വിധാൻ സൗധയിൽ ഉറങ്ങിയ പ്രതിപക്ഷത്തോടൊപ്പം പ്രാതൽ കഴിച്ച് ഉപമുഖ്യമന്ത്രി; കർണാടകത്തിലെ 'വിശ്വാസം' ഉച്ചയോടെ

കോൺഗ്രസ്സ് വിമത എംഎൽഎമാരുടെ രാജിയെത്തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചർച്ചകൾ കഴിഞ്ഞ ദിവസമാണ് വിധാൻ സൗധയിലെ തുറന്ന പോരാട്ടത്തിലേക്ക് വഴിമാറിയത്.

വിധാൻ സൗധയിൽ ഉറങ്ങിയ പ്രതിപക്ഷത്തോടൊപ്പം പ്രാതൽ കഴിച്ച് ഉപമുഖ്യമന്ത്രി; കർണാടകത്തിലെ വിശ്വാസം ഉച്ചയോടെ

കർണാടകത്തിൽ വിശ്വാസ വോട്ടെടുപ്പ് നടത്താത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ രാത്രിയിൽ വിധാൻ സഭയിൽ ഉറങ്ങിയ ബിജെപി എംഎൽഎമാർക്കൊപ്പം പ്രാതൽ കഴിച്ച് ഉപമുഖ്യമന്ത്രി ജി പരമേശ്വര. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല അന്ത്യശാസനം നല്‍കിയിരിക്കെ കർണാടകത്തിലെ രാഷ്ട്രീയ നാടകങ്ങൾ പരിസമാപ്തിയിലേക്ക് നീങ്ങുകയാണ്.

കോൺഗ്രസ്സ് വിമത എംഎൽഎമാരുടെ രാജിയെത്തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചർച്ചകൾ കഴിഞ്ഞ ദിവസമാണ് വിധാൻ സൗധയിലെ തുറന്ന പോരാട്ടത്തിലേക്ക് വഴിമാറിയത്. വ്യാഴാഴ്ചരാവിലെ സഭ ചേര്‍ന്നയുടനെ കുമാരസ്വാമി മന്ത്രിസഭയില്‍ വിശ്വാസം അര്‍പ്പിക്കുന്നെന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചെങ്കിലും വോട്ടെടുപ്പിനു ഭരണപക്ഷം തയ്യാറായില്ല. ഇതോടെയാണ് പ്രതിപക്ഷ പ്രതിഷേധം കനത്തത്.

വിശ്വാസവോട്ട് അനാവശ്യമായ ചര്‍ച്ചകള്‍ നടത്തി നീട്ടിക്കൊണ്ടുപോകുകയാണെന്നു ആരോപിച്ച് വിധാൻ സഭയിൽ സമരം നടത്താൻ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് വിധാൻ സഭയിൽ ഉറങ്ങാൻ ബിജെപി എംഎൽഎമാർ തീരുമാനിച്ചത്. അവർക്കാവശ്യമായ ഭക്ഷണവും കുടിവെള്ളവും മറ്റുസൗകര്യങ്ങളും ഒരുക്കാൻ ജീവനക്കാരും ഉദ്യോഗസ്ഥരും ഏറെ ബുദ്ധിമുട്ടിയതായി കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിർണായക സമയമായതിനാൽ തന്നെ കോണ്‍ഗ്രസും ജനതാദള്‍ എസും വിപ്പു നല്‍കിയിരുന്നെങ്കിലും ഭരണപക്ഷത്തുനിന്ന് ഇന്നലെ 20 പേര്‍ സഭയിലെത്തിയില്ല. വിമതരിൽ ഉൾപ്പെട്ട രാമലിംഗ റെഡ്ഡി രാജി പിൻവലിച്ച് സഭയിൽ ഹാജരായതാണ് ഭരണപക്ഷത്തിന്റെ ഏക ആശ്വാസം. വിശ്വാസം തെളിയിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഭരണപക്ഷത്തിന് ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിക്കാൻ കഴിയാത്ത നിലയിലാണ്.

Read More >>