കഴുത്തറുത്ത് കൊന്നിട്ടും മിണ്ടിയില്ല; ബീഫ് സമരം നടത്തിയില്ല: കാസര്‍ഗോഡ് ലീഗിനെ കയ്യൊഴിയുന്നതിന് കാരണമേറേ

ബീഫ് പ്രശ്‌നം ഉയര്‍ന്നുവന്നപ്പോഴും അതിന്റെ പേരില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സംഘപരിവാര്‍ ആക്രമണത്തിനിരയായപ്പോഴും മുസ്ലീം ലീഗിന്റെ നിലപാട് ആ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വന്‍ വിവാദത്തിനു വഴിവച്ചിരുന്നു. ഇ അഹമ്മദ് അന്തരിച്ച ശേഷം പാര്‍ലമെന്റിലേക്ക് പുതുതായി എത്തിയ കുഞ്ഞാലിക്കുട്ടിയും ഇക്കാര്യങ്ങളില്‍ ഗുരുതരമായ മൗനമാണ് സ്വീകരിച്ചതെന്നുള്ള വാദവും ലീഗിനുള്ളിലെ വിമതര്‍ ഉയര്‍ത്തുന്നുണ്ട്...

കഴുത്തറുത്ത് കൊന്നിട്ടും മിണ്ടിയില്ല; ബീഫ് സമരം നടത്തിയില്ല: കാസര്‍ഗോഡ് ലീഗിനെ കയ്യൊഴിയുന്നതിന് കാരണമേറേ

മുസ്ലീംലീഗ് മുന്‍ ജനറല്‍ സെക്രട്ടറി കെ കെ അബ്ദുള്ളക്കുഞ്ഞിയുടെയും, കൂട്ടരുടെയും സിപിഐഎം പ്രവേശനത്തോടെ കാസര്‍ഗോട്ടുണ്ടാകുന്നത് വന്‍ രാഷ്ട്രീയ മാറ്റം. സിപിഐഎമ്മും മുസ്ലീം ലീഗും ബിജെപിയും സമാസമം ശക്തമായി നിലയുറപ്പച്ചിട്ടുള്ള ജില്ലയില്‍ പുതിയ നീക്കങ്ങള്‍ സമ്മാനിക്കുന്നത് ലീഗിന്റെ തകര്‍ച്ചയാണെന്നുള്ള കാര്യം വ്യക്തമായിക്കഴിഞ്ഞു. വര്‍ഷങ്ങളായി തെരഞ്ഞെടുപ്പില്‍ മുസ്ലീം മതേതര വോട്ടുകളുടെ പിന്‍ബലത്തോടെ മുന്നില്‍ നടക്കുന്ന ലീഗിന് ബുധനാഴ്ച നടക്കുന്ന കുമ്പളയിലെ സിപിഐഎമ്മിന്റെ പൊതുയോഗം നിലവിലെ മൂന്നു രാഷ്ട്രീയ കക്ഷികളെയും സംബന്ധിച്ചു നിര്‍ണ്ണായകമാണ്.

സംഘപരിവാര്‍ രാഷ്ട്രീയത്തോടു സന്ധിചെയ്തുകൊണ്ടുള്ള നിലപാടുകളാണ് ഇപ്പോഴത്തെ ലീഗ് നേതൃത്വം സ്വീകരിക്കുന്നതെന്നുള്ളതാണ് പാര്‍ട്ടിവിടുന്നവരുടെ ആരോപണം. കാസര്‍ഗോട്ടെ റിയാസ് മൗലവിയുടെ കൊലപാതകവും ബീഫിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ നടന്ന കൊലകളൂം അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇവയ്‌ക്കെതിരെ ലീഗ് നേതൃത്വം പ്രതികരിക്കുകയോ ഏതെങ്കിലും രീതിയിലുള്ള ക്യാംപയിന്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും അബ്ദുള്ളക്കുഞ്ഞിയും കൂട്ടരും ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ സംഘപരിവാറിന്റെ മതരാഷ്ട്രീയത്തിനിരയാകുമ്പോള്‍ സംസ്ഥാനത്തെ ലീഗ് നേതൃത്വം പാലിക്കുന്ന മൗനത്തെ അംഗീകരിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

സംഘടനാ തെരഞ്ഞെടുപ്പിന്റെ മറവില്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് മണല്‍കടത്തുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ കടന്നുവന്ന കാര്യവും ഇവര്‍ ആരോപിക്കുന്നു. ഈ നേതൃത്വത്തിന് കാസര്‍ഗോട്ടെ ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. ഒരുകാലത്ത് മതേതര നിലപാടുകളുമായി ജില്ലയില്‍ സജീവമായിരുന്ന മുസ്ലീം ലീഗ് ഇന്ന് മുരടിപ്പിന്റെ പാതയിലാണ്. ദിനംപ്രതി തകര്‍ച്ചയിലേക്കു നീങ്ങുന്ന ലീഗിന് ഇനി രാഷ്ട്രീയവും മതേതരവുമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകില്ലെന്നും അബ്ദുള്ളക്കുഞ്ഞിയും കൂട്ടരും പറയുന്നു. കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് തുച്ഛമായ വോട്ടുകള്‍ക്കാണ് മുസ്ലീംലീഗ് ജയിച്ചത്. സംഘപരിവാറിന്റെ തള്ളിക്കയറ്റത്തിനിടയില്‍ മൗനം പാലിക്കുന്ന ലീഗിന് ഇനിയൊരു തെരഞ്ഞെടുപ്പില്‍ ഇവിടെയൊരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ബീഫ് പ്രശ്‌നം ഉയര്‍ന്നുവന്നപ്പോഴും അതിന്റെ പേരില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സംഘപരിവാര്‍ ആക്രമണത്തിനിരയായപ്പോഴും മുസ്ലീം ലീഗിന്റെ നിലപാട് ആ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വന്‍ വിവാദത്തിനു വഴിവച്ചിരുന്നു. ഇ അഹമ്മദ് അന്തരിച്ച ശേഷം പാര്‍ലമെന്റിലേക്ക് പുതുതായി എത്തിയ കുഞ്ഞാലിക്കുട്ടിയും ഇക്കാര്യങ്ങളില്‍ ഗുരുതരമായ മൗനമാണ് സ്വീകരിച്ചതെന്നുള്ള വാദവും ലീഗിനുള്ളിലെ വിമതര്‍ ഉയര്‍ത്തുന്നുണ്ട്. കാസര്‍ഗോട് മേഖലയില്‍ സിപിഐഎമ്മും ഡിവൈഎഫ്‌ഐ, എസ്ഡിപിഐ തുടങ്ങിയ സംഘടനകളും സംഘപരിവാര്‍ ഫാസിസത്തിനെതിരെ ബീഫ് ഫെസ്റ്റ് പോലുള്ള പ്രതിരോധപരിപാടികള്‍ സ്വീകരിച്ചപ്പോഴും മുസ്ലീം ലീഗ് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. സംഘപരിവാറിനെ അതിജീവിച്ചു ലീഗ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്നത് മതേതര വോട്ടുകളുടെ പിന്‍ബലത്തോടെയാണ്. മതേതരവോട്ടുകളുടെ പ്രത്യക്ഷമുഖമായിരുന്നു സിപിഐഎം മുസ്ലീം ലീഗ് ജനപ്രതിനിധികള്‍. എന്നാല്‍ ലീഗിന്റെ വ്യതചലനം കാസര്‍ഗോട്ട് അവരുടെതന്നെ കുളംതോണ്ടലിനു കാരണമായിരിക്കുകയാണ്.

തിരുവനന്തപുരത്തെ ലാ അക്കാദമി വിഷയത്തോട് ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ നിരാഹാരമിരുന്നപ്പോള്‍ പാണക്കാട് തങ്ങളുള്‍പ്പെടെ സന്ദര്‍ശിക്കാനെത്തിയതും വന്‍ വിവാദമായിരുന്നു. സിപിഐഎം ഈ വിഷയം രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു നടന്ന വിഷയങ്ങളിലും മുസ്ലീംലീഗിന്റെ സംഘപരിവാര്‍ അനുകൂല നിലപാടാണ് ദര്‍ശിക്കാനായതെന്നും വിമത ലീഗുകാര്‍ കുറ്റപ്പെടുത്തുന്നു. ഈ ഒരു രോഷമാണ് കാസര്‍ഗോട്ടും ഇപ്പോള്‍ ജ്വലിച്ചിരിക്കുന്നത്. രാത്രിയില്‍ ഉറങ്ങിക്കിടന്ന ചൂരിയില്‍ റിയാസ് മൗലവിയെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ് ലീഗിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ ആയുധം. പൊലീസ് സ്‌റ്റേഷനില്‍ വച്ചു ലീഗിന്റെ നേതൃത്വത്തില്‍ ഈ കേസ് സംഘപരിവാറുമായി ഒത്തു തീര്‍പ്പാക്കിയെന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും അതുനിഷേധിക്കുവാനോ അതിനെപ്പറ്റി വിശദീകരിക്കാനോ ലീഗ് നേതൃത്വം തയ്യാറായില്ലെന്നുള്ളതും സംശയമുണര്‍ത്തുന്ന നീക്കങ്ങളായിരുന്നു. ഇത്തരത്തില്‍ അടിതെറ്റി നില്‍ക്കുന്ന ലീഗിന്റെ നെഞ്ചിലേക്കുള്ള കത്തകയറ്റമാണ് സംസ്ഥാന നേതാവിന്റെയും കൂട്ടരുടെയും സിപിഐഎം പ്രവേശനം.

ലീഗിന്റെ മുന്‍ കാസര്‍ഗോട് ജില്ലാസെക്രട്ടറിയും മുന്‍ കുമ്പള പഞ്ചായത്ത് പ്രസിഡന്റുമായ കെ കെ അബ്ദുള്ളക്കുഞ്ഞിയാണ് ലീഗ് വിടുന്നവരില്‍ പ്രമുഖന്‍. സമീപകാലത്ത് കാസര്‍ഗോട്ടെ ലീഗിന്റെ മുഖംകൂടിയാണ് അബ്ദുള്ളക്കുഞ്ഞി. അബ്ദുള്ളക്കുഞ്ഞിയുടെ കൂടെ ഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് കൗണ്‍സിലറായിരുന്ന എം എ ഉമ്പു മുന്നൂറും മംഗല്‍പാടി പഞ്ചായത്ത് മുസ്ലിംലീഗ് കൗണ്‍സിലറായ മുഹമ്മദ് ചിതൂരും ഇപ്പോള്‍ മുസ്ലിംലീഗ് മംഗല്‍പാടി പഞ്ചായത്ത് കൗണ്‍സിലറായ മുസ്തഫ ഉപ്പളയും പിന്നെ ഇരുന്നൂറ്റിയമ്പതോളം പ്രവര്‍പത്തകരുമാണ് ലീഗിനോട് സലാം ചൊല്ലുന്നത്. ഇവരുടെ പിന്‍മാറ്റം കാസര്‍ഗോഡു ജില്ലയിലെ ലീഗ് മേധാവിത്വത്തിനു കനത്ത തിരിച്ചടിതന്നെ സമ്മാനിക്കും. വരുന്ന തെരഞ്ഞെടുപ്പില്‍ സിപിഐഎം- സംഘപരിവാര്‍ നേരിട്ടുള്ള മത്സസരങ്ങള്‍ക്കു കളമൊരുക്കലാവും നാളെ കുമ്പളയിലെ പൊതുയോഗത്തോടെ സമാഗതമാകുന്ന സാഹചര്യമെന്നുള്ള കാര്യവും ഏറെക്കുറെ ഉറപ്പാണ്.

Read More >>