സി എച്ചിന്റെ മുഖ്യമന്ത്രി പദത്തിന് നാല് പതിറ്റാണ്ട്: അടുത്ത യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടാൻ ലീഗ്; ഉപതെരഞ്ഞെടുപ്പുകൾ നിർണായകമാകും

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ജയിച്ച വയനാട് ഉൾപ്പെടെയുള്ള വടക്കൻ കേരളത്തിൽ യുഡിഎഫിന്റ പ്രധാന വിജയ ശില്പി മുസ്ലിം ലീഗ് ആയിരുന്നു.

സി എച്ചിന്റെ മുഖ്യമന്ത്രി പദത്തിന് നാല് പതിറ്റാണ്ട്: അടുത്ത യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടാൻ ലീഗ്; ഉപതെരഞ്ഞെടുപ്പുകൾ നിർണായകമാകും

മുസ്ലിം ലീഗിന്റെ ആദ്യ മുഖ്യമന്ത്രിയായി സിഎച്ച് മുഹമ്മദ് കോയ സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയിട്ട് നാല് പതിറ്റാണ്ട് തികയുന്നു. 1979 ഒക്ടോബർ പന്ത്രണ്ടാം തീയതിയാണ് സിഎച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി പദത്തിലേറിയത്. അതേ വർഷം ഡിസംബർ ഒന്നാം തീയതി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയെങ്കിലും മുസ്ലിം ലീഗിന്റെ ഏറ്റവും അഭിമാനകരമായ കാലഘട്ടമായാണ് പാർട്ടി ഈ ദിവസങ്ങളെ സ്മരിക്കുന്നത്. ഓർമകൾക്ക് നാല് പതിറ്റാണ്ട് പൂർത്തിയാകുമ്പോൾ മുഖ്യമന്ത്രി പദം വേണമെന്ന ലീഗിന്റെ ആവശ്യത്തിന് യുഡിഎഫിൽ കൂടുതൽ ശക്തിയേറുകയാണ്. കെഎം മാണിയുടെ കേരളാ കോൺഗ്രസ്സുകൂടി എന്നന്നേക്കുമായി അസ്തമിച്ചു കഴിഞ്ഞതോടെ മുന്നണിയിൽ ശക്തമായ സാന്നിധ്യമായിരിക്കുകയാണ് ലീഗ്.

ഐക്യ ജനാധിപത്യ മുന്നണിയിൽ ഒന്നാമനായ കോൺഗ്രസ്സിന് നിലവിൽ 19 എംഎൽഎമാരാണ് ഉള്ളത്. മുസ്ലിം ലീഗിനാകട്ടെ 17ഉം. അതുകൊണ്ടുതന്നെ നടക്കാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകൾ ലീഗിന്റെ അടുത്ത മുഖ്യമന്ത്രി പദമെന്ന ആഗ്രഹത്തിന്റെ ചവിട്ടുപടിയായി മാറിയേക്കാം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ്സ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളിൽ പരാജയപ്പെടുകയും മഞ്ചേശ്വരത്ത് ലീഗ് വിജയിക്കുകയും ചെയ്‌താൽ ഇപ്പോഴത്തെ കോൺഗ്രസ്സ് - ലീഗ് സീറ്റ് നില 19 - 18 എന്ന നിലയിലേക്ക് മാറും. പ്രതിപക്ഷ നേതാവ് സ്ഥാനം ലീഗ് ആവശ്യപ്പെട്ടാൽ നൽകേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ്സ് ചുരുങ്ങും.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ജയിച്ച വയനാട് ഉൾപ്പെടെയുള്ള വടക്കൻ കേരളത്തിൽ യുഡിഎഫിന്റ പ്രധാന വിജയ ശില്പി മുസ്ലിം ലീഗ് ആയിരുന്നു. കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് വേണ്ടി കോൺഗ്രസ്സുകാർ പോലും പ്രചാരണത്തിനിറങ്ങാത്ത ഇടങ്ങളിലും മുസ്ലിം ലീഗ് ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് നടത്തിയത്. ഇക്കാര്യങ്ങൾ കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വം പോലും സമ്മതിച്ചുകഴിഞ്ഞതാണ് കഴിഞ്ഞ പ്രളയ ദുരിതാശ്വാസമുൾപ്പെടെ നിരവധി ജനകീയ വിഷയങ്ങളിൽ ഗ്രൗണ്ട് തലത്തിൽ കോൺഗ്രസ്സിനേക്കാൾ ആസൂത്രിതവും ജനകീയവുമായ പ്രവർത്തനങ്ങൾ നടത്തി ലീഗ് യുഡിഎഫിലെ അടിത്തറ വിപുലീകരിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മലബാറിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ അവകാശപ്പെടാനുള്ള നീക്കത്തിലാണ്.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഉപമുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട മുസ്ലിം ലീഗിന് ഒടുക്കം അഞ്ചാം മന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. രാഷ്ട്രീയപരമായ നിരവധി കാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും സീറ്റുകളുടെ എണ്ണം കൊണ്ടും രാഷ്ട്രീയ ബലം കൊണ്ടും തതുല്യരായ മാണിയുടെ സാന്നിധ്യം ഇതിനു ഒരു പ്രധാന കാരണമായിരുന്നു. എന്നാൽ കേരളാ കോണ്ഗ്രസ് മാണി വിഭാഗം കെഎം മാണിയുടെ മരണത്തോടെ എന്നന്നേക്കുമായി ദുര്ബലരായതോടെ മുന്നണിയിൽ ലീഗിന് പ്രതിയോഗികളില്ലാതായി. ദേശീയ തലത്തിൽ അനുദിനം ദുർബലരാകുന്ന കോൺഗ്രസ്സിന് കേരളത്തിലെങ്കിലും ഭരണം നിലർത്താൻ മുസ്ലിം ലീഗ് ആവശ്യപ്പെടുന്ന സ്ഥാനം കൊടുക്കേണ്ടുന്ന അവസ്ഥയിലാണ്.

യുഡിഎഫിന് അപ്പുറത്ത് ഇടതു മുന്നണിയിലും മുസ്ലിം ലീഗിന് സ്ഥാനമുണ്ടെന്ന് കോൺഗ്രസ്സിനെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും ലീഗ് തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ സിഎച്ച് അനുസ്മരണദിനത്തിൽ ഡൽഹി കെഎംസിസി സംഘടിപ്പിച്ച പരിപാടിയിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ക്ഷണിച്ചത് എന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ക്ഷണം സ്വീകരിച്ച് വേദിയിലെത്തിയ സീതാറാം യെച്ചൂരി ലീഗിനോട് തൊട്ടുകൂടായ്മയില്ല എന്ന സന്ദേശവും നൽകിയിരുന്നു. യുഡിഎഫിനകത്ത് കോൺഗ്രസ്സിനപ്പുറത്തേക്ക് വളരുന്ന മുസ്ലിം ലീഗിന്റെ ദിനങ്ങളാണ് വരാനിരിക്കുന്നത് എന്ന സൂചനയാണ് പല രാഷ്ട്രീയ നിരീക്ഷകരും നൽകുന്നത്.

Read More >>