എറണാകുളം ലോക്സഭാ സീറ്റില്‍ എല്‍ഡിഎഫ് പ്രതീക്ഷയായി അഡ്വ.യേശുദാസ് പറപ്പള്ളി

കോണ്ഗ്രസിന്റെ ഉറച്ച മണ്ഡലം എന്ന് പരക്കെ വിശ്വസിക്കപ്പെടുമ്പോഴും, രണ്ടു തവണ എല്‍.ഡി.എഫിനൊപ്പം നിന്ന മണ്ഡലമാണ് എറണാകുളം. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ജനപ്രതിനിധിയാകുന്നതും പറവൂർ ബ്ലോക്ക്‌ ഡിവിഷനിലും അഡ്വ.പറപ്പള്ളി എൽ.ഡിഎഫ് പാനലിൽ വിജയിച്ചു കയറിയത് കോൺഗ്രസിന്റെ ഉറച്ച സീറ്റുകളിൽ പിടിച്ചെടുത്താണ്.

എറണാകുളം ലോക്സഭാ സീറ്റില്‍ എല്‍ഡിഎഫ് പ്രതീക്ഷയായി അഡ്വ.യേശുദാസ് പറപ്പള്ളി

സിറ്റിംഗ് എം.പിമാര്‍ക്ക് പരിഗണന ലഭിക്കുമെന്ന വിശ്വാസത്തില്‍ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ പ്രൊഫ.കെ.വി.തോമസ്‌ താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതിനെതിരെ കോണ്ഗ്രസ് യുവജനവിഭാഗം ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ശരിയായ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലൂടെ യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാം എന്ന കരുനീക്കത്തിലാണ് എല്‍ഡിഎഫ്. ഇതിനായി നവമുഖങ്ങള്‍ക്കും യുവജനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുമെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നതും അതാണ്‌.

ഈ നിരയിലേക്ക് സി.പി.എം സജീവമായി പരിഗണിക്കുന്ന പേരാണ് അഡ്വ. യേശുദാസ് പറപ്പള്ളി. നിലവില്‍ പറവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് അധ്യക്ഷനാണ് അഡ്വ. പറപ്പള്ളി. എറണാകുളം, പറവൂര്‍,കളമശ്ശേരി ഡിവിഷനുകളെ പ്രതിനിധീകരിച്ചു എറണാകുളം ജില്ലാ പഞ്ചായത്തംഗം കൂടിയായിരുന്ന ഇദ്ദേഹം മണ്ഡലത്തില്‍ സുപരിചിതനായ വ്യക്തിയാണ്. ഹൈക്കോര്‍ട്ടില്‍ പ്രാക്ടീസ് ചെയ്ത അനുഭവസമ്പത്തും അഡ്വ. യേശുദാസ് പറപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വത്തിന് ആക്കം കൂട്ടുന്നു.ലത്തീന്‍ കത്തോലിക്കാ വിശ്വാസികള്‍ 'ജയം' തീരുമാനിക്കുന്ന മണ്ഡലത്തില്‍, അഡ്വ. യേശുദാസ്‌ പറപ്പള്ളിയോളം അനുയോജ്യമായ മറ്റൊരു പേര് എല്‍.ഡി.എഫ് പാളയത്തില്‍ നിന്നും വേറെ ഉയര്‍ന്നുവന്നിട്ടില്ല.

കേരളാ ലത്തീന്‍ കത്തോലിക്കാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ് പറപ്പള്ളി. കൂനന്മാവ് സെന്റ്‌ ഫിലോമിനാസ് ഇടവകാംഗമായ ഇദ്ദേഹം സഭയുമായി നല്ല ബന്ധം സൂക്ഷിക്കുന്നതും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനു ഇദ്ദേഹത്തിന്റെ പേര് പരിഗണിക്കുന്നതിന് മുന്‍‌തൂക്കം നല്‍കി. വരാപ്പുഴ അതിരൂപതയുടെ രാഷ്ട്രീയകാര്യ സിനഡ് അംഗമായ ഇദ്ദേഹം ലേറ്റി കമ്മീഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. കൂടാതെ, ആലങ്ങാട് മത്സ്യതൊഴിലാളി യൂണിയന്‍ പ്രസിഡന്റ്‌, കേരളാ കണ്‍സ്ട്രക്ഷന്‍ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്‌, കൂനന്മാവ് കാര്‍ഷികവികസന സഹകരണസംഘം പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവര്‍ത്തിച്ച അനുഭവ പരിചയം ഇദ്ദേഹത്തിനു മുതല്‍കൂട്ടായി.

അഞ്ച് തവണ എറണാകുളം നിയോജകമണ്ഡലത്തിനെ ലോക്സഭയില്‍ പ്രതിനിധീകരിച്ച കെ.വി.തോമസിന് ഇത്തവണ കാര്യങ്ങള്‍ ശുഭാകരമാകില്ല എന്നാണ് പൊതുവായ വിലയിരുത്തല്‍. കോണ്ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ അടിയൊഴുക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ബുദ്ധിപ്പൂര്‍വ്വമായ നീക്കത്തിലൂടെ മണ്ഡലം പിടിച്ചെടുക്കാം എന്ന് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നു. 1996 ല്‍ പ്രൊഫ. കെ.വി. തോമസിനെ തറ പറ്റിച്ച എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി സേവ്യര്‍ അറയ്ക്കലിന്റെ വിജയം ആവര്‍ത്തിക്കാന്‍ അഡ്വ. പറപ്പള്ളിയിലൂടെ കഴിയും എന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവായ വിലയിരുത്തല്‍.

കോണ്ഗ്രസിന്റെ ഉറച്ച മണ്ഡലം എന്ന് പരക്കെ വിശ്വസിക്കപ്പെടുമ്പോഴും, രണ്ടു തവണ എല്‍.ഡി.എഫിനൊപ്പം നിന്ന മണ്ഡലമാണ് എറണാകുളം. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ജനപ്രതിനിധിയാകുന്നതും പറവൂർ ബ്ലോക്ക്‌ ഡിവിഷനിലും അഡ്വ.പറപ്പള്ളി എൽ.ഡിഎഫ് പാനലിൽ വിജയിച്ചു കയറിയത് കോൺഗ്രസിന്റെ ഉറച്ച സീറ്റുകളിൽ പിടിച്ചെടുത്താണ്.

ലത്തീൻ കത്തോലിക്കാ സഭയ്ക്കും കെ.വി.തോമസിന്റെ സ്ഥാനാർഥിത്വത്തേക്കാൾ പ്രിയം അഡ്വ. യേശുദാസ് പറപ്പള്ളിയോടാണ് എന്നും സൂചനകളുണ്ട്. രാഷ്ട്രീയ-മത-സാമൂഹിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായ 43 കാരനായ അഡ്വ. യേശുദാസ് പറപ്പള്ളിക്ക് ഹിന്ദി ഭാഷയിലുള്ള അറിവും ലോക്സഭാ സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിക്കാന്‍ എല്‍.ഡി.എഫിന് പ്രേരണയാണ്. ദക്ഷിണഭാരത ഹിന്ദി പ്രചാരക് സഭാംഗമാണ് ഇദ്ദേഹം. എല്‍ഡിഎഫിന്റെ ജില്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ മുഖ്യസ്ഥാനം വഹിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളും അഡ്വ. പറപ്പള്ളിക്ക് പാര്‍ട്ടിക്കുള്ളില്‍ നല്ല ഇമേജ് സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

ഒരു നിർധന കര്‍ഷകകുടുംബത്തില്‍ നിന്നുമുള്ള ഇദ്ദേഹം അവിവാഹിതനാണ്. ആലുവ കൂനന്മാവില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന അഡ്വ. പറപ്പള്ളിക്ക് എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ചെങ്കൊടി പാറിക്കാന്‍ കഴിയും എന്ന് എല്‍.ഡി.എഫ് വൃത്തങ്ങള്‍ കരുതുന്നു. വാഗ്ദാനം ചെയ്യപ്പെട്ട പോലെ അര്‍ഹരായ പുതുമുഖങ്ങള്‍ക്ക് എല്‍.ഡി.എഫ് സീറ്റ് നല്‍കുമെങ്കില്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും ആ പട്ടികയില്‍ അഡ്വ. യേശുദാസ് പറപ്പള്ളിയുടെ പേരാകും ഉണ്ടാവുക

Read More >>