വ്യാജപ്രചരണം നടത്തിയതിനു കുമ്മനത്തിനു പിന്നാലെ ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ എംപിയ്‌ക്കെതിരെയും ഡിവൈഎഫ്‌ഐയുടെ പരാതി

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഹര്‍ത്താലില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ആംബുലന്‍സ് തകര്‍ത്തിരുന്നു. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരിയടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് ആക്രമണമെന്നു സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ മാര്‍ക്‌സിസ്റ്റുകാരും മാവോയിസ്റ്റുകളുമാണ് ആക്രമണം നടത്തിയതെന്ന പ്രചരണമാണ് ആര്‍എസ്എസ് അനുകൂലികള്‍ ട്വിറ്ററില്‍ നടത്തിയത്. ഇത് രാജീവ് ചന്ദ്രശേഖര്‍ എം പി റീട്വീറ്റ് ചെയ്തിരുന്നു.

വ്യാജപ്രചരണം നടത്തിയതിനു കുമ്മനത്തിനു പിന്നാലെ ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ എംപിയ്‌ക്കെതിരെയും ഡിവൈഎഫ്‌ഐയുടെ പരാതി

പയ്യന്നൂര്‍ രാമന്തളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നു കാട്ടി ഏഷ്യാനെറ്റ് ഉടമയും സംസ്ഥാന എന്‍ഡിഎ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ എംപിയ്‌ക്കെതിരെ പരാതി. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി കെ സനോജാണ് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നല്‍കിയത്.

കൊലപാതകവുമായി ബന്ധപ്പെട്ടു നടന്ന ഹര്‍ത്താലില്‍ പരിയാരം മെഡിക്കല്‍ കോളേജിനും ആംബുലന്‍സിനും നേരെ ആര്‍എസ്എസ് ആക്രമണം നടത്തിയിരുന്നു. ഇത് മാര്‍ക്‌സിസ്റ്റുകാരും മാവോയിസ്റ്റുകളും ചെയ്തതാണെന്ന് ട്വിറ്ററില്‍ പ്രചാരണം നടത്തിയെന്നാണു പരാതി.

ജയകൃഷ്ണന്‍ @savarkar5200 എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നു വന്ന പോസ്റ്റാണ് രാജീവ് ചന്ദ്രശേഖര്‍ റീട്വീറ്റ് ചെയ്തത്. കൊല്ലപ്പെട്ട ബിജുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സിനു നേരെ സംസ്‌കാരത്തിനു മുമ്പ് മാര്‍കിസ്റ്റുകളും മാവോയിസ്റ്റുകളും ആക്രമണം നടത്തിയെന്നാണ് ട്വീറ്റ്.


ഏഷ്യാനെറ്റ് എന്ന ദൃശ്യമാദ്ധ്യമത്തിന്റെ തലവനായ രാജീവ് ചന്ദ്രശേഖര്‍ സമൂഹത്തിലെ സൗഹൃദാന്തരീക്ഷം തകര്‍ത്ത് വൈരാഗ്യം വളര്‍ത്തി സിപിഐഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 153എ പ്രകാരമുള്ള ശിക്ഷാര്‍ഹമായ കുറ്റം ചെയ്തിരിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഹര്‍ത്താല്‍ ദിവസം ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ആക്രമണമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. ട്വിറ്റര്‍ പ്രചരണം കളവാണെന്നു തെളിഞ്ഞതോടെ ജയകൃഷ്ണന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.