മത്സരിക്കാനില്ലെന്ന് പ്രിയങ്ക; പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് കർത്തവ്യം

കഴിഞ്ഞദിവസം ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി യുപിയിൽ പ്രവർത്തകരുമായി 16 മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് പ്രിയങ്ക നടത്തിയത്.

മത്സരിക്കാനില്ലെന്ന് പ്രിയങ്ക; പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് കർത്തവ്യം

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. ലഖ്നൗവിൽ പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കിയത്. പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന കർത്തവ്യം ഭം​ഗിയായി പൂർത്തിയാക്കുമെന്നും അതിന്റെ ഭാ​ഗമായി പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.

നേരത്തെ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലോ അമേത്തിയിലോ പ്രിയങ്ക മത്സരിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രിയങ്കയുടെ സജീവ രാഷ്ട്രീയപ്രവേശനം പോലും ഇതിനു വേണ്ടിയാണ് എന്നായിരുന്നു വിലയിരുത്തൽ. കഴിഞ്ഞദിവസം ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി യുപിയിൽ പ്രവർത്തകരുമായി 16 മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് പ്രിയങ്ക നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ ചര്‍ച്ച ബുധനാഴ്ച അതിരാവിലെ വരെയാണ് നീണ്ടുനിന്നത്.

തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം, ഫലം കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതിനെ കുറിച്ച് പ്രവര്‍ത്തകരില്‍ നിന്നും ആശയം തേടുക എന്നിവയാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. എട്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായി വിവിധ ജില്ലാ പ്രസിഡന്റുമാര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. നിലവിലെ പാര്‍ട്ടി സംഘടനാ രീതിയില്‍ വരുത്തേണ്ട മാറ്റം മനസിലാക്കുന്നതും ചര്‍ച്ചയുടെ ലക്ഷ്യമായിരുന്നു. 41 സീറ്റുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്കുള്ളത്. 39 സീറ്റുകളുടെ ചുമതല വഹിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്നു.

അതേസമയം, ഇപ്പോള്‍ പരാജയപ്പെട്ടാല്‍ അത് രാഷ്ട്രീയ ഭാവിയെ തന്നെ ബാധിച്ചേക്കുമെന്ന ഭീതിയാണ് പ്രിയങ്കയെ മത്സര രംഗത്തു നിന്ന് അകറ്റുന്നതിനു പിന്നിലുള്ള കാരണമെന്നാണ് സൂചന. യുപിയില്‍ പാർട്ടിക്ക് അധികാരം തിരിച്ച് പിടിക്കുന്നതിനുള്ള കഠിനശ്രമങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളിൽ നിന്നും ലഭിക്കുന്ന വിവരം. സംസ്ഥാനത്തെ 80 മണ്ഡലങ്ങളിലും പാർട്ടി മത്സരിക്കണമെന്ന ഉറച്ച നിലപാടാണ് പ്രിയങ്കാ ഗാന്ധിക്കുള്ളത്.

Read More >>