ബാർ കോഴക്കേസ് അട്ടിമറിക്കാൻ സിപിഐഎം സഹായിച്ചു; മാണി എൽഡിഎഫിലേക്കെന്ന സൂചന നൽകി ബിജു രമേശിന്റെ വെളിപ്പെടുത്തൽ

ബാർ കോഴക്കേസിൽ ആരോപണ വിധേയനായ കെ എം മാണിക്ക് വിജിലൻസ് ക്ലീൻചിറ്റ് നൽകിയിരുന്നു. ഇത് സിപിഐഎം ഇടപെടലിനെ തുടർന്നാണെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത്.

ബാർ കോഴക്കേസ് അട്ടിമറിക്കാൻ സിപിഐഎം സഹായിച്ചു; മാണി എൽഡിഎഫിലേക്കെന്ന സൂചന നൽകി ബിജു രമേശിന്റെ വെളിപ്പെടുത്തൽ

കെ എം മാണി എൽഡിഎഫിനൊപ്പം ചേരുമെന്ന സൂചന നൽകി ബിജു രമേശിന്റെ വെളിപ്പെടുത്തൽ. മാണിക്കെതിരായ ബാർ കോഴ കേസ് അട്ടിമറിക്കാൻ സിപിഐഎം സഹായിച്ചുവെന്നാണ് ബാറുടമ ബിജു രമേശിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. രാഷ്ട്രീയ കേരളത്തിൽ നിർണായക വഴിത്തിരിവിന് സൂചന നൽകുന്ന വെളിപ്പെടുത്തലാണ് ബിജുവിന്റേത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ ബാർ കോഴക്കേസിൽ ആരോപണ വിധേയനായ കെ എം മാണിക്ക് വിജിലൻസ് ക്ലീൻചിറ്റ് നൽകിയിരുന്നു. ഇത് സിപിഐഎം ഇടപെടലിനെ തുടർന്നാണെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത്.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവയുടെ പശ്ചാത്തലത്തിൽ കെ എം മാണിയുടെ കേരളാ കോൺ​ഗ്രസ് എൽഡിഎഫിനൊപ്പം ചേരുന്നത് എന്തുകൊണ്ടും ​ഗുണംചെയ്യുന്നത് സിപിഐഎമ്മിനായിരിക്കും. നിലവിലെ സാഹചര്യത്തിൽ മുസ്ലിം ലീ​ഗിനെ സ്വീകരിക്കാൻ സിപിഐഎമ്മോ, ഇടതുപക്ഷത്തിനൊപ്പം ചേരാൻ ലീ​ഗോ താൽപര്യമെടുക്കില്ല. ഈയവസരത്തിൽ കേരളാ കോൺ​ഗ്രസ് (എം) ആണ് അടുത്ത ഒാപ്ഷൻ. യുഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്ന കേരളാ കോൺ​ഗ്രസ്സിനെ ഇടത്തോട്ട് അടുപ്പിക്കാൻ സിപിഐഎം ശ്രമം തുടങ്ങിയെട്ട് നാളുകൾ ഏറെയായി. കോട്ടയം ജില്ലാ പഞ്ചായത്തിൽ അധികാരത്തിലേറാൻ കേരളാ കോൺ​ഗ്രസ്സിനെ പിന്തുണച്ചത് സിപിഐഎമ്മാണ്. അന്ന് ഏറെ വിവാദമായ ഈ പിന്തുണ പ്രഖ്യാപനം മാണിയുമായി അടുപ്പത്തിലാവാനുള്ള തന്ത്രങ്ങളുടെ ഭാ​ഗമായിരുന്നു.

ബാർ കോഴക്കേസ് മുന്നിൽ നിർത്തി കെ എം മാണിയുമായി വിലപേശാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് നേരത്തെയും ആരോപണമുണ്ടായിരുന്നു. എൽഡിഎഫ് അധികാരത്തിലെത്തിയാൽ അടച്ചുപൂട്ടിയ മുഴുവൻ ബാറും തുറക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉറപ്പുനൽകിയിരുന്നുവെന്നും ബിജു രമേശ് വ്യക്തമാക്കി. ഇതും കൂടി ചേർത്തു വായിക്കുമ്പോൾ കുറച്ചുകൂടി വ്യക്തമാവും കാര്യങ്ങൾ. വിജിലൻസ് ക്ലീൻചിറ്റ് നൽകിയതോടെ, ഏതൊക്കെ ബാറുകൾ അടച്ചാലും തുറന്നാലും ഇതൊന്നും മാണിയെ ബാധിക്കില്ല. ഈയവസരത്തിൽ, മാണിയെ കൂടെക്കൂട്ടി സിപിഐയെ നിലയ്ക്കു നിർത്താനും സിപിഐഎമ്മിന് സാധിക്കും. മാണി കൂടെചേർന്നാൽ, എൽഡിഎഫിലെ രണ്ടാംകക്ഷിയായ സിപിഐ മുന്നണിയിലുണ്ടാക്കുന്ന സമ്മർദ്ദങ്ങൾക്ക് കുറവു വരുമെന്നും സിപിഐഎം കണക്കുകൂട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് പിടിക്കാനും അതുവഴി നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നിലനിർത്താനുമാണ് സിപിഐഎമ്മിന്റെ ശ്രമം.

ലോക്സഭയിലെ സീറ്റ് ലക്ഷ്യമിടുന്ന കേരള കോൺ​ഗ്രസ്സിനെ സിപിഐഎം സഹായിക്കുമെന്നതാണ് ഇതിൽ മാണിക്ക് ലഭിക്കുന്ന നേട്ടമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കേരള കോൺ​ഗ്രസ് എൽഡിഎഫിലെത്തുന്നതോടെ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ വിജയിപ്പിക്കാൻ സിപിഐഎം പിന്തുണയുണ്ടാവും. ‌കേരള കോൺ​ഗ്രസ്സിലെ പ്രബല കക്ഷിയായ പി ജെ ജോസഫിന്റെ ശക്തമായ എതിർപ്പ് മാത്രമാണ് ഇടത്തോട്ടു ചായാൻ ശ്രമിക്കുന്ന കെ എം മാണിക്ക് വിലങ്ങുതടിയാവുന്നത്. പി ജെ ജോസഫ് വിഭാ​ഗത്തെ തൃപ്തിപ്പെടുത്താനുള്ള നീക്കങ്ങൾ കേരള കോൺ​ഗ്രസ്സിൽ നടക്കുന്നുണ്ടെന്നാണ് അഭ്യൂഹങ്ങൾ. ഈയടുത്ത് സമാപിച്ച കേരള കോൺ​ഗ്രസ് ജില്ലാ- സംസ്ഥാന സമ്മേളനങ്ങളിൽ ഉയർന്ന പ്രധാന ചർച്ചയും എൽഡിഎഫിനൊപ്പം നിൽക്കുന്നതിനെ സംബന്ധിച്ചാണ്. ബാർ കോഴക്കേസ് മുതൽ തങ്ങളെ വേണ്ടവിധം പരി​ഗണിക്കാത്ത യുഡിഎഫിന് മറുപടി നൽകാനും എൽഡിഎഫ് പ്രവേശനം മാണിയെ സഹായിക്കും.


Read More >>