തോമസ് ചാണ്ടിയെ കൈവച്ച് ഹൈക്കോടതി: സര്‍ക്കാരിനെതിരെ മന്ത്രി ഹരജി നല്‍കുന്നതെങ്ങനെ?; അയോഗ്യനാക്കേണ്ട ഏറ്റവും ഉത്തമമായ സാഹചര്യം

ചീഫ് സെക്രട്ടറി ഫയൽ ചെയ്ത ഹരജി മന്ത്രി ഫയൽ ചെയ്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കളക്ടറുടെ അന്വേഷണം മന്ത്രിസഭാ തീരുമാനപ്രകാരമല്ലേ? മന്ത്രിസഭാ തീരുമാനത്തെ മന്ത്രിക്ക് ചോദ്യം ചെയ്യാൻ കഴിയുമോ? അതുകൊണ്ട് ഈ ഹരജി എങ്ങനെയാണ് നിലനിൽക്കുന്നതെന്നും കോടതി ആരാഞ്ഞു.

തോമസ് ചാണ്ടിയെ കൈവച്ച് ഹൈക്കോടതി: സര്‍ക്കാരിനെതിരെ മന്ത്രി ഹരജി നല്‍കുന്നതെങ്ങനെ?; അയോഗ്യനാക്കേണ്ട ഏറ്റവും ഉത്തമമായ സാഹചര്യം

കായൽ കൈയേറ്റത്തിൽ ​ഗതാ​ഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി. കൈയേറ്റത്തിനെതിരെ കളക്ടറുടെ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിർശനം. സർക്കാരിനെതിരെ മന്ത്രിക്ക് കേസ് കൊടുക്കാനാകുമോയെന്ന് കോടതി ചോദിച്ചു. സർക്കാരിനെതിരെ മന്ത്രി എങ്ങനെ ഹരജി കൊടുക്കും? ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ചോദ്യം.

ഹ​രജിയിന്മേലുള്ള വാദത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ തോമസ് ചാണ്ടിക്കെതിരെ കോടതി വിമർശനം തൊടുത്തു. മന്ത്രിക്ക് സർക്കാരിനെതിരെ ഹരജി നൽകാനാവില്ല. അതിന് വ്യക്തിക്കു മാത്രമേ സാധിക്കൂ. ‌മന്ത്രി ഹരജി ഫയൽ ചെയ്യുന്നത് അത്യപൂർവ്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ഈ സാഹചര്യത്തിൽ മന്ത്രിക്കെതിരെ സർക്കാരിന് നിലപാടെടുക്കാനാവുമോയെന്നു ചോദിച്ച കോടതി ലോകത്ത് എവിടെയും ഇങ്ങനെയൊന്ന് കേട്ടുകേൾവിയില്ലെന്നും ചൂണ്ടിക്കാട്ടി.

ഹരജിയുടെ ആദ്യവരിയിൽ തന്നെ പരാതിക്കാരൻ മന്ത്രി എന്നു പറയുന്നുണ്ട്. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. ചീഫ് സെക്രട്ടറി ഫയൽ ചെയ്ത ഹരജി മന്ത്രി ഫയൽ ചെയ്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കളക്ടറുടെ അന്വേഷണം മന്ത്രിസഭാ തീരുമാനപ്രകാരമല്ലേ? മന്ത്രിസഭാ തീരുമാനത്തെ മന്ത്രിക്ക് ചോദ്യം ചെയ്യാൻ കഴിയുമോ? അതുകൊണ്ട് ഈ ഹരജി എങ്ങനെയാണ് നിലനിൽക്കുന്നതെന്നും കോടതി ആരാഞ്ഞു.

മന്ത്രിയെ അയോ​ഗ്യനാക്കേണ്ട ഏറ്റവും ഉത്തമമായ സാഹചര്യമാണ് നിലവിലുള്ളതെന്നും കോടതി വ്യക്തമാക്കി. കോടതിയെ കൂട്ടുപിടിച്ച് മന്ത്രിക്ക് അധികാരത്തിൽ തുടരാനാവില്ല. മന്ത്രിക്ക് കൂട്ടുത്തരവാദിത്വം നഷ്ടമായെന്നും കോടതി ചൂണ്ടിക്കാട്ടി. കളക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി കോടതിയെ സമീപിച്ചത് തെറ്റായ സാഹചര്യമാണ്. ഹരജിയെ സർക്കാർ എതിർക്കാത്തത് ആശ്ചര്യജനകമാണെന്നു വിലയിരുത്തിയ കോടതി മുഖ്യമന്ത്രിയെ മന്ത്രിക്ക് വിശ്വാസമില്ലേയെന്നും ചോദിച്ചു.

അതേസമയം, നടപടിക്ക് ശുപാർശ സ്ഥലം മന്ത്രിയുടേതല്ലെന്നായിരുന്നു കോൺ​ഗ്രസ് എംപിയും തോമസ് ചാണ്ടിയുടെ അഭിഭാഷകനുമായ വിവേക് തൻഖാറുടെ വാദം. എന്നാൽ ഇതിനെ ഖണ്ഡിച്ച കോടതി ‌വാട്ടർവേൾഡ് കമ്പനിയുടെ ഉടമ തോമസ് ചാണ്ടി തന്നെയാണോയെന്ന് ചോദിച്ചു. ലേക് പാലസ് ഉടമസ്ഥർ തന്നെയാണ് കമ്പനിയുടെ ഉടമസ്ഥരെന്നും കോടതി നിരീക്ഷിച്ചു. മന്ത്രിക്ക് പ്രത്യേക പരി​ഗണനയില്ല. വ്യക്തിപരമായ ഉത്തരവാദിത്വത്തിൽ നിന്നും മന്ത്രിക്ക് ഒഴിഞ്ഞുമാറാനാകുമോ? മന്ത്രിയുടെ പരാതിയിൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും എതിർകക്ഷികളാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സർക്കാരിനെതിരെ മമത ബാനർജി കേസ് കൊടുത്തിട്ടുണ്ടെന്നായിരുന്നു വിവേക് തൻഖാറുടെ മറ്റൊരു വാദം. കമ്പനി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കേണ്ടത് തന്നെയല്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ വാദം. എന്നാൽ തോമസ് ചാണ്ടി പക്ഷത്തിന്റെ ഒരു വാദവും കോടതി അം​ഗീകരിച്ചില്ല. മന്ത്രിയെ കൂടാതെ ചാനൽ ചർച്ചകളിൽ പങ്കെടുത്തതിന് അഡ്വ. ഹരീഷ് വാസുദേവിനെതിരെയും റവന്യു മന്ത്രിക്കെതിരെയും കോടതിയുടെ വിമർശനമുയർന്നു. റവന്യൂ മന്ത്രി എന്തിനാണ് കളക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടതെന്നായിരുന്നു കോടതിയുടെ ചോദ്യം.

എന്നാൽ തോമസ് ചാണ്ടിയെ ന്യായീകരിക്കുന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. ആരോപണങ്ങൾ തോമസ് ചാണ്ടി മന്ത്രിയാവുന്നതിന് മുമ്പ് ഉയർന്നതാണെന്നായിരുന്നു സർക്കാർ വാദം. ചാണ്ടിയെ ന്യായീകരിച്ച അറ്റോർണി ജനറലിനെയും കോടതി വിമർശിച്ചു.

നേരത്തെയും ഹൈക്കോടതി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. കേസിൽ മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. സര്‍ക്കാര്‍ അഭിഭാഷകനായ സ്‌റ്റേറ്റ് അറ്റോര്‍ണി കെ വി സോഹനോടായിരുന്നു കോടതിയുടെ ചോദ്യം. കൈയേറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും സാധാരണക്കാരൻ കൈയേറിയാലും ഈ നിലപാട് തന്നൊയാണോ സ്വീകരിക്കുകയെന്നും ഹെെക്കോടതി ചോദിച്ചിരുന്നു.

Read More >>