ഗണേഷ്കുമാറിനെ ഗതാ​ഗത മന്ത്രിയാക്കാൻ നീക്കം തകൃതി; എതിർപ്പുമായി ഒരു വിഭാ​ഗം തൊഴിലാളികൾ

​ഗണേഷിനെ മന്ത്രിയാക്കിയാൽ ​ഗതാ​ഗതവകുപ്പിനോ നഷ്ടത്തിന്റെ പടുകുഴിയിലൂടെ ഓടുന്ന കെഎസ്ആർസിക്കോ യാതൊരു വിധ ​ഗുണവും ഉണ്ടാകില്ലെന്നാണ് തൊഴിലാളികളിൽ ഒരു വിഭാ​ഗത്തിന്റെ നിലപാട്.

ഗണേഷ്കുമാറിനെ ഗതാ​ഗത മന്ത്രിയാക്കാൻ നീക്കം തകൃതി; എതിർപ്പുമായി ഒരു വിഭാ​ഗം തൊഴിലാളികൾ

ഫോൺ കെണി വിവാദത്തിൽപ്പെട്ട് എ കെ ശശീന്ദ്രനും കായൽ കൈയേറ്റ വിവാദത്തിൽപ്പെട്ട് തോമസ് ചാണ്ടിയും രാജിവച്ചതോടെ കാലിയായ ​ഗതാ​ഗ​തമന്ത്രിക്കസേരയിൽ മുൻ മന്ത്രി ​ഗണേഷ്കുമാറിനെ പ്രതിഷ്ഠിക്കാനുള്ള നീക്കം തകൃതി. സർക്കാർ തലത്തിൽ ഇതിനുള്ള ചർച്ചകൾ നടക്കുന്നതായാണ് വിവരം. ആർ ബാലകൃഷ്ണപിള്ളയെ മുന്നാക്ക കോർപറേഷൻ ചെയർമാനാക്കിയ എൽഡിഎഫ് സർക്കാർ, അദ്ദേഹത്തിന്റെ മകനും പത്തനാപുരം എംഎൽഎഎയുമായ ​ഗണേഷ്കുമാറിനെ മന്ത്രിയാക്കാൻ ശ്രമിക്കുന്നതിൽ മുന്നണിയിൽ തന്നെ മുറുമുറുപ്പ് ശക്തമാണ്.

​ഗണേഷിനെ മന്ത്രിയാക്കിയാൽ ​ഗതാ​ഗതവകുപ്പിനോ നഷ്ടത്തിന്റെ പടുകുഴിയിലൂടെ ഓടുന്ന കെഎസ്ആർസിക്കോ യാതൊരു വിധ ​ഗുണവും ഉണ്ടാകില്ലെന്നാണ് തൊഴിലാളികളിൽ ഒരു വിഭാ​ഗത്തിന്റെ നിലപാട്. ശരണ്യ എന്ന പേരിൽ സ്വകാര്യ ബസ് സർവീസ് സ്വന്തമായുള്ള ​ഗണേഷ്കുമാർ ഒരു പൊതു​ഗതാ​ഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയായാൽ അതൊരിക്കലും കെഎസ്ആർടിക്ക് ​ഗുണകരമാവില്ലെന്ന് ഉറപ്പാണെന്നാണ് അവരുടെ പക്ഷം.

​ഗണേഷ്കുമാറിനെ ഉടൻ തന്നെ മന്ത്രിയാക്കാനാണ് സർക്കാർ ഒരുങ്ങുന്നതെന്നും ഇതിനുള്ള ചർച്ചകളൊക്കെ പൊടിപൊടിക്കുന്നതായും പേരു വെളിപ്പെടുത്താൻ തയ്യാറല്ലാത്ത ഇടത് തൊഴിലാളി സംഘടനയുടെ ദേശീയ നേതാവ് നാരദാ ന്യൂസിനോടു പറഞ്ഞു. കെഎസ്ആർടിസി തൊഴിലാളികളുടെ വിഷമം അറിയുന്നവർക്കു മാത്രമേ ഇത്തരം സ്ഥാനങ്ങൾ നൽകാൻ പാടുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ​ഗതാ​ഗത വകുപ്പ് ഏതെങ്കിലും സിപിഐഎം-സിപിഐ മന്ത്രിമാർക്കാണ് കൊടുക്കേണ്ടത്. എങ്കിലേ വകുപ്പ് രക്ഷപെടൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ​ഗണേഷിനെ മന്ത്രിയാക്കിയാൽ വകുപ്പ് രക്ഷപെടുമോ എന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ ആദ്യകാലം ​ഗതാ​ഗത മന്ത്രിയായിരുന്ന ​ഗണേഷ്കുമാർ, തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഭാര്യ യാമിനി തങ്കച്ചി പരാതി നൽകിയതിനെത്തുടർന്ന് 2013 ഏപ്രിൽ ഒന്നിന് രാജിവയ്ക്കുകയായിരുന്നു. 2015 വരെ യുഡിഎഫിലായിരുന്ന കേരളാ കോൺ​ഗ്രസ് ബി പിന്നീട് എൽഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു. തുടർന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി പത്തനാപുരം മണ്ഡലത്തിൽ നിന്ന് ​ഗണേഷ്കുമാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പിണറായി മന്ത്രിസഭയിൽ സ്ഥാനം കിട്ടിയിരുന്നില്ല. മന്ത്രിയായിരുന്ന സമയത്ത് ​ഗണേഷ്കുമാർ കെഎസ്ആർടിയിസിയിൽ നടത്തിയ ചില തു​ഗ്ലക്ക് പരിഷ്കാരങ്ങൾ വിമർശിക്കപ്പെട്ടിരുന്നു.

അതേസമയം, നിലവിൽ എൻസിപി കൈകാര്യം ചെയ്യുന്ന ​ഗതാ​ഗത വകുപ്പിൽ തോമസ് ചാണ്ടിയുടെ അഭാവത്തിൽ ഒഴിഞ്ഞുകിടക്കുകയാണ്. ഫോൺ കെണി വിവാദത്തിൽ രാജി വച്ച എ കെ ശശീന്ദ്രൻ കുറ്റവിമുക്തനായാൽ അദ്ദേഹത്തെ ഈ സ്ഥാനത്ത് തിരികെ കൊണ്ടുവരണമെന്നാണ് എൻസിപി നിലപാട്. എന്നാൽ ​ഗണേഷ്കുമാറിനെ മന്ത്രിയാക്കാനുള്ള നീക്കത്തോട് എൻസിപിക്കും കടുത്ത വിയോജിപ്പുണ്ട്. ശശീന്ദ്രൻ കുറ്റവിമുക്തനാകുന്നതു വരെ കാത്തിരുന്നാൽ വകുപ്പിന് നാഥനില്ലാതെ പോവും എന്ന ആക്ഷേപവും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ഇപ്പോൾ ​ഗണേഷിന് ​ഗതാ​ഗതവകുപ്പ് നൽകി പിന്നീട് ആവശ്യം വന്നാൽ മറ്റെന്തെങ്കിലും ക്യാബിനറ്റ് റാങ്ക് നൽകി ശശീന്ദ്രനേയും എൻസിപിയേയും സമാധാനിപ്പിക്കാം എന്ന നിലപാടാണ് സർക്കാരിനുള്ളതെന്നാണ് സൂചന.

Read More >>