ഐഎസ്ആർഒ ചാരക്കേസ്: 'ചതി പ്രയോഗ' വിഷയത്തിൽ കോൺഗ്രസ് ആരെ നമ്പി?

ഗ്രൂപ്പ് രാഷ്രീയത്തിന്റെ വക്താവായ കെ കരുണാകരന്റെ ഉയർച്ച താഴ്ച്ച കണ്ടറിഞ്ഞ കെ മുരളീധരന്റെ ഇപ്പോഴത്തെ കരുതൽ എന്തിനാണ് ?

ഐഎസ്ആർഒ ചാരക്കേസ്: ചതി പ്രയോഗ വിഷയത്തിൽ കോൺഗ്രസ് ആരെ നമ്പി?

കോൺഗ്രസ് ഗ്രൂപ്പ് രാഷ്രീയത്തിന്റെ വക്താക്കൾ ഇപ്പോൾ പ്രശ്നക്കാരല്ല എന്ന് എതിർ ഗ്രൂപ്പുകാർ തന്നെ പറയുന്ന സ്ഥിതിയായി. പാരമ്പര്യ കോൺഗ്രസുകാരും 'ക്രിമിനൽ കോൺഗ്രസ്സു'കാരും കൈകോർത്താൽ കോൺഗ്രസ്സ് ശക്തിപ്പെടുമോ എന്നതിന് പ്രായോഗിക രാഷ്ട്രീയമാണ് ഉത്തരമാകേണ്ടത്.

1994 നവംബര്‍ 30-ൽ നമ്പി നാരായണന്‍ ഐഎസ്ആർഒ ചാരക്കേസില്‍ അറസ്റ്റിലായി. കെ കരുണാകരൻ ബലിയാടുമായി. ചാരക്കേസ് ഗൂഢാലോചന വീണ്ടും അന്വേഷിക്കണം എന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ, പാരമ്പര്യ കോൺഗ്രസുകാരും 'ക്രിമിനൽ കോൺഗ്രസ്സു'കാരും വീണ്ടും ജനശ്രദ്ധയിലേക്കെത്തി. തുടർന്ന് സ്വാഭാവിക/അസ്വാഭാവിക പ്രതികരണങ്ങളാണ് ഉണ്ടായത്.

സംഭവത്തിൽ നീതി കിട്ടാതെ മരിച്ച ഒരേ ഒരാൾ തന്റെ പിതാവ് കരുണാകരനാണ് എന്ന് കെ മുരളീധരൻ വ്യക്തമാക്കി. ചാരക്കേസിന് പിന്നിൽ കേരളത്തിലെ അഞ്ചു കോൺഗ്രസ്സ് നേതാക്കൾ എന്ന് പദ്മജ വേണുഗോപാലും വെളിപ്പെടുത്തി. എന്നാൽ ആ അഞ്ചു 'ക്രിമിനൽ കോൺഗ്രസ്സു'കാർ (ഗൂഢാലോചന ക്രിമിനൽ കേസാണല്ലോ) ആരെന്നു പറയാൻ പദ്മജ തയ്യാറായില്ല.

അതേസമയം, കോൺഗ്രസ്സ് എ ഗ്രൂപ്പ് നേതാവ് ഉമ്മൻചാണ്ടി പ്രതികരിക്കാനില്ല എന്ന നിലപാടെടുത്തു. കാര്യം അറിയാത്ത ചിലർ വീണ്ടും വീണ്ടും പ്രതികരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

പദ്മജയ്ക്കു ശേഷം സംസാരിച്ച മുരളീധരനോടും മാധ്യമപ്രവർത്തകർ 'ക്രിമിനൽ കോൺഗ്രസ്സു'കാരുടെ കാര്യം ആരാഞ്ഞു. പക്ഷെ, പി വി നരസിംഹ റാവു എന്ന അന്തരിച്ച കോൺഗ്രസുകാരനെ അല്ലാതെ, സജീവ രാഷ്ട്രീയത്തിൽ ഉള്ള നേതാക്കളെ കുറിച്ച് പറയാൻ മുരളീധരൻ ഒരുക്കമായിരുന്നില്ല.

ഗുരുവായൂർ ക്ഷേത്ര ദർശന ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ, തൊഴുതു പ്രാർത്ഥിച്ചപ്പോഴത്തെ അതേ ശ്രദ്ധ നൽകിയായിരുന്നു മുരളീധരന്റെ മറുപടി. പൊളിറ്റിക്കലി, പദ്മജയെ പോലെയല്ല താൻ എന്നായിരുന്നു മുരളീധരന്റെ ശരീരഭാഷ. കരുണാകരനെ വീഴ്ത്തിയതിന് പിന്നിൽ കേരളത്തിലെ അഞ്ചു കോൺഗ്രസ്സ് നേതാക്കൾ എന്ന പദ്മജയുടെ അറിവ് തനിക്കില്ലെന്ന് മുരളീധരഭാഷ്യം.

ഗ്രൂപ്പ് രാഷ്രീയത്തിന്റെ വക്താവായ കെ കരുണാകരന്റെ ഉയർച്ച താഴ്ച്ച കണ്ടറിഞ്ഞ കെ മുരളീധരന്റെ ഇപ്പോഴത്തെ കരുതൽ എന്തിനാണ്? ഉമ്മൻ ചാണ്ടിയെന്ന വാക്ക് നാക്കിൽ നിന്ന് പുറത്ത് ചാടാതെ സൂക്ഷിച്ചു. കരുണാകരനെതിരെ ഗൂഢാലോചന നടന്നതിന് തെളിവുകളില്ല എന്ന ആ വാക്കുകൾ തിരിച്ചറിവാണോ- അടുത്ത തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ചരട് വലി, സീറ്റ് വലി തുടങ്ങിയവ ഉണ്ടാവാം എന്ന തിരിച്ചറിവ്?

അപ്പോൾ 'ക്രിമിനൽ കോൺഗ്രസ്സു'കാരുമായി ഇനി നടത്തേണ്ടത് ഡീലോ, നോ ഡീലോ? ജീവിച്ചിരിക്കുന്നവരെ കരുതിയിരിക്കുക; മരിച്ചവരെ പറ്റി പറയും പോലെയല്ല ജീവിച്ചിരിക്കുന്നവരെ കുറിച്ച് പ്രതികരിക്കേണ്ടത്. ആരെയൊക്കെ നമ്പാൻ പറ്റും; 'ചതി പ്രയോഗ' വിഷയമാകുമ്പോൾ പ്രത്യേകിച്ചും?

Read More >>