ലീഗിന്റെ സംഘപരിവാര്‍ അനുകൂല നിലപാട്; കാസര്‍ഗോഡ് മുസ്ലീംലീഗ് സംസ്ഥാന നേതാവും കൂട്ടരും സിപിഐഎമ്മിലേക്ക്

ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് ലീഗ് കാസര്‍ഗോഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അബ്ദുള്ളക്കുഞ്ഞിയുടെ ആരോപണം. വരും കാലങ്ങളില്‍ സംഘപരിവാറിനെ ചെറുക്കാന്‍ ലീഗിന് കഴിയാത്ത ഒരവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു...

ലീഗിന്റെ സംഘപരിവാര്‍ അനുകൂല നിലപാട്; കാസര്‍ഗോഡ് മുസ്ലീംലീഗ് സംസ്ഥാന നേതാവും കൂട്ടരും സിപിഐഎമ്മിലേക്ക്

സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടി ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് കാസര്‍ഗോട്ടെ മുസ്ലീംലീഗ് നേതാവും സംഘവും പാര്‍ട്ടിവിട്ട് സിപിഐഎമ്മിലേക്ക്. കാസര്‍ഗോഡ് മുന്‍ ജില്ലാ സെക്രട്ടറി കെ കെ അബ്ദുള്ളക്കുഞ്ഞി, മഞ്ചേശ്വരം മണ്ഡലം കൗണ്‍സിലര്‍ എം എ ഉമ്പു മുന്നൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുന്നൂറ്റി അന്പതോളം പ്രവർത്തകരാണ് ലീഗിന്റെ രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുന്നത്. നാളെ കുമ്പളയില്‍ വച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന പൊതുയോഗത്തില്‍ അബ്ദുള്ളക്കുഞ്ഞിയും കൂട്ടരും സിപിഐഎമ്മിന്റെ ഭാഗമാകും.

ഈ അടുത്ത കാലത്ത് കാസര്‍ഗോഡ് മേഖലകളില്‍ മുസ്ലീംലീഗ് തുടര്‍ന്നുവരുന്ന രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് അബ്ദുള്ളക്കുഞ്ഞി പാര്‍ട്ടിവിടുന്നത്. ലീഗിന്റെ അനിഷേധ്യ നേതാവ് ചേര്‍ക്കളം അബ്ദുള്ളയുടെ വിശ്വസ്തന്‍ കൂടിയായിരുന്നു അബ്ദുള്ളക്കുഞ്ഞി. മഞ്ചേശ്വരത്ത് ചേര്‍ക്കളം മത്സരിക്കാനെത്തുമ്പോഴൊക്കെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാ ന്‍ പിടിച്ചിരുന്നതും അബ്ദുള്ളക്കുഞ്ഞിയായിരുന്നു. അദ്ദേഹത്തിന്റെ പടിയിറക്കം കാസര്‍ഗോഡ് മുസ്ലീം ലീഗിന് വന്‍ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിഷയത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പരാതി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കേയാണ് ജില്ലയിലെ തന്നെ സമുന്നത നേതാവ് പാര്‍ട്ടിവിടുന്നത്. കാസര്‍ഗോഡ് പ്രദേശങ്ങളില്‍ സംഘപരിവാറിന്റെ കടന്നുകയറ്റം മുമ്പത്തേക്കാള്‍ ശക്തമായ രീതിയില്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നും അതിനെതിരെ ലീഗിന്റെ ഭാഗത്തു നിന്നും നടപടികളൊന്നുമുണ്ടകുന്നില്ലെന്നും അബ്ദുള്ളക്കുഞ്ഞി ആരോപിക്കുന്നു. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ തഴഞ്ഞ് ജൂനിയറായ പലര്‍ക്കും ലീഗ് സീറ്റുനല്‍കിയ കാര്യവും അദ്ദേഹം പാര്‍ട്ടിവിടാനുള്ള കാരണമായി പറയുന്നുണ്ട്.

ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് ലീഗ് കാസര്‍ഗോഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അബ്ദുള്ളക്കുഞ്ഞിയുടെ ആരോപണം. വരും കാലങ്ങളില്‍ സംഘപരിവാറിനെ ചെറുക്കാന്‍ ലീഗിന് കഴിയാത്ത ഒരവസ്ഥയുണ്ടാകും. സിപിഐഎം മാത്രമേ പരിവാറിന് എതിരായുള്ള നിലപാടെടുക്കുന്നുള്ളു. അതുകൊണ്ടു ഇനിമുതല്‍ സിപിഐഎമ്മിനൊപ്പം നിന്നു പ്രവര്‍ത്തിക്കുവാനാണ് തീരുമാനം- അബ്ദുള്ളക്കുഞ്ഞി പറയുന്നു.

നിലവില്‍ മുസ്ലീംലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് അബ്ദുള്ളക്കുഞ്ഞി. പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്റ്റിന്റെ ഡയറക്ടറായും അബ്ദുള്ളക്കുഞ്ഞി പ്രവര്‍ത്തിച്ചിട്ടുണ്ട്. അബ്ദുള്ളക്കുഞ്ഞിയുടെയും കൂട്ടരുടെയും പാര്‍ട്ടിയിലേക്കു കടന്നുവരവ് ആഘോഷമാക്കാന്‍ വമ്പന്‍ പൊതുയോഗമാണ് സിപിഐഎം കുമ്പളത്ത് നാളെ സംഘടിപ്പിച്ചിരിക്കുന്നത്. സിപിഐഎം സംസ്ഘാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നത്.

Read More >>