എറണാകുളത്ത് ഹൈബി ഈഡന്‍; പിന്നാലെ നടന്നിട്ടും കുര്യനും തോമസിനും അപ്പോയ്‌മെന്റില്ല: കേരളത്തിലെ കാര്യം ഉമ്മന്‍ചാണ്ടി തീരുമാനിക്കും

വി എം സുധീരന്‍ തൃശൂരിന്‍ നിന്നും ഷാനിമോള്‍ ഉസ്മാന്‍ വയനാട് നിന്നും അബ്ദുള്ളക്കുട്ടി കാസര്‍ഗോഡ് നിന്നും മത്സരിക്കണം എന്നത് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കെ സി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ പി സി വിഷ്ണുനാഥാകും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി

എറണാകുളത്ത് ഹൈബി ഈഡന്‍; പിന്നാലെ നടന്നിട്ടും കുര്യനും തോമസിനും അപ്പോയ്‌മെന്റില്ല: കേരളത്തിലെ കാര്യം ഉമ്മന്‍ചാണ്ടി തീരുമാനിക്കും

വീണ്ടും എറണാകുളത്ത് മത്സരിക്കാന്‍ സോണിയാ ഗാന്ധിയയുടെ കിച്ചണ്‍ ക്യാബിനറ്റ് വഴി കരിമീനും കൊഞ്ചും വാഴക്കുളം പൈനാപ്പിളുമായി പ്രൊഫ. കെ വി തോമസിന് വഴിയില്ലെന്ന് ഉറപ്പായി- പിന്നാലെ നടന്നിട്ടും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ തോമസിന് അപ്പോയ്‌മെന്റ് കൊടുക്കുന്നില്ല. മൂന്നര മാസമായി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ചയ്ക്ക് ശ്രമം നടത്തിയിട്ടും പി ജെ കുര്യനും തിക്താനുഭമാണ്. പ്രത്യേകിച്ച് വ്യക്തിവൈരാഗ്യം ഉള്ളതുകൊണ്ടല്ല, എറണാകുളം സീറ്റില്‍ തോമസ് മത്സരിച്ചാല്‍ കോണ്‍ഗ്രസുകാര്‍ പോലും വോട്ടു ചെയ്യില്ല എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിനു ലഭിച്ച വിവരം. സ്വന്തം പാര്‍ട്ടിക്കാരെ പോലും അത്രയധികം വെറുപ്പിച്ച ഒരാളോട് ഒരു മമതയുടേയും ആവശ്യമില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് എ കെ ആന്റണി വഴിയാണ് തോമസ് ശ്രമം നടത്തുന്നത്. ദേശീയ -കേരള രാഷ്ട്രീയത്തില്‍ ആന്റണിയുടെ നിലയും തിട്ടപ്പെടുത്തിക്കഴിഞ്ഞു എന്നു വ്യക്തമാകുന്നു. ആന്റണി പാനല്‍ എന്ന ഒന്ന് ഇത്തവണ കേരളത്തില്‍ ഉണ്ടാകില്ല. കോണ്‍ഗ്രസിലെ കടല്‍ക്കിഴവന്മാരോട് ഒരുതരം അനുനയവും ആവശ്യമില്ലെന്ന സന്ദേശം കോണ്‍ഗ്രസിലെ യുവസാന്നിധ്യങ്ങളെ കൂടുതല്‍ ഉഷാറാക്കുന്നുമുണ്ട്.

സോണിയയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വിന്‍സന്റ് ജോര്‍ജിന്റെ കാലടിയിലെ മണ്ണൊലിച്ചപ്പോള്‍ അധികാരവേര് ചീഞ്ഞ നേതാക്കളില്‍ ആന്റണി- തോമസ്- കുര്യന്‍ സഖ്യമാണുള്ളത്. സോണിയാ ഗാന്ധിക്കു പകരം രാഹുല്‍ കോണ്‍ഗ്രസിന്റെ അധികാരം കേന്ദ്രമായതോടെ രാഷ്ട്രീയ തന്ത്രമാണ് മാറിമറിഞ്ഞത്. കേരളത്തില്‍ നിന്നും രാഹുല്‍ വിശ്വസിക്കുന്ന നേതാവായി ഉമ്മന്‍ചാണ്ടി മാറി. കെ സി വേണുഗോപാല്‍ ദേശീയ തലത്തില്‍ രാഹുലിന്റെ ബലക്കൈകളില്‍ ഒന്നുമായി. ഉമ്മന്‍ചാണ്ടി- കെ സി വേണുഗോപാല്‍ കൂട്ടുകെട്ട് രൂപപ്പെടുകയും രമേശ് ചെന്നിത്തല നായര്‍ പ്രാധിനിധ്യമുള്ള നേതാവ് എന്നതില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ആന്റണി- ചെന്നിത്തല കൂട്ടുകെട്ടിലൂടെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാം എന്ന സ്ഥിതി മാറി. കേരളത്തിലെ ഏറ്റവും ജനകീയ നേതാവ് ഉമ്മന്‍ചാണ്ടിയാണ് എന്ന് ജനങ്ങളില്‍ നടത്തിയ സര്‍വ്വേകളിലൂടെയാണ് ഹൈക്കമാന്റ് കണ്ടെത്തിയത്. വേണുഗോപാലും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള പോര് അടങ്ങുകയും അവര്‍ പര്‌സപരം കീഴടങ്ങി ഒന്നിക്കുകയും ചെയ്തു.

ഹൈബി ഈഡന്‍ എംഎല്‍എ എറണാകുളത്ത് നിന്നും മത്സരിക്കണം എന്നതാണ് ഹൈക്കമാന്റിന്റെ ആശയം. കെ വി തോമസിനേക്കാളും ജയസാധ്യത ഹൈബിക്കാണ് എന്നു വ്യക്തം.

പരിപാടിക്ക് ക്ഷണിക്കാനാണ് എന്ന വിധം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേരളത്തിലെ കത്തോലിക്ക മതമേലധ്യക്ഷന്മാരെ കൂടിക്കാഴ്ചയ്ക്ക് കൂട്ടിക്കൊണ്ടുപോയതാണ് കുര്യന്റെ കാര്യം പരുങ്ങലിലാക്കിയത്. സോണിയാ ഗാന്ധിക്ക് അത് അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല എന്നുമാത്രമല്ല വീണ്ടും രാജ്യസഭ ഡെപ്യൂട്ടി സ്പീക്കറാകാനും ഉപരാഷ്ട്രപതിയാകാനും കുര്യന്‍ ബിജെപിയോട് നടത്തിയ സംസാരങ്ങളും സോണിയയുടെ വീട്ടില്‍ അറിഞ്ഞു. വീണ്ടും ബിജെപി അധികാരത്തില്‍ വരും എന്ന വകതിരിവില്ലാത്ത ചിന്ത കുര്യനു മാത്രമല്ല തോമസിനും പണിയായി. നരേന്ദ്രമോദിയെ പലതവണയാണ് ഈ കോണ്‍ഗ്രസ് എംപി പരസ്യമായി അഭിനനന്ദിച്ചത്. ഒരു അവസരം വന്നാല്‍ ബിജെപിയിലേക്ക് കുര്യനും തോമസും പോകുമോ എന്നു പോലും തോന്നിപ്പിച്ചു. രാജ്യത്തെ കത്തോലിക്ക സഭയെ ബിജെപി പാളയത്തില്‍ എത്തിക്കാന്‍ നടത്തുന്ന നീക്കങ്ങളില്‍ സംശയ സ്ഥാനത്തുള്ള നേതാക്കളില്‍ ഇവരും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം കോണ്‍ഗ്രസ് പരിശോധിക്കുകയാണ്.

അതേസമയം, തെരഞ്ഞെടുപ്പ് ഫണ്ടടക്കമുള്ള മുഖ്യകാര്യങ്ങളില്‍ ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും രാഹുലിനൊപ്പമുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കേരളത്തില്‍ ഒന്നും ചെയ്യാനില്ല എന്നു വ്യക്തമാവുകയാണ്. 12000 രൂപയുടെ നിര്‍ബന്ധിത പിരിവടക്കം പ്രളയ കേരളത്തില്‍ നടത്താന്‍ ശ്രമിച്ച ധാര്‍ഷ്ട്യം ബൂത്തുതല പ്രവര്‍ത്തകരില്‍ ഊന്നുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തന്ത്രത്തിനാണ് തിരിച്ചടിയായത്.

വി എം സുധീരന്‍ തൃശൂരിൽ നിന്നും ഷാനിമോള്‍ ഉസ്മാന്‍ വയനാട് നിന്നും അബ്ദുള്ളക്കുട്ടി കാസര്‍ഗോഡ് നിന്നും മത്സരിക്കണം എന്നത് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കെ സി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ പി സി വിഷ്ണുനാഥാകും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി. കെ വി തോമസിന്റെ കൂടെ വിശ്രമിക്കാന്‍ വിടുന്ന നേതാക്കളില്‍ പി സി ചാക്കോയും ഉണ്ടാകും എന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read More >>