തെരുവുയുദ്ധം കൂടാതെ കെഎസ്‌യു സംഘടനാ തെരഞ്ഞെടുപ്പ് നടക്കില്ല; സമവായത്തിലെത്താനൊരുങ്ങി ഗ്രൂപ്പുകൾ

കെപിസിസി പ്രസിഡന്റ് ഇല്ലാത്തതും മാതൃസംഘടനയായ കോൺഗ്രസ് വിവിധ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നതിനാലും മത്സരം വേണ്ടെന്ന നിലപാടിലാണ് നേതൃത്വം. ഗ്രൂപ്പുകൾക്കുള്ളിൽ നിലനിൽക്കുന്ന തർക്കങ്ങളും സംഘടനാ തെരഞ്ഞെടുപ്പിനെ തെരുവുയുദ്ധമാക്കുമോ എന്ന ആശങ്കയും കെഎസ്‌യുവിനുണ്ട്.

തെരുവുയുദ്ധം കൂടാതെ കെഎസ്‌യു സംഘടനാ തെരഞ്ഞെടുപ്പ് നടക്കില്ല;  സമവായത്തിലെത്താനൊരുങ്ങി ഗ്രൂപ്പുകൾ

കെഎസ്‌യു സംഘടനാ തെരഞ്ഞെടുപ്പ് ഗ്രൂപ്പുകളുടെ സമവായത്തിൽ സ്ഥാനങ്ങൾ നിശ്ചയിക്കുന്നതിലേക്ക് ഒതുങ്ങുമെന്നു സൂചന. മത്സരമുണ്ടായാൽ മിക്ക ജില്ലകളിലും സംഘർഷത്തിലേക്ക് നീങ്ങുമെന്ന ബോധ്യമുള്ളതിനാലാണ് സമവായത്തിന് നേതൃത്വം ഒരുങ്ങുന്നത്. കെപിസിസി പ്രസിഡന്റ് ഇല്ലാത്തതും മാതൃസംഘടനയായ കോൺഗ്രസ് വിവിധ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നതിനാലും മത്സരം വേണ്ടെന്ന നിലപാടിലാണ് നേതൃത്വം.

കോഴിക്കോട് സ്വദേശിയായ അഭിജിത്താണ് എ ഗ്രൂപ്പിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനാർത്ഥി. ഐ വിഭാഗം സ്ഥാനാർത്ഥിയായി കണ്ണൂർ സ്വദേശി വിപി അബ്ദുൽ റഷീദും മത്സരരംഗത്തുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോൽക്കുന്നയാൾക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക. എന്നാൽ സമവായത്തിലെത്തുന്ന സാഹചര്യത്തിൽ എ ഗ്രൂപ്പിന് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും ഐ ഗ്രൂപ്പിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിക്കും.

തെരഞ്ഞെടുപ്പ് നടന്നാൽ കെ സുധാകരന്റെ അടുത്ത അനുയായി കൂടിയായ ഐ ഗ്രൂപ്പ് സ്ഥാനാർത്ഥി അബ്ദുൾറഷീദ് ജയിക്കുമെന്ന പ്രതീക്ഷ ഐ ഗ്രൂപ്പിന് ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സമവായത്തിന് തയ്യാറാകാൻ തന്നെയാണ് സാധ്യത.വിവിധ ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പലയിടങ്ങളിലും ഗ്രൂപ്പുകൾക്കുള്ളിൽ തന്നെ കടുത്ത പോര് നിലനിൽക്കുന്നുണ്ട്.

കണ്ണൂരിൽ സുധാകര വിഭാഗം ജില്ലാ പ്രസിഡന്റ് സ്ഥാനാർത്ഥിയായി കണ്ടുവച്ചിരുന്ന രാഹുലിനെ പിന്തള്ളി അതെ ഗ്രൂപ്പിൽ പെട്ട ഐബിൻ സ്ഥാനാർത്ഥിയായി എത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ ഐബിനെ ഫോണിൽ വിളിച്ച് രാഹുൽ വധഭീഷണി മുഴക്കിയ സാഹചര്യമുണ്ടായിരുന്നു. രാഹുലിനെ സസ്‌പെന്റ് ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നത് സുധാകര വിഭാഗത്തിന് കനത്ത ക്ഷീണമാണ് ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പ് തെരുവുയുദ്ധങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യം ഒഴിവാക്കി 'സൗഹൃദ മത്സരം' എന്ന സമവായത്തിലേക്കെത്താനാണ് ജില്ലകളിലും ഇപ്പോൾ നേതൃത്വം ശ്രമിക്കുന്നത്.