കാനവും തുണയ്ക്കില്ല; മുതിര്‍ന്ന ആദിവാസി നേതാവിന് പുല്ല് വില!

ആദിവാസി വനിതാ നേതാവിനെ അപമാനിക്കുന്ന രീതിയില്‍ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നിര്‍ബന്ധപൂര്‍വ്വം രാജി വെപ്പിച്ച നടപടിയെ ലാഘവത്തോടെ കാണുന്ന സിപിഐ നടപടിക്കെതിരെ അട്ടപ്പാടി മേഖലയിൽ അമർഷം പുകയുകയാണ്.

കാനവും തുണയ്ക്കില്ല; മുതിര്‍ന്ന ആദിവാസി നേതാവിന് പുല്ല് വില!

കള്ളം പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,പ്രതികരിക്കാതെ ജില്ലാ സെക്രട്ടറി സുരേഷ് രാജ്. അട്ടപ്പാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഈശ്വരിരേശനെ നിര്‍ബന്ധിച്ച് രാജി വെപ്പിച്ച സംഭവത്തില്‍ സിപിഐ നേതാക്കള്‍ മലക്കം മറിയുന്നു. നാല് തവണ ത്രിതല പഞ്ചയാത്ത് ഭാരവാഹിയും,സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും,ആദിവാസി നേതാവുമായ ഈശ്വരിനേശനോട്‌ സിപിഐ സ്വീകരിച്ച സമീപനം വിവാദമാവുകയാണ്.

സെപ്റ്റംബര്‍ 30 ന് കാനം രാജേന്ദ്രന്‍ പങ്കെടുക്കുന്ന കമ്മറ്റിയിലാണ് ജില്ലാ എക്സിക്യൂട്ടീവ് അംഗമായ ഈശ്വരിരേശനെ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന്‍ മാറ്റുന്ന തീരുമാനമുണ്ടാവുക എന്നതായിരൂന്നു ധാരണ. എന്നാല്‍ കാനം പങ്കെടുക്കാത്ത കമ്മറ്റിയില്‍ ഇവരുടെ രാജി ആവശ്യപ്പെടുകയായിരുന്നു സിപിഐ ജില്ലാ നേതൃത്വം. തുടര്‍ന്ന് കാനം രാജേന്ദ്രന്‍ പങ്കെടുത്ത കമ്മറ്റിയിലാണ് ഇവരോട് രാജി ആവശ്യപ്പെട്ട രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയും നല്‍കി.

ആദിവാസി മഹാസഭാ സംസ്ഥാന പ്രസിഡന്റ് എന്‍ രാജന്‍, ഈശ്വരിരേശനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കാനത്തെ ബോധിപ്പിച്ചപ്പോള്‍ അതെല്ലാം ജില്ലാ നേതൃത്വം തീരുമാനിക്കണ്ടതാണെന്ന മറുപടിയാണ് കാനം നല്‍കിയിതെന്നായിരുന്നു ഈശ്വരിരേശന്‍ തന്നെ നാരദക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്‌.

കാര്യങ്ങള്‍ കൃത്യമായി അറിയാവുന്ന കാനം ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കള്‍ എന്ത് കൊണ്ട് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നുവെന്ന ചോദ്യത്തിന് ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരെ അതിന് കഴിയില്ലല്ലോ എന്ന മറുപടിയാണ്‌ ഈശ്വരിരേശന്‍ നല്‍കിയത്. ഇത് പൂര്‍ണ്ണമായും ശരിവെക്കുന്ന പ്രതികരണമാണ് കാനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.വിഷയത്തെ സംബന്ധിച്ച് ഒന്നും അറിയില്ല എന്നാണ് കാനം പ്രതികരിച്ചത്. മുതിര്‍ന്ന ആദിവാസി നേതാവിനോട് ഭരണഘടനാ പദവി രാജി വയ്ക്കാന്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതും ഒരു പ്രാദേശിക വിഷയമായി മാത്രമാണ് സംസ്ഥാന സെക്രട്ടറി കണക്കാക്കിയിരിക്കുന്നത്. ഇനിയും വിഷയത്തില്‍ ഇടപെടാം എന്നും അദ്ദേഹം പറയുന്നില്ല.

അട്ടപ്പാടിയിലായാലും ,കേരളത്തിലെവിടെയായാലും ആദിവാസികള്‍ക്ക് ഇത്തരത്തില്‍ സ്ഥാനമാനങ്ങള്‍ കൊടുത്തശേഷം തിരിച്ചു വാങ്ങുന്നത് ശരിയായ നടപടിയല്ലെന്നാണ് രാജി വെച്ച ശേഷം ഈശ്വരിനേശന്റെ പ്രതികരണം. ഓരോ വേദിയിലും എൽഡിഎഫ് നേതാക്കൾ മൈക്കെടുത്താൽ പ്രസംഗിക്കുന്നത് ആദിവാസികൾക്ക് വേണ്ടിയാണ്,ഈ പ്രസ്ഥാനം നിലനിൽക്കുന്നത് അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനായാണ് പ്രവർത്തിക്കുന്നത് എന്നൊക്കെയാണ്.അവരെയൊക്കെ വിശ്വസിച്ചാണ് പാവങ്ങള്‍ ഈ പാര്‍ട്ടിയില്‍ നില്‍ക്കുന്നത് .എന്നിട്ടും ഒരു ആദിവാസി ജനപ്രതിനിധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ നടപടിയെടുക്കുന്നത് ഒരു ആദിവാസി സമൂഹവും സഹിക്കില്ലെന്ന് ഈശ്വരിരേശന്‍ നേരത്തേ വ്യക്തമാകിയിരുന്നു.

അടിസ്ഥാന രഹിതമായ ആരോപാണങ്ങളാണ് തന്റെ രാജി ആവശ്യപ്പെടുന്നതിനായി നേതൃത്വം ആരോപിക്കുന്നത്. സിപിഐ അട്ടപ്പാടി മണ്ഡലം സെക്രട്ടറി രാധാകൃഷ്ണന്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ്‌ പെരുമാറുന്നത്. കേട്ടാല്‍ വസ്ത്രമുരിഞ്ഞ് പോവുന്ന രീതിയിലുള്ള അധിക്ഷേപങ്ങളാണ് നിരന്തരമായി ഇയാള്‍ നടത്തുന്നത്. ആദിവാസി എന്ന നിലനിലയിലും ഇയാള്‍ തന്നെയും സമൂഹത്തെയും അപമാനിക്കാറുണ്ടെന്നും ഈശ്വരിരേശനുമായി നാരദ നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ആദിവാസി വനിതാ നേതാവിനെ അപമാനിക്കുന്ന രീതിയില്‍ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നിര്‍ബന്ധപൂര്‍വ്വം രാജി വെപ്പിച്ച നടപടിയെ ലാഘവത്തോടെ കാണുന്ന സിപിഐ നടപടിക്കെതിരെ അട്ടപ്പാടി മേഖലയിൽ അമർഷം പുകയുകയാണ്. ഈ വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെ പുലർത്തുന്ന നിസ്സംഗത ആദിവാസി സമൂഹത്തോടും,സ്ത്രീകളോടും സിപിഐ പുലർത്തുന്ന സമീപനം പുതിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.

Read More >>