തന്ത്രമൊരുക്കി മാണി : ഇനി തീരുമാനം തെരഞ്ഞെടുപ്പടുക്കുമ്പോൾ

അടുത്ത തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിയുമെന്ന കണക്കുകൂട്ടൽ മാണിക്കുണ്ട്. യു ഡി എഫിലേക്ക് തിരിച്ചു പോകാൻ എം എം ഹസ്സന്റെ ക്ഷണം കാത്തു നിൽക്കേണ്ട ഗതികേട് ഏതായാലും കെ എം മാണിക്കില്ല. കൂട്ടലും കിഴിക്കലും നടത്തി തന്റെ പാർട്ടി വളർത്താൻ സഹായകമാകുന്ന മുന്നണിയെ അദ്ദേഹം നിശ്ചയിക്കും. അവസരം വരുമ്പോൾ ഇഷ്ടമുള്ള മുന്നണിയെ സ്വയം തീരുമാനിക്കും എന്ന സ്ഥിതിയുണ്ടാക്കി, ചേരുന്ന മുന്നണിയിൽ കൂടുതൽ "ഇടം" നേടിയെടുക്കുക എന്ന തന്ത്രം കേരളത്തിൽ പയറ്റാവുന്നതേയുള്ളൂ.

തന്ത്രമൊരുക്കി മാണി : ഇനി തീരുമാനം തെരഞ്ഞെടുപ്പടുക്കുമ്പോൾ

പ്രതീക്ഷിച്ചതു പോലെ യു ഡി എഫിലേക്ക് തിരികെ വരാനുള്ള എം എം ഹസ്സന്റെ ക്ഷണം കെ എം.മാണി നിരസിച്ചു. എന്നാൽ മുന്നണി ബന്ധം ഇനി വേണ്ട എന്ന് അദ്ദേഹം തീർത്തു പറഞ്ഞില്ല. മണിക്കൊരു തന്ത്രമുണ്ട്. അവസരം മുതലാക്കുക. അതിനായി അൽപ്പം കാത്തിരുന്നാലും വേണ്ടില്ല.

പരസ്പര വിശ്വാസവും ആദരവും സഹകരണവും ആധാരമാക്കിയാണ് യു ഡി എഫ് രൂപീകരിച്ചത്. അതിലെ പ്രബല കക്ഷിയായ കോൺഗ്രസ് തന്നെയാണ് കേരളാകോൺഗ്രസ് മാണി വിഭാഗത്തോട് ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടെടുത്തത്. ബാർ കോഴക്കേസിൽ കോൺഗ്രസ്, മാണിയുടെ പാർട്ടിയോട് പരസ്പര വിശ്വാസവും ആദരവും സഹകരണവും പുലർത്തിയില്ലെന്നു മാത്രമല്ല, തകർക്കാനാണ് ശ്രമിച്ചത്. കൂടെയുള്ള പി ജെ ജോസഫിനെയടക്കം അടർത്തി മാറ്റാനുള്ള നീക്കവുമുണ്ടായി.

കോൺഗ്രസ് മന്ത്രിയായിരുന്ന കെ ബാബുവിനൊരു നീതിയും തനിക്ക് അനീതിയും-ഇത്തരത്തിൽ മുന്നണി മര്യാദകൾ കാറ്റിൽ പറത്തിയ പശ്ചാത്തലത്തിലായിരുന്നു തനിക്ക് ധനമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്‌ എന്ന കാര്യം മാണിക്ക് മറക്കാനാകില്ല. ഇങ്ങനെ കൂർത്ത മുള്ളായി മാണിയുടെ ഹൃദയത്തിൽ തറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനവധി. നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് മൂന്നു പതിറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാൻ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചത്. തുടര്‍ന്നു നിയമസഭയിൽ പാര്‍ട്ടി അംഗങ്ങള്‍ പ്രത്യേക ബ്ലോക്കായും ഇരിക്കാൻ തുടങ്ങി. എൻഡിഎ , എല്‍ഡിഎഫ് എന്നീ മുന്നണികൾ ഉടൻ രഹസ്യചർച്ചകളുമായി വന്നെങ്കിലും തൽക്കാലത്തേക്ക് ഒറ്റയ്ക്ക് നിൽക്കാനായിരുന്നു കെ എം മാണിയുടെ തീരുമാനം. എന്നാൽ ഒറ്റയ്ക്കു നിന്ന് ശക്തി തെളിയിക്കാൻ കഴിഞ്ഞില്ല. കരുത്തോടെ അധികാരത്തിലേക്കെത്തിയ എല്‍ഡിഎഫിനു മാണി ഇപ്പോൾ അനിവാര്യനുമല്ല.

എന്നാൽ, നിലവിൽ നിയമസഭയിലെ വെറ്ററനായ മാണിക്ക് രാഷ്ട്രീയകാലാവസ്ഥയെന്നാൽ എന്താണെന്നു നന്നായി അറിയാം. മഴക്കാലം വരും മുൻപേ അദ്ദേഹം കുട റെഡിയാക്കി വയ്ക്കും; എന്നാൽ അതു പുറത്തെടുക്കുകയില്ല. രാഷ്ട്രീയ കാലാവസ്ഥ മാറുക തെരഞ്ഞെടുപ്പു ചൂടു വരുമ്പോഴാണ്. തന്ത്രങ്ങൾ മെനയേണ്ടതും അപ്പോൾ തന്നെ. തന്നോടൊപ്പം നിൽക്കുന്നവരെ പിന്തുണയ്ക്കുക എന്ന പ്രഖ്യാപിത തത്ത്വമാണ് മാണിയുടേത്. എല്‍ഡിഎഫിലേക്കോ യുഡിഎഫിലേക്കോ പോകില്ലെന്ന് ചരൽക്കുന്നിൽ വച്ചു തന്നെ കെഎം മാണി പറഞ്ഞിരുന്നു. അതിനർത്ഥം അപ്പോൾ പോകില്ല എന്നതത്രേ. തെരഞ്ഞെടുപ്പു ചൂടു വരുമ്പോഴാണ് ആ തീരുമാനത്തിനു പ്രസക്തിയുണ്ടാവുക.

മലപ്പുറം ഉപതെരഞ്ഞെടുപ്പു വന്നപ്പോൾ മുസ്ലിം ലീഗിനെ കേരളാ കോൺഗ്രസ്സ് എം പിന്തുണച്ചതും അതിനാലാണ്. വിജയത്തിൽ ഒരു പങ്ക് കേരളാകോൺഗ്രസ്സും വഹിച്ചിട്ടുണ്ട് എന്ന കെ എം മാണിയുടെ പ്രസ്താവന നൽകുന്ന സൂചന എന്താണ് ? തന്നെ സഹായിക്കുന്നവരെ തിരികെ സഹായിക്കുന്ന നിലപാട് തുടരും എന്ന് തന്നെ. അടുത്ത തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിയുമെന്ന കണക്കുകൂട്ടലും മാണിക്കുണ്ട്. യു ഡി എഫിലേക്ക് തിരിച്ചു പോകാൻ എം എം ഹസ്സന്റെ ക്ഷണം കാത്തു നിൽക്കേണ്ട ഗതികേട് ഏതായാലും കെ എം മാണിക്കില്ല. കൂട്ടലും കിഴിക്കലും നടത്തി തന്റെ പാർട്ടി വളർത്താൻ സഹായകമാകുന്ന മുന്നണിയെ അദ്ദേഹം നിശ്ചയിക്കും. അവസരം വരുമ്പോൾ ഇഷ്ടമുള്ള മുന്നണിയെ സ്വയം തീരുമാനിക്കും എന്ന സ്ഥിതിയുണ്ടാക്കി, ചേരുന്ന മുന്നണിയിൽ കൂടുതൽ "ഇടം" നേടിയെടുക്കുക എന്ന തന്ത്രം കേരളത്തിൽ പയറ്റാവുന്നതേയുള്ളൂ.

Story by
Read More >>