ശബരിമല കലാപം: ആർഎസ്എസിനെതിരായ നടപടിയിൽ വേദനിച്ചും പൊട്ടിത്തെറിച്ചും കെ സുധാകരൻ; രാഹുൽ ഈശ്വറിന്റെ അറസ്റ്റ് അന്യായം

സമാധാനപരമായി സമരം നടത്തിയ ആളുകളെ ഫോട്ടോ വച്ച് തിരഞ്ഞു കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിലെ യുക്തി എന്താണെന്നും സുധാകരന്‍ ചോദിച്ചു.

ശബരിമല കലാപം: ആർഎസ്എസിനെതിരായ നടപടിയിൽ വേദനിച്ചും പൊട്ടിത്തെറിച്ചും കെ സുധാകരൻ; രാഹുൽ ഈശ്വറിന്റെ അറസ്റ്റ്  അന്യായം

സുപ്രീംകോടതി വിധിക്കെതിരായ ശബരിമല കലാപത്തിൽ ആർഎസ്എസ്- സംഘപരിവാർ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ വേദനിച്ചും പൊട്ടിത്തെറിച്ചും അക്രമങ്ങളെ ന്യായീകരിച്ചും കോൺ​ഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. അടിയന്തരാവസ്ഥക്കാലത്തു പോലും ഇത്രയും അറസ്റ്റുകളുണ്ടായിട്ടില്ലെന്നും കിരാതമായ നടപടികൾ സർക്കാർ അവസാനിപ്പിക്കണമെന്നുമാണ് സുധാകരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്.

വിദ്വേഷ പ്രചരണത്തിന് തീവ്ര ഹിന്ദുത്വവാദി രാ​ഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തതും സുധാകരനെ വേദനിപ്പിച്ചു. രാഹുൽ ഈശ്വറിന്റെ അറസ്റ്റ് ന്യായീകരിക്കാനാവില്ലെന്നാണ് സുധാകരന്റെ വാദം. രാഹുലിന്റെ അറസ്റ്റ് നേരത്തെ ലക്ഷ്യമിട്ടതാണെന്നും അറസ്റ്റ് ചെയ്ത രീതി ശരിയായില്ലെന്നും സുധാകരൻ അവകാശപ്പെട്ടു. നാമജപത്തിന് പോയ സ്ത്രീകള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത് ശരിയല്ല. പ്രതിഷേധത്തെ അടിച്ചമര്‍ത്താനാകില്ലെന്നും ആള്‍ക്കാരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും കലാപശ്രമങ്ങളെ ന്യായീകരിച്ച് സുധാകരന്‍ വ്യക്തമാക്കി.

വീഡിയോയില്‍ കാണുന്നവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്യുന്നു. കോടതിവിധിയെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സുധാകരന്‍ ആരോപിച്ചു. സമാധാനപരമായി സമരം നടത്തിയ ആളുകളെ ഫോട്ടോ വച്ച് തിരഞ്ഞു കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിലെ യുക്തി എന്താണെന്നും സുധാകരന്‍ ചോദിച്ചു. ശബരിമലയിൽ എത്തിയ സ്ത്രീകളെ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും വനിതാ മാധ്യമപ്രവർത്തകരേയും പൊലീസുകാരേയും ആക്രമിക്കുകയും നിരവധി വാഹനങ്ങൾക്കു തീയിടുകയും ചെയ്ത കലാപസമാനമായ അക്രമത്തെയാണ് സമാധാനപരമായ സമരമെന്ന് സുധാകരൻ വിശേഷിപ്പിച്ചതെന്നതാണ് ശ്രദ്ധേയം.

അതേസമയം, സന്ദീപാനന്ദഗിരിയുടെ വീട് ആക്രമിച്ചത് അപലപനീയമാണെന്ന് സുധാകരന്‍ പ്രതികരിച്ചു. സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ട്. ആരു ചെയ്താലും സ്വയം ചെയ്തതായാലും അപലപനീയമാണ്. സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവന അനുചിതമാണ്. അത് ഭീഷണിയാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ ഭീഷണി ഫെഡറലിസത്തിന് എതിരാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെയും ഇത്തരത്തിൽ സംഘപരിവാർ ആക്രമണത്തെയും കലാപത്തേയും ന്യായീകരിച്ചും അവരെ പിന്തുണച്ചും സുധാകരൻ രം​ഗത്തെത്തിയിരുന്നു. വിഷയത്തിന്റെ തുടക്കം മുതൽ തന്നെ സുപ്രീംകോടതി വിധിക്കെതിരായ നിലപാട് സ്വീകരിച്ച സുധാകരന്റെ പരാമർശങ്ങൾ സംഘപരിവാറിനെ സഹായിക്കുന്ന രീതിയിലുള്ളതാണെന്ന വിലയിരുത്തലുണ്ട്.

Read More >>