഷ നേതാവ്. സമുദായത്തെ ഉപയോഗിച്ചും കേന്ദ്രത്തിലെ പിടിപാടുപയോഗിച്ചും ഇഎംഎസ് സര്‍ക്കാരിനെ അന്യായമായി പിരിച്ചു വിടാനുള്ള സമരം എന്തിനാണു പി ടി ചാക്കോ ഏറ്റെടുത്തത് എന്ന ചോദ്യത്തിനുള്ള ഉത്തരമറിയണമെങ്കില്‍ അദ്ദേഹം ആരാണ് എന്നറിയണം.

ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തിയില്ല, കോണ്‍ഗ്രസാണ് അധികാരത്തിലെത്തുന്നത് എന്നു കരുതുക - എങ്കില്‍ പി ടി ചാക്കോയാണ് കേരളത്തിലെ ആദ്യ മുഖ്യമന്ത്രി. അതുതന്നെയാണ് ചാക്കോയുടെ വൈരാഗ്യവും. കൊതിച്ചു കാത്തിരുന്ന മുഖ്യമന്ത്രി സ്ഥാനമാണു കമ്യൂണിസ്റ്റുകളില്ലാതാക്കിയത്. ഒരിക്കലെങ്കിലും മുഖ്യമന്ത്രിയാകണമെന്നു മോഹിച്ച കരിയറിസ്റ്റ് രാഷ്ട്രീയത്തിന്റെ കാവൽമാലാഖ‍. രാഷ്ട്രീയത്തില്‍ മാണിയുടെ തലതൊട്ടപ്പന്‍!

ആള് ചെറിയ പുള്ളിയൊന്നുമല്ല. 1915ല്‍ ജനിച്ചു. 1938ല്‍ തിരുവനന്തപുരം ലോ കേളേജില്‍ നിന്ന് നിയമ ബിരുദം. അതിനു മുന്‍പ് ചങ്ങനാശ്ശേരി എസ്ബി- തൃശൂര്‍ സെന്റ് തോമസ് കോളേജുകളില്‍ പഠനം. 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശം, അപ്പോള്‍ വയസ് 23. മാണിയെ പോലെ തന്നെ ചെറിയ പ്രായത്തിലെ വലിയ സ്ഥാനങ്ങള്‍ കിട്ടയയാള്‍. 1939ൽ കോൺഗ്രസ്‍ മീനച്ചില്‍ താലൂക്ക് സെക്രട്ടറിയായി. 1945 മുതല്‍ കോണ്‍ഗ്രസിന്റെ കോട്ടയം ഡിസിസി പ്രസിഡന്റ്.

വര്‍ഷങ്ങള്‍ മാറിയാണെങ്കിലും ഇതേ പടികളിലൂടെ പടിപടിയായാണ് മാണിയും കയറിയത്. അതേ മാതൃകയായിരുന്നു രാഷ്ട്രീയത്തിലെ മാണിയുടെ ബൈബിള്‍.

സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലേയ്ക്ക് അകലക്കുന്നത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട് കോണ്‍ഗ്രസിന്റെ ചീഫ് വിപ്പായി. 1949ല്‍ ഇന്ത്യന്‍ ഭരണഘടനാ നിയമ നിര്‍മ്മാണ സഭയില്‍ അംഗമായി. 1952ല്‍ മീനച്ചിലിനെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട ആദ്യ നെഹ്റു മന്ത്രിസഭയില്‍ അംഗമായി.

കേരളത്തിന്റെ മുഖ്യമന്ത്രിയാകുക എന്ന ലക്ഷ്യവുമായി സംസ്ഥാനത്തേയ്ക്ക് നിലയുറപ്പിച്ച പി ടി ചാക്കോയുടെ പ്രവര്‍ത്തനങ്ങള്‍ ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ സ്ഥാനാരോഹണത്തോടെ അസ്ഥാനത്തായി. മാത്രമല്ല 1957ല്‍ വീണ്ടും നെഹ്രു മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിസ്ഥാനത്തെത്താനുള്ള സാധ്യതയും ഇല്ലാതായി. എന്നാല്‍പ്പിന്നെ എങ്ങനെയും ഇഎംഎസ് സര്‍ക്കാരിനെ വലിച്ചു നിലത്തിറക്കി മുഖ്യമന്ത്രിയാകണമെന്ന മോഹം സ്വാഭാവികമാണല്ലോ.

ചാക്കോയും മാണിയും കണ്ടുമുട്ടുന്നു

1955ല്‍ കെ എം മാണി കോഴിക്കോട് എത്തുന്നത് വക്കീലായി പ്രാക്ടീസ് ചെയ്യാനാണ്. പരേതനായ ഹൈക്കോടതി ജഡ്ജി പി. ഗോവിന്ദമേനോനായിരുന്നു സീനിയര്‍. ഗോവിന്ദമേനോന്‍ അന്നവിടെ മുനിസിപ്പല്‍ ചെയര്‍മാനുമാണ്. മാണി ചെന്നപ്പോള്‍ തെരഞ്ഞെടുപ്പ് വന്നു. സീനിയറിനു വേണ്ടി പ്രസംഗ പ്രചാരണത്തിന് മാണിയിറങ്ങി. അവിടെ നിന്ന് ഒരു വര്‍ഷത്തിനു ശേഷം പ്രാക്ടീസ് പാലായ്ക്ക് മാറ്റി.

അമ്പേ പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവായി 1957ല്‍ പി ടി ചാക്കോ മുഖ്യമന്ത്രിക്കസേരയിലേക്കുള്ള മോഹങ്ങളുമായി ജീവിക്കുന്ന കാലം. മാണി വേഗത്തില്‍ തന്നെ ചാക്കോയോട് അടുത്തു. ചാക്കോ മാണിയെ കൈപിടിച്ചു. മാണി അഞ്ചുവര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസിന്റെ കോട്ടയം ഡിസിസി പ്രസിഡന്റായി.

മാണിയുടെ രാഷ്ട്രീയ പ്രവേശം നടന്ന സംഭവമാണ് വിമോചന സമരത്തിലെ ഏറ്റവും വലിയ ഗൂഢാലോചന. പി ടി ചാക്കോ പദ്ധതിയിട്ട ഗൂഢാലോചനയുടെ നടത്തിപ്പുകാരനായിരുന്നു മാണിയെന്ന് മാണിയെ പുകഴ്ത്തുന്ന പുസ്തകം പറയുന്നു.

ഇഎംഎസ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ- ഭൂപരിഷ്കരണ ബില്ലുകള്‍ക്കെതിരെ സമുദായ നേതാക്കള്‍ മുറുമുറുപ്പു തുടങ്ങി. എങ്ങനെയും ഇഎംഎസിനെ വലിച്ചു താഴെയിറക്കാന്‍ നടക്കുന്ന പി ടി ചാക്കോ ആ വടിയില്‍ പിടിച്ചു. കോണ്‍ഗ്രസ് നേതൃത്വം അറിയാതെ കോട്ടയത്ത് ചാക്കോ രഹസ്യപദ്ധതി നടപ്പാക്കിയതിനെ പറ്റി മാണിയുടെ ജൂബിലി പുസ്തകം കൃത്യമായി പറയുന്നു:

'ഈ സാഹചര്യത്തില്‍ ചാക്കോ തന്റെ സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചു. കേരള ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന ചാക്കോയുടെ സഹപ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് സമരരംഗത്തിറങ്ങണമെന്നും സമരത്തിന് നേതൃത്വം കൊടുക്കണമെന്നുമുള്ള ആശയഗതിക്കാരായിരുന്നു. അതനുസരിച്ച് സമരത്തിന്റെ നേതൃത്വം കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ ചാക്കോയും സഹപ്രവര്‍ത്തകരും രഹസ്യമായി തീരുമാനം എടുത്തു'

ആ രഹസ്യ തീരുമാനം നടപ്പിലാക്കാന്‍ പി.ടി ചാക്കോയ്ക്ക് കഴിഞ്ഞു എന്നു പുസ്തകം വ്യക്തമാക്കുന്നു-

ആ തീരുമാനത്തെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങുകയും താലൂക്ക് ഓഫീസുകള്‍ പിക്കറ്റ് ചെയ്ത് അറസ്റ്റുവരിക്കുകയും ചെയ്തു

ഇനിയാണ് മാണിയുടെ പങ്കാളിത്തം എന്ന സൂത്രം നടപ്പിലാകുന്നത്:

'തികച്ചും അപ്രതീക്ഷിതമായ ഈ നടപടി ഉദ്വേഗജനകമായ പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. പാലായില്‍ കെ എം മാണി സഹപ്രവര്‍ത്തകരോടൊപ്പം അറസ്റ്റ് വരിച്ചു. ഗവര്‍ണമെന്റിനേയും അതുവരെയും സമരത്തിന് ചുക്കാന്‍ പിടിച്ചവരേയും ഒപ്പം ഞെട്ടിച്ച സംഭവമായിരുന്നു അത്'

ഉത്തരവാദപ്പെട്ട നേതൃത്വം സമരത്തിനിറങ്ങാത്ത സാഹചര്യമാണ്. കോണ്‍ഗ്രസിലെ പ്രവര്‍ത്തകരായ ചില സമുദായ സ്നേഹികളുടെ പിക്കറ്റ് മാത്രമായി മാറേണ്ട സമയമാണത്. വേണമെങ്കില്‍ നേതൃത്വത്തിനവരെ തള്ളിപ്പറയാം. ആ സമയത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗികമായ ഒരു തീരുമാനവുമില്ലാതെ കോണ്‍ഗ്രസിന്റെ നേതാവായ സാക്ഷാല്‍ കെ.എം മാണി രംഗത്തേയ്ക്കിറങ്ങുകയായിരുന്നു.

അതുവരെ നിശബ്ദനായിരുന്ന പി ടി ചാക്കോ മാണി അറസ്റ്റിലായ ഉടന്‍ പത്രസമ്മേളനം വിളിക്കുന്നു:

'അന്നു വൈകിട്ട് പി.ടി ചാക്കോ ഒരു പത്രസമ്മേളനം നടത്തി. പ്രസ്തുത സമ്മേളനത്തില്‍ കോണ്‍ഗ്രസ് സമരം ഏറ്റെടുക്കുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ വിമോചന സമരത്തിന് ഒരു രാഷ്ട്രീയ സ്വഭാവം കൈവന്നു'

അപ്പോഴും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ ഹൈക്കമാന്റിന്റെയോ അംഗീകാരമില്ലാതെ പി ടി ചാക്കോയും കെ എം മാണിയും രഹസ്യമായി നടത്തിയ നീക്കമാണു വിമോചനസമരമെന്നു പുസ്തകം വ്യക്തമാക്കുകയാണ്. പിന്നീടു കോണ്‍ഗ്രസിനെ നയിച്ച ഏ കെ ആന്റണിയും ഉമ്മൻ ‍ചാണ്ടിയും വയലാര്‍ രവിയുമെല്ലാം വിമോചന സമരത്തില്‍ പി ടി ചാക്കോയോടൊപ്പം നിന്നവരാണ്. സോഷ്യലിസ്റ്റ് ആശയക്കാരായ നേതൃത്വത്തെ തൂത്തെറിഞ്ഞ് പി ടി ചാക്കോയും സംഘവും വിമോചന സമരാനന്തരം കോണ്‍ഗ്രസ് പിടിച്ചെടുത്തു എന്ന വസ്തുത മറ്റൊന്നു കൂടി വെളിവാക്കുന്നു - വിമോചന സമരത്തിന്റെ ശരിക്കുള്ള അവകാശികള്‍ കേരള കോണ്‍ഗ്രസാണ്.

പക്ഷെ വിധി പി ടി ചാക്കോയ്ക്ക് അനുകൂലമായില്ല. ഇഎംഎസ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും വലിച്ചിറക്കി 1960ല്‍ അധികാരത്തില്‍ കോണ്‍ഗ്രസ് എത്തിയപ്പോഴും പി ടി ചാക്കോയ്ക്ക് മുഖ്യമന്ത്രിയാകാനായില്ല. സാമുദായിക സമവാക്യം ആര്‍ ശങ്കറെ മുഖ്യമന്ത്രിയാക്കി. ആഭ്യന്തരമടക്കം സുപ്രധാന വകുപ്പുകളുമായി കേരളത്തില്‍ പിന്നീടെങ്ങുമില്ലാത്ത സ്ഥാനം പി ടി ചാക്കോ സ്വയം പ്രചരിപ്പിച്ചു- മന്ത്രി മുഖ്യന്‍!

ആര്‍ ശങ്കര്‍ 'മുഖ്യ'മന്ത്രിയും പി ടി ചാക്കോ മന്ത്രി'മുഖ്യ'നും. രണ്ടു 'മുഖ്യ'ന്മാരുമായി ഓടിക്കൊണ്ടിരിക്കെ, അക്കാലത്ത് പി ടി ചാക്കോയുടെ കാറ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍പ്പെട്ട കാറില്‍ ഉണ്ടായിരുന്നത് 'ഭാര്യയാണത്രേ' എന്ന പത്രവാര്‍ത്തയിലെ 'ത്രേ'യില്‍ പി ടി ചാക്കോയുടെ മന്ത്രി സ്ഥാനം തെറിച്ചു.

അതോടെ ഇല്ലാതായത് പി ടി ചാക്കോയുടെ തന്ത്രങ്ങളുടെ വലങ്കൈയായിരുന്ന മാണിയുടെ രാഷ്ട്രീയ ഭാവിയാണ്. വക്കീല്‍ പണിയൊക്കെ എന്നേ നിര്‍ത്തി കഴിഞ്ഞിരുന്നു മാണി. പി.ടി ചാക്കോയാകട്ടെ രാഷ്ട്രീയം നിര്‍ത്തി വീണ്ടും വക്കീല്‍ കുപ്പായമിട്ടു. കൂടുതല്‍ വൈകാതെ അദ്ദേഹം നിര്യാതനായി.

പിന്നീടാണ് ചാക്കോയോടു നീതിപുലര്‍ത്താത്ത കോണ്‍ഗ്രസിനെതിരെ 15 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നു മാറുന്നതും പി.ടി ചാക്കോയുടെ നിര്യാണത്തിന്റെ അഞ്ചാം മാസം 1964 ഒക്ടോബര്‍ 9ന് കേരള കോണ്‍ഗ്രസിന് തിരുനക്കര മൈതാനിയില്‍ മന്നത്ത് പദ്മനാഭന്‍ തിരികൊളുത്തുന്നതും. പ്രസിഡന്റായ കെ എം മാണിയോടൊപ്പം കോട്ടയം ഡിസിസി പൂര്‍ണ്ണമായി കേരള കോണ്‍ഗ്രസായി. മാണി കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായി.

കേരള കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നു കരുതിയ നായര്‍ സമാജം കോണ്‍ഗ്രസ് ഹൈക്കമാന്റിനൊപ്പം പോയപ്പോഴും മാണി രണ്ടാം തവണയും പാലായില്‍ നിന്ന് 1967ല്‍ മത്സരിച്ചു ജയിച്ച് ഇഎംഎസ് മന്ത്രിസഭയിലെ അഞ്ച് കേരള കോണ്‍ഗ്രസ് അംഗങ്ങളിലൊരാളായി. കോണ്‍ഗ്രസിന് 9 അംഗങ്ങള്‍ മാത്രം. കേരളത്തിലുണ്ടായതില്‍ ഏറ്റവും ശുഷ്കമായ പ്രതിപക്ഷം.

ഭരണം തുടരാനും 1957ല്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളെല്ലാം നടപ്പിലാക്കാനും ഇഎംഎസ് സര്‍ക്കാരിനു കഴിയുമായിരുന്ന കാലം. ആദ്യ ഇഎംഎസ് മന്ത്രിസഭയെ വലിച്ച് നിലത്തടിച്ച തലതൊട്ടപ്പന്റെ ദൗത്യം മാണി ഏറ്റെടുത്തു - ഇഎംഎസ് മന്ത്രിസഭ നിലത്തു വീണു.

വിമോചനസമരത്തിലൂടെ ആദ്യ ഇഎംഎസ് മന്ത്രിസഭയേയും അഴിമതി ആരോപണങ്ങളിലൂടെ രണ്ടാം മന്ത്രിസഭയേയും നിലത്തടിച്ച കെ.എം മാണിയ്ക്ക് ജയ് വിളിക്കേണ്ടി വരുന്ന ദിവസം ഓര്‍ക്കുക, വിമോചന സമരത്തിന്റെ സൂത്രനെയാണ് സ്വീകരിച്ചിരിക്കുന്നതെന്ന്. പി ടി ചാക്കോയെ പോലെ, മുഖ്യമന്ത്രിയാകാന്‍ മോഹിക്കുകയും അതിനായി സകലസൂത്രങ്ങളും പയറ്റിയിട്ടും നടക്കാതെ പോവുകയും ചെയ്ത മാണി ഒരു കമ്യൂണിസ്റ്റ് മിത്രമല്ല. രണ്ടു വട്ടവും ജനം തെരഞ്ഞെടുത്ത ഇഎംഎസ് മന്ത്രിസഭകളുടെ ആയുസ് വെറും 48 മാസം മാത്രമാക്കി മാറ്റി മറിച്ച 'സൂത്രനാണ്' മാണി. 120 മാസത്തില്‍ നിന്നും മാണി എടുത്തു കളഞ്ഞ 72 മാസമുണ്ടല്ലോ, അത് അന്യായമാണ്. അത് പി ടി ചാക്കോയും അരുമ ശിഷ്യന്‍ കെ എം മാണിയും രാഷ്ട്രീയ കേരളത്തിന് നല്‍കിയ സംഭാവനയാണ്.

വിമോചന സമര നായകനായി മാണിയെ കാണാതിരിക്കുകയും പഴി മുഴുവനും കോണ്‍ഗ്രസിനു കൊടുക്കുകയും ചെയ്യുന്നത് അനീതിയാണ്, ആ ക്രഡിറ്റ് കൂടി മാണിക്ക് അവകാശപ്പെട്ടതാണ് - വിമോചന സമര നായകന്‍ കെ എം മാണിയെ സിപിഐഎം മുന്നണിയിലെടുക്കുമ്പോള്‍, ഇഎംഎസിനെ തള്ളിപ്പറയുക തന്നെയാണ്.

Read More >>