ആറ്റുനോറ്റിരുന്ന എൽഡിഎഫ് പ്രവേശനം സാധ്യമായി; ഐഎൻഎൽ ഉൾപ്പെടെ നാല് പാർട്ടികളെ ചേർത്ത് മുന്നണി വിപുലീകരിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ഇപ്പോഴത്തെ മുന്നണി വിപുലീകരണം.

ആറ്റുനോറ്റിരുന്ന എൽഡിഎഫ് പ്രവേശനം സാധ്യമായി; ഐഎൻഎൽ ഉൾപ്പെടെ നാല് പാർട്ടികളെ ചേർത്ത് മുന്നണി വിപുലീകരിച്ചു

അനിശ്ചിതത്വങ്ങൾക്കും കക്ഷികളുടെ വർഷങ്ങളുടെ കാത്തിരിപ്പുകൾക്കും ഒടുവിൽ എൽഡിഎഫ് വിപുലീകരിച്ചു. പുറത്തുനിന്ന് പിന്തുണച്ച നാലു പാർട്ടികളെ കൂടി ഉൾപ്പെടുത്തിയാണ് വിപുലീകരണം. ​24 വ​ർ​ഷ​മാ​യി മു​ന്ന​ണി​ പ്രവേശനം കാത്തിരിക്കുയായിരുന്ന ഐഎൻഎൽ, ബാലകൃഷ്​ണപിള്ളയുടെ കേ​ര​ള കോ​ൺ​ഗ്ര​സ്​ (ബി), ​ലോ​ക്​ താ​ന്ത്രി​ക്​ ജ​ന​താ​ദ​ൾ (എ​ൽജെഡി), കേരള കോൺഗ്രസിൽ നിന്ന്​ ഫ്രാൻസിസ്​ ജോർജിന്റെ നേതൃത്വത്തിൽ പിളർന്ന ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് എന്നീ പാർട്ടികളെയാണ്​ മുന്നണിയിൽ എടുത്തത്​. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ഇപ്പോഴത്തെ മുന്നണി വിപുലീകരണം.

മുന്നണി വിപുലീകരണത്തിന് എൽഡിഎഫ് യോ​ഗം അം​ഗീകാരം നൽകി. കാൽനൂറ്റാണ്ടായി എൽഡിഎഫിനെ പിന്തുണച്ച് മുന്നണി പ്രവേശനത്തിനായി കാത്തിരുന്ന ഐഎൻഎലിന് ഇതൊരു ആശ്വാസമാണ്. ഇത്രയും കാലം എൽഡിഎഫുമായി സഹകരിച്ചു കഴിഞ്ഞിട്ടും ഐഎൻഎലിന് മുന്നണിയിൽ പ്രവേശനം നൽകാത്തതിനെതിരെ മുറുമുറുപ്പുകൾ രൂക്ഷമായിരുന്നു. നിരവധി തവണ മുന്നണി പ്രവേശനം എന്ന ആവശ്യം അവർ മുന്നോട്ടുവച്ചിരുന്നെങ്കിലും അം​ഗീകാരം നൽകാൻ എൽഡിഎഫ് തയ്യാറായിരുന്നില്ല.

യുഡിഎഫ് വിട്ട് എൽഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച എം പി വിരേന്ദ്രകുമാറിന്റെ പാർട്ടിയാണ് ലോക് താന്ത്രിക് ജനതാദൾ. 2009ൽ വടകര ലോക്സഭാ സീറ്റിന്‍റെ പേരിൽ സിപിഐഎമ്മുമായി പിണങ്ങി മുന്നണിവിട്ട വീരേന്ദ്രകുമാറാണ് ഇടക്കാലത്തിനു ശേഷം പുതിയ പാർട്ടിയുമായി തിരിച്ചെത്തുന്നത്. മുന്നണി വിട്ടതോടെ പാർട്ടി പിളരുകയും ചെയ്തിരുന്നു. മുന്നണി വിട്ടതോടെ വീരേന്ദ്രകുമാർ വിഭാഗം എച്ച് ഡി ദേവഗൗഡയുടെ പാർട്ടിയായ ജെഡിഎസിൽ നിന്നും പിരിഞ്ഞ് നിതീഷ് കുമാറിന്‍റെ പാർട്ടിയായ ജെഡിയുവിൽ ചേരുകയും കേരളത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കുകയുമായിരുന്നു.

പിന്നീട് നിതീഷ് എൻഡിഎയുമായി സഹകരിക്കാൻ തീരുമാനിച്ചതോടെ ശരത് യാദവ് പാർട്ടി പിളർത്തി ലോക്താന്ത്രിക് ജനതാദൾ രൂപികരിച്ചപ്പോൾ കേരളത്തിലെ വീരേന്ദ്രകുമാർ വിഭാഗവും അവർക്കൊപ്പം ചേർന്നു. തുടർന്ന് കേരളത്തിൽ യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കുകയും എൽഡിഎഫിന് വീണ്ടും പിന്തുണ നൽകാൻ തീരുമാനിക്കുകയുമായിരുന്നു. ഇടയ്ക്ക് എൻസിപിയുമായി ലയിച്ച് കേരള കോണ്‍ഗ്രസ്-ബി മുന്നണിയുടെ ഭാഗമാകുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ചർച്ചകൾ വിജയിച്ചില്ല. ഇതിനിടെയാണ് ബാലകൃഷ്ണപിള്ളയുടെ പാർട്ടിയെ എൽഡിഎഫ് സ്വീകരിച്ചത്.

കേരള കോണ്‍ഗ്രസ്-എമ്മുമായി പിണങ്ങിയിറങ്ങിയ ഫ്രാൻസിസ് ജോർജ് വിഭാഗം നേതാക്കൾ രൂപീകരിച്ച പാർട്ടിയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ഫ്രാൻസിസ് ജോർജ് ചെയർമാനായ പാർട്ടിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ എൽഡിഎഫ് നൽകിയെങ്കിലും ഒരിടത്തും ജയിച്ചിരുന്നില്ല. കേരള കോണ്‍ഗ്രസ്-ബിയുമായി ജനാധിപത്യ കേരള കോണ്‍ഗ്രസും ഒരുവട്ടം ലയന ചർച്ച നടത്തിയിരുന്നു. ഇതും മുന്നോട്ടുപോയില്ല. അതിനിടെയാണ് എൽഡിഎഫ് പ്രവേശനം സാധ്യമായത്.