വി എസിനു ചുറ്റും പഴയ ടീം സജീവമാകുന്നു; പിണറായിയ്ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയത് വി കെ ശശിധരൻ?

പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ഇടതുപക്ഷ നിലപാടും സർക്കാർ കൈയൊഴിയുന്നുവെന്നും നേർവഴിക്കു നടത്താൻ കേന്ദ്രനേതൃത്വം ഇടപെടണമെന്നുമാണ് കുറ്റപത്രത്തിൽ ആവശ്യപ്പെടുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ഈ കത്ത് പാർടി പിബിയിൽ വിതരണം ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

വി എസിനു ചുറ്റും പഴയ ടീം സജീവമാകുന്നു;  പിണറായിയ്ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയത് വി കെ ശശിധരൻ?

പിണറായി സർക്കാരിനെതിരെ സിപിഐഎം കേന്ദ്രനേതൃത്വത്തിന് വി എസ് അച്യുതാനന്ദൻ സമർപ്പിച്ച കുറ്റപത്രം തയ്യാറാക്കിയത് പാർടിയിൽ നിന്നും പുറത്താക്കപ്പെട്ട വി കെ ശശിധരൻ? പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ഇടതുപക്ഷ നിലപാടും സർക്കാർ കൈയൊഴിയുന്നുവെന്നും നേർവഴിക്കു നടത്താൻ കേന്ദ്രനേതൃത്വം ഇടപെടണമെന്നുമാണ് കുറ്റപത്രത്തിൽ ആവശ്യപ്പെടുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ഈ കത്ത് പാർടി പിബിയിൽ വിതരണം ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഉമ്മൻചാണ്ടി സർക്കാരിനെതിരെ പ്രതിപക്ഷത്തിരുന്ന് ഇടതുപക്ഷം ഉയർത്തിയ എല്ലാ ആരോപണങ്ങളും കഴിഞ്ഞ പത്തുമാസങ്ങൾക്കുള്ളിൽ പിണറായി സർക്കാരിനെതിരെയും ഉയർന്നിട്ടുണ്ടെന്ന ഗുരുതരമായ ആക്ഷേപവും കത്തിലുള്ളതായി മാധ്യമറിപ്പോർട്ടുണ്ട്. പാർടി കേന്ദ്രനേതൃത്വത്തിന് ഇത്തരം കത്തുകൾ നൽകുകയും അവ മാധ്യമങ്ങൾ വഴി ചർച്ചയാക്കുകയും ചെയ്തുകൊണ്ട് സർക്കാരിനെതിരെ ശക്തമായി നീങ്ങാനാണ് വിഎസിന്റെ തീരുമാനം.

മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കാൻ റവന്യൂ വകുപ്പ് ഇറങ്ങിത്തിരിച്ചതും അനുകൂലമാക്കാനാണ് വിഎസിന്റെ ലക്ഷ്യം. ഒഴിപ്പിക്കൽ ശ്രമങ്ങളെ പരസ്യമായി എതിർക്കാൻ സിപിഐഎം പ്രാദേശിക നേതൃത്വം രംഗത്തു വരുമ്പോൾ ശക്തമായ പ്രതികരണങ്ങളുമായി വിഎസ് രംഗത്തിറങ്ങും. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം വി കെ ശശിധരന്റെ വിരൽത്തുമ്പിലുണ്ട്.

മുഖ്യമന്ത്രിയായിരുന്നപ്പോൾ വിഎസിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വി കെ ശശിധരൻ. വാർത്തകൾ ചോർത്തുന്നു എന്ന് ആരോപിച്ച് അംഗത്വത്തിൽ നിന്നു പുറത്താക്കിയതോടെ അദ്ദേഹം രാജിവെയ്ക്കുകയായിരുന്നു. ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ ആയപ്പോഴും തന്റെ പേഴ്സണൽ സ്റ്റാഫിൽ ശശിധരനെ ഉൾപ്പെടുത്തണമെന്നും അഡീഷണൽ പിഎ ആയി നിയമിക്കണമെന്നും വിഎസ് പാർടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യം നിരസിക്കുകയായിരുന്നു.

Read More >>