അവസാന നിമിഷത്തിൽ പിജെ ജോസഫിന്റെ 'സർജിക്കൽ സ്ട്രൈക്ക്'; യുഡിഎഫ് ക്യാമ്പിൽ ആശങ്ക

യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കില്ലെന്ന് ജോസഫ് വിഭാഗം നേതാക്കളും തന്റെ മത്സരത്തിന് രാഷ്ട്രീയമില്ലെന്ന് ജോസഫ് കണ്ടത്തിലും അഭിപ്രായപ്പെട്ടെങ്കിലും യുഡിഎഫ് ക്യാമ്പിൽ ആശങ്കകൾ അയയുന്നില്ല.

അവസാന നിമിഷത്തിൽ പിജെ ജോസഫിന്റെ സർജിക്കൽ സ്ട്രൈക്ക്; യുഡിഎഫ് ക്യാമ്പിൽ ആശങ്ക

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന മിനുട്ടിൽ പിജെ ജോസഫ് നടത്തിയ 'സർജിക്കൽ സ്‌ട്രൈക്കിൽ' യുഡിഎഫ് ക്യാമ്പിൽ ആശങ്ക. ജോസ് ടോമിന് വിമതനായി കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും പിജെ ജോസഫിന്റെ വിശ്വസ്ഥരിലൊരാളുമായ ജോസഫ് കണ്ടത്തിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ജോസഫ് ഗ്രൂപ്പ് നേതാക്കൾക്ക് പുറമെ പിജെ ജോസഫിന്റെ പിഎയും പത്രിക സമർപ്പിക്കുമ്പോൾ ഹാജരായത് ജോസ് കെ മാണി വിഭാഗത്തിന് കൃത്യമായ സന്ദേശം നൽകാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കില്ലെന്ന് ജോസഫ് വിഭാഗം നേതാക്കളും തന്റെ മത്സരത്തിന് രാഷ്ട്രീയമില്ലെന്ന് ജോസഫ് കണ്ടത്തിലും അഭിപ്രായപ്പെട്ടെങ്കിലും യുഡിഎഫ് ക്യാമ്പിൽ ആശങ്കകൾ അയയുന്നില്ല. രണ്ടില ചിഹ്നത്തിൽ പോരാട്ടം തുടരുന്നതിനിടെയാണ് ജോസഫിന്റെ നിർണായക നീക്കം. ചിനത്തിന്റെ കാര്യത്തിൽ നാളെകൊണ്ട് തീരുമാനം ഉണ്ടാകും. രണ്ടില ചിഹ്നം അനുവദിച്ച് കിട്ടണമെങ്കില്‍ ഇന്ന് മൂന്നുമണിക്ക് മുമ്പ് പാര്‍ട്ടി ചെയര്‍മാന്റെ കത്ത് ഹാജരാക്കണമെന്ന് വരണാധികാരി യുഡിഎഫ് സ്ഥാനാര്‍ഥിയെ അറിയിച്ചിരുന്നു. വരണാധികാരിയുടെ മുന്നില്‍ ഒരു വാദപ്രതിവാദം ഉണ്ടായാല്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ഒരാള്‍കൂടി വേണമെന്നുള്ളതിനാലാണ് ഈ സ്ഥാനാര്‍ഥിത്വം എന്നതാണ് ജോസഫ് വിഭാഗം മുന്നോട്ട് വെക്കുന്ന ഒരു സാങ്കേതിക വാദം. എന്നാല്‍ പിജെ ജോസഫിന്‌ ചെയര്‍മാന്‍ സ്ഥാനം ഉറപ്പിക്കാനുള്ള സമ്മർദ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.